You are Here : Home / USA News

ഫോമയുടെ 2012-14ലെ പ്രവര്‍ത്തന സമാപന സമ്മേളനം ഫിലാഡല്‍ഫിയയില്‍ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 20, 2014 09:04 hrs UTC



ഫിലാഡല്‍ഫിയ: 2012- 14ലെ ഫോമയുടെ പ്രവര്‍ത്തന സമാപന യോഗത്തിന്‌ ഫിലാഡല്‍ഫിയയില്‍ തിരശീല വീണു. ഫിലാഡല്‍ഫിയയുടെ പ്രാന്തപ്രദേശമായ ട്രവോഴ്‌സ്‌ റാഡിസണ്‍ ഹോട്ടലിന്റെ ബാങ്ക്വറ്റ്‌ ഹാളില്‍ നിറഞ്ഞ സദസിനു മുന്നില്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സന്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, മറ്റു ഭാരവാഹികള്‍ എന്നിവര്‍ നിലവിളക്കു കൊളുത്തിയതോടെ സമ്മേളനത്തിനു തുടക്കമായി.

ആബിഗേല്‍, ക്രിസ്റ്റീന, ഇസബേല്‍ എന്നിവരാണ്‌ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചത്‌. ഇന്ത്യന്‍ ദേശീയ ഗാനം സോയ നായര്‍ ആലപിച്ചു.

സമാപന യോഗത്തില്‍ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച്‌ ഇഹലോകവാസം വെടിഞ്ഞ ബാബുകുഞ്ഞ്‌ ലൂക്കോസ്‌, ടോമി അഗസ്റ്റിന്‍, തോമസ്‌ എം. തോമസ്‌ എന്നിവരോടുള്ള ആദരാഞ്‌ജലികള്‍ മൗനപ്രാര്‍ത്ഥനയോടെ അര്‍പ്പിച്ചു.

ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പ്രാരംഭ പ്രസംഗത്തില്‍ ഫോമയുടെ 201214 വര്‍ഷത്തെ പ്രവര്‍ത്തന വിജയത്തെ വിവരിച്ചു. 1800 നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയിലൂടെ നേഴ്‌സിംഗ്‌ സംബന്ധമായ ഇളവുകളും സൗകര്യങ്ങളും ഉപയോഗിച്ചത്‌ ചൂണ്ടിക്കാട്ടി. 150 മലയാളം പുസ്‌തകങ്ങള്‍ ലൈബ്രറിക്ക്‌ നല്‍കിയത്‌, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, 10 വീല്‍ ചെയര്‍ നല്‍കിയത്‌, മാനസീക വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്‌ സാമ്പത്തിക സഹായം, കാന്‍സര്‍ ബാധിതരായ രോഗികള്‍ക്ക്‌ സാമ്പത്തിക സഹായം, ന്യൂജേഴ്‌സിയില്‍ നടത്തിയ ജോബ്‌ ഫെയര്‍, കൂടാതെ പത്തില്‍പ്പരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, വിമന്‍സ്‌ ഫോറം വഴി ന്യൂയോര്‍ക്കിലും, ഡെലവെയറിലും ഹെല്‍ത്ത്‌ ഫോറം സംഘടിപ്പിച്ചത്‌, 3600ല്‍പ്പരം ആളുകള്‍ പങ്കെടുത്ത ജനപിന്തുണയുള്ള കണ്‍വന്‍ഷന്‍ എന്നിവ ഫോമയ്‌ക്ക്‌ എല്ലാ കാലവും അഭിമാനക്കാവുന്നതാണെന്ന്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പറഞ്ഞു.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ `സ്വച്ച്‌ ഭാരത്‌' എന്ന മുദ്രാവാക്യത്തെ അനുകൂലിച്ച്‌ നടത്തുന്ന ക്ലീന്‍ പ്രൊജക്ടിനെപ്പറ്റിയും അതില്‍ ഫോമായുടെ പങ്കിനെപറ്റിയും അതിനായുള്ള ക്ലീന്‍ കേരള പദ്ധതിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന്‌ വേദിയിലുണ്ടായിരുന്ന വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി.

ഭാര്യയും ഭര്‍ത്താവും പോലെ ഇണങ്ങിയും പിണങ്ങിയും, സുഖവും ദുഖവും പങ്കിട്ട ഒരു ബന്ധമാണ്‌ എനിക്ക്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവുമായി ഉണ്ടായിരുന്നതെന്ന്‌ ഗ്ലാഡ്‌സണ്‍ പറഞ്ഞു. ജോര്‍ജ്‌ മാത്യുവിന്റെ നേതൃത്വത്തില്‍ ഫോമ കാര്യമായ മുന്നേറ്റമാണ്‌ നടത്തിയതെന്ന്‌ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ അദ്ദേഹം ജോര്‍ജ്‌ മാത്യുവിനെ സദസിലേക്കു സ്വാഗതം ചെയ്‌തു.

പെന്‍സില്‍വേനിയയിലെ തിളങ്ങുന്ന രാഷ്ട്രീയക്കാരനാണ്‌ സ്‌റ്റേറ്റ്‌ റപ്രസന്റേറ്റിവ്‌ ബ്രന്‍ഡന്‍ ബോയല്‍. ഞാനും ഒരു രാഷ്ട്രീയക്കാരനാണ്‌. അതുകൊണ്ട്‌ എനിക്കും രാഷ്ട്രീയം ഇഷ്ടമാണ്‌ ഗ്ലാഡ്‌സണ്‍ അദ്ധേഹത്തെ സ്വാഗതം ചെയ്‌തു കൊണ്ടു പറഞ്ഞു.

അശ്രന്ത പരിശ്രമശാലിയും, കൃത്യനിഷ്‌ഠക്കാരനുമായ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പിനെ തികഞ്ഞ അഭിമാനത്തോടെയാണ്‌ ഗ്ലാഡ്‌സണ്‍ സ്വാഗതം ചെയ്‌തത്‌. എല്ലാ കണക്കുകളും അടുത്തയാഴ്‌ച നടക്കുന്ന ജനറല്‍ബോഡിയില്‍ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ കൈമാറുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ന്യൂയോര്‍ക്കിലെ മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ക്യാപ്‌റ്റന്‍ വര്‍ഗീസ്‌ ഫിലിപ്പിനെ തുടര്‍ന്ന്‌ പരിചയപ്പെടുത്തി. ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന ബിസിനസുകാരനായ തോമസ്‌ മൊട്ടയ്‌ക്കലിനെ പരിയപ്പെടുത്തിയതു കൂടാതെ അടുത്തവര്‍ഷത്തെ വൈസ്‌ പ്രസിഡന്റായ വിന്‍സന്‍ പാലത്തിങ്കലിനേയും (വാഷിംഗ്‌ടണ്‍ ഡി.സി) പരിചയപ്പെടുത്തി.

ഫോമയുടെ ആദ്യ ജനറല്‍ സെക്രട്ടറിയും 201214 വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചെയറുമായ അനിയന്‍ ജോര്‍ജിനെ സ്വാഗതം ചെയ്‌തു കൊണ്ട്‌ കണ്‍വന്‍ഷന്റെ വന്‍ വിജയത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ അനിയന്‍ ജോര്‍ജ്‌ ആയിരുന്നുവെന്ന്‌ ഗ്ലാഡ്‌സണ്‍ പറഞ്ഞു.

ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയിലെ റിക്കാര്‍ഡോയെ അദ്ദേഹം സദസിന്‌ പരിചയപ്പെടുത്തി.

തുടര്‍ന്ന്‌ നടന്ന അധ്യക്ഷപ്രസംഗത്തില്‍ ഫോമയുടെ പ്രസിഡന്റ്‌ എന്ന നിലയില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ജീവിതത്തില്‍ വ്യത്യാസങ്ങള്‍ വരുത്താന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്ന മുഖവുരയോടുകൂടിയാണ്‌ ജോര്‍ജ്‌ മാത്യു പ്രസംഗം ആരംഭിച്ചത്‌. മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഫോമ പരിഹാരം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന്‌ ജോര്‍ജ്‌ മാത്യു അവകാശപ്പെട്ടു. ഫോമ മറ്റുള്ള സംഘടനകള്‍ക്ക്‌ ഒരു മാതൃകയാണെന്നും, മറ്റുള്ളവരുടെ സേവനമാണ്‌ സംഘടനയുടെ ലക്ഷ്യമെന്നും പറഞ്ഞു.
മാനസീകമായും, സാമ്പത്തികമായും തകര്‍ന്ന അവസരങ്ങള്‍ ഉണ്ടായിട്ടും അതിലൊന്നും തളരാതെ നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ 2012 14 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഫിലാഡല്‍ഫിയയിലെ മലയാളികള്‍ക്കും മറ്റ്‌ സംഘടനകള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

'എനിക്കെതിരേ മത്സരിക്കരുത്‌. ഞാന്‍ റിട്ടയര്‍ ചെയ്‌തിട്ടേ മത്സരിക്കാവൂ' എന്നുള്ള മുഖവുരയോടെയാണ്‌ യു.എസ്‌ കോണ്‍ഗസിലേക്ക്‌ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ബ്രന്‍ഡന്‍ ബോയല്‍ മറുപടി പ്രസംഗം ആരംഭിച്ചത്‌. പിലാഡല്‍ഫിയയിലെ മലയാളികളുടെ ആഘോഷ വേദികളില്‍ സ്ഥിരം അതിഥിയായ ബ്രന്‍ഡന്‍ എല്ലാ മലയാളികളോടും തന്റെ സ്‌നേഹാദരവുകള്‍ അറിയിച്ചു. ഫോമയ്‌ക്ക്‌ എല്ലാവിധ ആശംസകളും അദ്ദേഹം നേര്‍ന്നു.

തോമസ്‌ മട്ടയ്‌ക്കല്‍ തന്റെ പ്രസംഗത്തില്‍ കേരളത്തിലെ ക്ലീന്‍ വാട്ടര്‍ പ്രൊജക്ട്‌ ആരംഭിച്ചതിനെ കുറിച്ച്‌ അറിയിച്ചു. ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ കലയും, മാപ്പും ഒരുമയോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ്‌ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ വന്നതെന്ന്‌ ഓര്‍മ്മിപ്പിച്ചു. തന്നോടുകൂടെ സഹകരിച്ച്‌ പ്രവര്‍ത്തിച്ച എല്ലാവരോടും പേരെടുത്ത്‌ അദ്ദേഹം നന്ദി പറഞ്ഞു. ഭാര്യ റോസമ്മയ്‌ക്ക്‌ നന്ദി പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്‌.

വിന്‍സണ്‍ പാലത്തിങ്കലിന്റെ രണ്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള പ്രസംഗം കൈയ്യടികളോടെയാണ്‌ സദസ്‌ സ്വീകരിച്ചത്‌. അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടേയും സഹായവും, സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന്‌ ഹരി നമ്പൂതിരി, വിശാഖ്‌ ചെറിയാന്‍, വിവേക്‌ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 'ഫീല്‍ കേരള, ക്ലീന്‍ കേരള' എന്ന പ്രൊജക്ടിന്റെ ഉദ്‌ഘാടനം നിലവിളക്ക്‌ കൊളുത്തി, ചെക്കുകള്‍ കൈമാറി ആരംഭിച്ചു.

മലയാളികള്‍ നേത്രുത്വം നല്‍കുന്ന ഐ.എ.കെ. എന്ന കമ്പനിയുമായി സഹകരിച്ചാണു ക്ലീന്‍ കേരള പദ്ധതി. നഗരങ്ങളിലെ പല സ്ഥലങ്ങളില്‍ കിയോസ്‌കുകളും ഗാര്‍ബേജ്‌ ബിന്നും വച്ച്‌ മാലിന്യങ്ങള്‍ ശേഖരിച്ച ശേഷം അവ സംസ്‌കരിച്ച്‌ ജൈവ വളം ആക്കുന്നതാണു പദ്ധതി. ഈ പദ്ധതി വിജയമാകുമ്പോള്‍ അതു ഫോമായുടെ നേട്ടങ്ങളുടെ തിലകക്കുറി തന്നെ ആകുമെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

250 പേജുള്ള സുവനീര്‍ മുന്‍ പ്രസിഡന്റ്‌ ജെ. മാത്യു, പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവിന്‌ നല്‍കി പ്രകാശനം ചെയ്‌തു. തുടര്‍ന്ന്‌ നടന്ന അവാര്‍ഡ്‌ ദാന ചടങ്ങില്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. ഫോമാ 2012 14 വര്‍ഷത്തെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെയര്‍മാനായ ഇഹലോകവാസം വെടിഞ്ഞ ടോമി അഗസ്റ്റിനുള്ള പ്രത്യേക അവാര്‍ഡ്‌ അദ്ദേഹത്തിന്റെ മകന്‍ ഓസ്റ്റിന്‍ ഏറ്റു വാങ്ങിയപ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ ആ യുവ നേതാവിന്റെ സ്‌മരണയില്‍ പലരും കണ്ണീരൊപ്പി.

തുടര്‍ന്ന്‌ വിവിധ തലങ്ങളില്‍ മികവ്‌ തെളിച്ചവര്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കി.ബാങ്ക്വറ്റ്‌, നൂപുര ഡാന്‍സ്‌ അക്കാഡമിയുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയോടെ യോഗം പര്യവസാനിച്ചു.

സാഹിത്യ അവാര്‍ഡുകള്‍ക്ക്‌ പ്രിന്‍സ്‌ മാര്‍ക്കോസ്‌, നീന പനയ്‌ക്കല്‍ എന്നിവരും, ക്ലീന്‍ കേരളാ പദ്ധതി ഹരി നമ്പൂതിരിയും വിശാഖ്‌ ചെറിയാനും, ഫോമാ സുവനീര്‍ പ്രകാശനത്തിന്‌ ജെ. മാത്യൂസും നേതൃത്വം നല്‍കി. ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌ എന്നിവര്‍ പര്‍പാടികള്‍ക്ക്‌ നേത്രുത്വം നല്‍കി.
അലക്‌സ്‌ ജോണ്‍ എംസി ആയിരുന്നു. ക്യാപ്‌ടന്‍ രാജു ഫിലിപ്പ്‌ നന്ദി പറഞ്ഞു.

അടുത്ത ശനിയാഴ്‌ച ഫ്‌ളോറിഡയില്‍ നടക്കുന്ന സമ്മേളനത്തില്‍ പുതിയ ഭരണ സമിതി അധികാരമേല്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.