You are Here : Home / USA News

സംശുദ്ധ മലയാള ഭാഷ ഭാവിയില്‍ പുനര്‍ജനിക്കും: എം.വി.പിള്ള

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 11, 2014 12:54 hrs UTC


 
ഗാര്‍ലാന്‍റ് (ടെക്സാസ്) . ആധുനിക കാലഘട്ടത്തില്‍ വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ഭാഷ ഭാവിയില്‍ ശുദ്ധീകരിക്കപ്പെട്ട് പുനര്‍ജനിക്കുമെന്ന് സാഹിത്യ നിരൂപകനും, ഭാഷാ പണ്ഡിതനും ഭിഷഗ്വരനുമായി ഡോ. എം. വി. പിളള അഭിപ്രായപ്പെട്ടു. മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ടോ എന്നു സംശയമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് ഒക്ടോബര്‍ 4 ശനിയാഴ്ച ഗാര്‍ലന്‍റ് ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. എം. വി. പിളള.

കെഎല്‍എസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി മലയാളി സാഹിത്യത്തിന് കെഎല്‍എസ് പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

50 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ മലയാള ഭാഷ കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണെന്നും മലയാള ഭാഷ ഇനിയും ഉയരങ്ങളിലേക്ക്  കുതിക്കുമെന്നും കവിയും സാഹിത്യ കാരനുമായ പ്രഫ. എം.എസ്. ടി. നമ്പൂതിരി അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നവയായിരിക്കണമെന്ന് മലയാളം പത്രം മുന്‍ ചീഫ് എഡിറ്റര്‍ ലൂക്കോസ് പി. ചാക്കോ പറഞ്ഞു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സി.  വി. ജോര്‍ജ്, മീനു മാത്യു, അനുപ സഖറിയ, ലാന സെക്രട്ടറി, ജോസ് ഓച്ചാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെഎല്‍എസ് ട്രഷറര്‍ പി. പി. ചെറിയാന്‍ സ്വാഗതവും സിജു വി. ജോര്‍ജ് നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.