You are Here : Home / USA News

ഓസ്റ്റിനില്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 30, 2014 01:14 hrs UTC

ഓസ്റ്റിന്‍: ടെക്‌സസ്‌ തലസ്ഥാനമായ ഓസ്റ്റിനില്‍ ആദ്യത്തെ സീറോ മലബാര്‍ ഇടവക ഉദ്‌ഘാടനം ചെയ്യപ്പെടുകയും, ദേവാലയം കൂദാശ ചെയ്യപ്പെടുകയും ചെയ്‌തു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയിലെ 34-മത്‌ ഇടവകയായിട്ടാണ്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഈ ദേവാലയം കൂദാശ ചെയ്‌തത്‌. ഭക്തിസാന്ദ്രവും വര്‍ണ്ണാഭവുമായ തിരുകര്‍മ്മങ്ങളില്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ സഹകാര്‍മികനായിരുന്നു. രൂപതാ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, ഇടവക വികാരി ഫാ. ഡൊമിനിക്‌ പെരുനിലം, ഓസ്റ്റിന്‍ രൂപതയില്‍ നിന്നുള്ള വൈദീകര്‍, ഷിക്കാഗോ രൂപതയിലെ മറ്റ്‌ ഇടവകകളില്‍ നിന്നുള്ള വൈദീകര്‍, കന്യാസ്‌ത്രീകള്‍, വിശ്വാസികള്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഒരു വലിയ ജനാവലി തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

 

ദേവാലയ കൂദാശാ കര്‍മ്മത്തിനുശേഷം വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഭക്തിനിര്‍ഭരമായിരുന്നു. കര്‍ണ്ണാനന്ദകരമായ ചെണ്ടമേളം പ്രദക്ഷിണത്തിന്‌ അകമ്പടി സേവിച്ചു. വി. അല്‍ഫോന്‍സാമ്മയുടെ നാമത്തിലുള്ള ഓസ്റ്റിനിലെ ഈ കത്തോലിക്കാ സമൂഹം 2001 മുതല്‍ ഇവിടെ സജീവമായിരുന്നു. ഓസ്റ്റിന്‍ രൂപതയിലെ വിവിധ ഇടവകകളില്‍ വി. കുര്‍ബാനയും, മതപഠന ക്ലാസുകളും നടത്തിവന്നിരുന്ന ഈ മിഷന്‍സമൂഹത്തിന്‌ സ്വന്തമായി ഒരു ദേവാലയവും അനുബന്ധ സൗകര്യങ്ങളും നേടിയെടുക്കാനുള്ള നിരന്തര പരിശ്രമമാണ്‌ ഇപ്പോള്‍ സഫലമായിരിക്കുന്നത്‌. എണ്‍പതില്‍പ്പരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഈ ഇടവക സ്ഥാപനവും ദേവലയവും ആക്കംകൂട്ടിയിരിക്കുകയാണ്‌. മേഴ്‌സി ഓഫ്‌ ഗോഡ്‌ പ്രെയര്‍ സെന്ററിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 23 ഏക്കര്‍ സ്ഥലവും, പള്ളി ഉള്‍പ്പടെയുള്ള അനുബന്ധ കെട്ടിടങ്ങളും കഴിഞ്ഞ ഓഗസ്റ്റില്‍ സ്വന്തമാക്കിയതോടെയാണ്‌ പുതിയ ഇടവകയും, ദേവാലയ കൂദാശയ്‌ക്കും കളമൊരുങ്ങിയത്‌. ഇടവക ട്രസ്റ്റിമാരായ റോയി കുര്യന്‍, ബെനോ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചടങ്ങുകളുടെ വിജയത്തിനായി അനേക മാസങ്ങളായി ശ്രമത്തിലായിരുന്നു.

 

 

അനൂപ്‌ ജോസഫ്‌, ലിജോയി ജേക്കബ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവാലയ നവോത്ഥാന കമ്മിറ്റി പള്ളിയും പരിസരവും അതിമനോഹരമാക്കാന്‍ അഹോരാത്രം പരിശ്രമിച്ചു. ഇതര പള്ളി കമ്മിറ്റി അംഗങ്ങളായ സി.ജെ. പോള്‍, അനില്‍ തോമസ്‌, സണ്ണി തോമസ്‌, മിനി തോമസ്‌, ആരതി റോഷന്‍, ജോസഫ്‌ മാത്യു, ജെഫി ഡൊമിനിക്‌, സജിമോന്‍ ലൂക്കോസ്‌ എന്നിവരും നേതൃനിരയിലുണ്ടായിരുന്നു. തയാറാക്കിയത്‌: ഫാ. ഡൊമിനിക്‌ പെരുനിലം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.