You are Here : Home / USA News

അനുമോദന സമ്മേളനവും, ദൗത്യ ആവിഷ്‌കാരവും- മാര്‍ തിയോഡോഷ്യസ്‌

Text Size  

Story Dated: Saturday, December 13, 2014 11:34 hrs UTC

- അലന്‍ ചെന്നിത്തല

 

ന്യൂയോര്‍ക്ക്‌: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പയുടെ സ്ഥാനാരോഹണ രജതജൂബിലി ആഘോഷം ന്യൂയോര്‍ക്ക്‌ എപ്പിഫനി മാര്‍ത്തോമാ പള്ളിയില്‍ വെച്ച്‌ ഡിസംബര്‍ ഒമ്പതാം തീയതി ചൊവ്വാഴ്‌ച രാവിസെ 9 മണി മുതല്‍ നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ അഭിവന്ദ്യ തിരുമേനി നേതൃത്വം നല്‍കി. ഭദാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും 25 വൈദീകരും വിശ്വാസി സമൂഹവും ആരാധനയില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന അനുമോദന സമ്മേളനത്തിന്‌ ഭദ്രാസന സെക്രട്ടറി റവ. ബിനോയി ജെ. തോമസ്‌ അച്ചന്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ. ഷിബു മാത്യു സ്വാഗതം ആശംസിച്ചു. റവ. സാം ടി. പണിക്കര്‍, റവ. ഷാജി എം.ഇ, ശാമുവേല്‍ കെ. ശാമുവേല്‍, ജോണ്‍ കെ. തോമസ്‌ എന്നിവര്‍ അഭിവന്ദ്യ തിരുമേനിക്ക്‌ ആശംസകള്‍ നേര്‍ന്നു.

 

തുടര്‍ന്ന്‌ തിരുമേനി തന്റെ മറുപടി പ്രസംഗത്തില്‍ ആശംസകള്‍ക്ക്‌ നന്ദി നേരുകയും, ദൈവ സന്നിധിയില്‍ തന്നെ കൂടുതല്‍ വിനയപ്പെടുത്തുന്നതിന്‌ ഇത്‌ സഹായിക്കുന്നതായി പ്രസ്‌താവിക്കുകയും ചെയ്‌തു. സഭയുടെ മേല്‍പ്പട്ടത്വ ശുശ്രൂഷയില്‍ അഭവന്ദ്യരായ ഗീവര്‍ഗീസ്‌ മാര്‍ അത്തനാസിയോസ്‌, യുയാക്കീം മാര്‍ കൂറിലോസ്‌, എന്നിവരോടൊപ്പം ഈ ശുശ്രൂഷയില്‍ നിയോഗിതനായതിനെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്‌തു. തങ്ങള്‍ക്ക്‌ റമ്പാന്‍ പട്ടം നല്‍കിയത്‌ ഇപ്പോഴത്തെ മെത്രാപ്പോലീത്തയായ ഡോ. ജോസഫ്‌ മാര്‍ത്തോമാ തിരുമനസുകൊണ്ടാണെന്ന്‌ അനുസ്‌മരിക്കുകയും ചെയ്‌തു. സഭാ ശുശ്രൂഷയ്‌ക്കായി തന്നെ ഒരുക്കിയ മാതാപിതാക്കളോടും, ഗുരുശ്രേഷ്‌ഠരോടുമുള്ള കടപ്പാടും, അവരുടെ മാതൃകാപരമായ ജീവിതവും വിശ്വാസ പരിശീലനവും തിരുമേനി സ്‌മരിക്കുകയുണ്ടായി. താന്‍ ശുശ്രൂഷ ചെയ്യുന്ന മലങ്കര മാര്‍ത്തോമാ സഭയോടുള്ള വിധേയത്വവും, കാലാകാലങ്ങളില്‍ സഭയെ നയിച്ച അഭിവന്ദ്യ മേല്‍പ്പട്ടക്കാരുടെ ജീവിത ദര്‍ശനവും, ദീര്‍ഘവീക്ഷണവും ലാളിത്യവും എടുത്തു പറയുകയുണ്ടായി. തന്നെ സ്വാധീനിച്ച അഭിവന്ദ്യരായ യൂഹാനോന്‍ മെത്രാപ്പോലീത്ത, തോമസ്‌ മാര്‍ അത്തനാസിയോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്ത, ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത തുടങ്ങിയവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. വിവിധ ഭദ്രാസനങ്ങളിലെ ശുശ്രൂഷകള്‍ വ്യത്യസ്‌ത അനുഭവങ്ങള്‍ നല്‍കിയതായിരുന്നു. ഓരോ സ്ഥലത്തേയും സാധ്യതകളും വെല്ലുവിളികളും വ്യത്യസ്‌തമായിരുന്നു. അമേരിക്കന്‍ ഭദ്രാസനത്തിലെ കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ ശുശ്രൂഷാ അനുഭവങ്ങളും വെല്ലുവിളികളും എടുത്തു പറയുകയുണ്ടായി. ദൈവം സ്‌നേഹിക്കുകയും, നാം നിലനില്‍ക്കുകയും ചെയ്യുന്ന ഈ സഭയെക്കുറിച്ചുള്ള വിശാല ദര്‍ശനം നമുക്കുണ്ടാകേണ്ടതാണ്‌. സാങ്കേതികവിദ്യകള്‍ വളരുന്ന ലോകത്തില്‍ സമസൃഷ്‌ടങ്ങളെ മറന്നാല്‍ സഭയും വ്യക്തികളും അപ്രസക്തമാകുമെന്നതില്‍ സംശയമില്ല. ആനുകലിക വെല്ലുവിളികളെ അപഗ്രഥിച്ചാണ്‌ ദൈവം - സഭയ്‌ക്ക്‌ ലോകത്തില്‍ നല്‍കിയിരിക്കുന്ന ദൗത്യം തിരിച്ചറിഞ്ഞ്‌ മൂര്‍ത്തഭാവം നല്‍കേണ്ടത്‌ എന്ന്‌ പ്രസ്‌താവിക്കുകയുണ്ടായി. ദൈവരാജ്യ സമൂഹമായി നിലനിന്ന്‌ ഉന്നത സാക്ഷ്യം നിറവേറ്റുവാന്‍ സഭയെ ദൈവം സഹായിക്കട്ടെ എന്ന്‌ ആശംസിച്ചുകൊണ്ട്‌ തന്റെ മറുപടി പ്രസംഗം ഉപസംഗ്രഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. ബിനോയി ജെ. തോമസ്‌ അച്ചന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ ഏവരും സ്‌നേഹഭോജന കൂട്ടായ്‌മയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.