You are Here : Home / USA News

ഉഴവൂര്‍ സംഗമം ഹ്യൂസ്റ്റണില്‍ വന്‍ വിജയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 23, 2013 03:03 hrs UTC

ഹൂസ്റ്റണ്‍: ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷം ഹ്യൂസ്റ്റണില്‍ നടത്തപ്പെട്ട `ഉഴവൂര്‍ സംഗമം' മധുര സ്‌മരണകളാലും ഗൃഹാതുരത്വത്തിന്റെ വേലിയേറ്റത്താലും പരിചയങ്ങളും ബന്ധങ്ങളും പുതുക്കുന്നതിലുള്ള വ്യഗ്രതയാലും ആവേശകരമായി. ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെട്ട ഉഴവൂര്‍ സംഗമത്തിലേയ്‌ക്ക്‌ സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്‌ വിശാല ഉഴവൂര്‍ പ്രദേശങ്ങളില്‍ നിന്നും ഹ്യൂസ്റ്റണിലും പരിസരപ്രദേശങ്ങളിലും കുടിയേറിയവര്‍ നിശ്ചിത സമയത്തിന്‌ മുമ്പേ എത്തിത്തുടങ്ങി. പരിചയങ്ങള്‍ പുതുക്കിയും തമാശകള്‍ പറഞ്ഞും അവര്‍ ഒന്നായപ്പോള്‍ ഔപചാരികതയുടെ അതിര്‍വരമ്പുകള്‍ പൂര്‍ണമായും മാറ്റപ്പെട്ടു. അതിനാല്‍ തന്നെ നേരത്തെ തീരുമാനിച്ചിരുന്ന പ്രകാരം ഈ കൂട്ടായ്‌മയ്‌ക്ക്‌ ഔദ്യോഗിക ഭാരവാഹികളോ, സ്‌റ്റേജോ, ഔപചാരിക ചടങ്ങുകളോ ഒന്നും ഉണ്ടായിരുന്നില്ല. സ്വന്തം കുടുംബകാര്യം എന്ന നിലയില്‍ എല്ലാവരും ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്തപ്പോള്‍ അതിഥികള്‍ ഇല്ലാത്ത ആതിഥേയരുടെ മാത്രം സംഗമമായി ഹ്യൂസ്റ്റണിലെ ഉഴവൂര്‍ കൂട്ടായ്‌മ.

 

ഇരിപ്പടങ്ങള്‍ തികയാതെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിറുത്തി ഹ്യൂസ്റ്റണിലെ ഉദിച്ചുയരുന്ന ഗായികയായ അനു ഫ്രാന്‍സിസ്‌ ചെറുകരയുടെ ഹൃദയ ഹാരിയായ പ്രാര്‍ത്ഥന ഗാനത്തിനു ശേഷം സംഘാടകരില്‍ ഒരാളായ ശ്രീ. സെനിത്ത്‌ ലൂക്കോസ്‌ എള്ളങ്കില്‍ എല്ലാ ഉഴവൂര്‍കാരെയും സ്വാഗതം ചെയ്യുകയും കൂട്ടായ്‌മയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിക്കുകയും ചെയ്‌തു. മുന്‍കാലങ്ങളില്‍ ഹൂസ്റ്റണില്‍ വിശാല ഉഴവൂര്‍ നിവാസികകളെ സംഘടിപ്പിക്കുവാനുണ്ടായ ശ്രമങ്ങളെയും സംഘാടകരെയും സെനിത്ത്‌ പ്രത്യേകം പരമാര്‍ശിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്നു ഡോ. ബെന്നി അബ്രാഹം കൈപ്പറേട്ട്‌ തന്റെ സ്വതസിദ്ധമായ നര്‍മ്മശൈലിയില്‍ സ്വയം പരിചയപ്പെടുത്തുകയും ഒരോ കുടുംബങ്ങളെയും സ്വയം പരിചയപ്പെടുത്തുവാന്‍ ക്ഷണിക്കുകയും ചെയ്‌തു. സദസ്സിന്റെ നര്‍മ്മം കലര്‍ന്ന ചോദ്യങ്ങളും കുറിക്കു കൊള്ളുന്ന ഉത്തരങ്ങളുമായി പരിചയപ്പെടുത്തല്‍ മുന്നേറിയപ്പോള്‍ തുടര്‍ച്ചയായി കൂട്ടച്ചിരികള്‍ ഉയരുകയും, സംഗമത്തില്‍ പങ്കെടുത്തവരുടെ കൂട്ടായ്‌മ കൂടുതല്‍ ഊടും പാവും ചേര്‍ന്ന്‌ ദൃഢമാവുകയും ചെയ്‌തു. ഉഴവൂരിന്റെ മറ്റൊരു അനുഗ്രഹീത ഗായികയായ മെറിന്‍ സ്റ്റീഫന്‍ ആശാരിപറമ്പിലിന്റെ ഗാനാലാപനങ്ങള്‍ കൂട്ടായ്‌മക്ക്‌ മോടിയും മേളവും കൂട്ടി. ചെറുകടികളും പാനീയങ്ങളും ആസ്വദിക്കവേ, ശ്രീ. തോമസ്‌ വെട്ടിക്കല്‍, ശ്രീ. മാത്യു പൈമ്പാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉഴവൂര്‍ സംഗമത്തിന്റെ ഭാവി കര്‍മ്മ പരിപാടികള്‍ സദസ്സുമായി ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്‌തു. അടുത്ത സംഗമത്തിന്റെ സംഘാടകരായി ജിമ്മി പുളിന്തൊട്ടിയില്‍, മാത്യു തൊട്ടിയില്‍, സുനില്‍ അഞ്ചകുന്നത്ത്‌, ബാബു നടക്കുഴക്കല്‍ , മിനി പെരുനിലത്തില്‍, ജോണി ചെറുകര, സോമന്‍ മുട്ടത്ത്‌ എന്നിവരെ യോഗം തിരഞ്ഞെടുത്തു. കൂട്ടായ്‌മ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും നടത്തണമെന്നും തീരുമാനമായി.

 

 

ശ്രീ. സെനിത്ത്‌ ആമുഖത്തില്‍ നല്‍കിയ കടം കഥയായ ഒരേ അക്ഷരത്തില്‍ തുടങ്ങുന്ന വീട്ടുപേരും, അപ്പന്റെയും മക്കളുടെയും പേരുകള്‍ ഒരു പോലെയുള്ളതുമായ ഉഴവൂരിലെ കുടുംബങ്ങളായ ശ്രീ. ജോമോന്‍ വെട്ടിക്കല്‍, ശ്രീ. ജോമോന്‍ വള്ളോംകുന്നേല്‍ എന്നിവരെ സദസ്സിനു വെളിപ്പെടുത്തിയത്‌ രസകരമായ അനുഭവമായി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നിനു ശേഷം അനുഗ്രഹീത ഗായകരായ കുമാരി മെറിന്‍ ആശാരിപറമ്പില്‍, ഡോ. ബെന്നി കൈപ്പറേട്ട്‌ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ടീമുകളായി തിരിഞ്ഞ്‌ നടത്തിയ അന്താക്ഷരിയില്‍ വളരെ താത്‌പര്യത്തോടെയും അത്യന്തം വാശിയോടെയും സദസ്സ്‌ മുഴുവനും പങ്കെടുത്തു. അന്താക്ഷരി ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ടപ്പോള്‍ വൈകിയ വേളയെ പരിഗണിച്ചു മനസ്സില്ല മനസ്സോടെ നിറുത്തേണ്ടി വന്നതിന്റെ നിരാശ എല്ലാവരുടെയും മുഖത്തു പ്രകടമായിരുന്നു. സ്വന്തം നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളുമായുള്ള സൌഹൃദവും പരിചയവും പുതുക്കുവാനും, ദ്രുഢപ്പെടുത്തുവാനും കഴിഞ്ഞതിലുള്ള സന്തോഷത്തോടെ, അടുത്ത ഉഴവൂര്‍ സംഗമത്തില്‍ കാണാമെന്നുള്ള പ്രത്യാശയോടെ രാത്രി ഏറെ വൈകി എല്ലാവരുംസ്വന്തം ഭവങ്ങളിലേയ്‌ക്ക്‌ മടങ്ങി. ശ്രീമതി കുഞ്ഞുമോള്‍ തോട്ടപ്ലാക്കീല്‍, വിജയന്‍ നെടുംചേരില്‍, ജിമ്മി പുളിന്തൊട്ടിയില്‍, സുനില്‍ അഞ്ചകുന്നത്ത്‌, ജോമോന്‍ വള്ളോംകുന്നേല്‍ തുടങ്ങിയരും പരിപാടിയുടെ സംഘാടനതിനും വിജയത്തിനും മികച്ച നേത്രുത്വം നല്‌കി. പരിപാടികള്‍ ആത്യന്തം കാമറയില്‍ പകര്‍ത്തിയ ശ്രീ. സജി തോട്ടപ്ലാക്കീലിന്റെ ചിത്രങ്ങള്‍ ഈ സംഗമത്തില്‍ സംബന്ധിച്ചവര്‍ക്കും ഉഴവൂരിനെ സ്‌നേഹിക്കുന്നവര്‍ക്കും ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കും. ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. https://plus.google.com/u/0/photos/ 109813783664534243023/ albums/5894321607674206033

 

അടുത്ത കൂട്ടായ്‌മ 2013 നവംബര്‍ 2 ശനിയാഴ്‌ച്ച മിസോറി സിറ്റിയിലുള്ള ഗ്ലെന്‍ ലേക്ക്‌ പാര്‍ക്ക്‌ പവലിയന്‍ 3ല്‍ വച്ച്‌ രാവിലെ 9 മണിയ്‌ക്ക്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.