You are Here : Home / USA News

ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 07, 2014 03:22 hrs UTC

ഷിക്കാഗോ: ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ 146-മത്‌ ജന്മദിനം ആഘോഷിച്ചു. ഷിക്കാഗോ സ്‌കോക്കിയിലുള്ള ഗാന്ധി പ്രതിമയില്‍ ഫൊക്കാനാ നേതാക്കള്‍ പുഷ്‌പാര്‍ച്ചന നടത്തിയാണ്‌ രാഷ്‌ട്ര പിതാവിനോടുള്ള ആദരവ്‌ പ്രകടമാക്കിയത്‌. ബ്രിട്ടീഷുകാരില്‍ നിന്നും ഭാരതത്തെ ഗാന്ധിജി മോചിപ്പിച്ചത്‌ സഹന സമരത്തിലൂന്നിനിന്നുള്ള അക്രമരാഹിത്യ മാര്‍ഗ്ഗത്തിലൂടെയായിരുന്നു.

അതേ അക്രമരാഹിത്യ മാര്‍ഗ്ഗത്തിലൂടെയായിരുന്നു അതിനുശേഷം പല യൂറോപ്യന്‍ രാജ്യങ്ങളും ജനാധിപത്യത്തിലേക്ക്‌ വഴിമാറിയത്‌. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക്‌ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന്‌ ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ന്‌ ലോകത്തിലെ പല രാഷ്‌ട്രങ്ങളിലും വര്‍ഗീയതയും, മതതീവ്രവാദവും വളര്‍ന്നു വന്നിരിക്കുന്നു. അവയെ ചെറുത്തു തോല്‍പിക്കുവാന്‍ ഇന്ത്യയുടെ രാഷ്‌ട്ര പിതാവ്‌ വളര്‍ത്തിയെടുത്ത അഹിംസാ വാദത്തിനും വര്‍ഗ്ഗീയവിരുദ്ധ വാദത്തിനും കഴിയും. സത്യം, അഹിംസ, പരത്യാഗം എന്നിവയിലൂടെ ലോക രാഷ്‌ട്രങ്ങളുടെ ഇടയില്‍ ചിരപ്രതിഷ്‌ഠ നേടിയ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക്‌ എക്കാലവും പ്രസക്തിയുണ്ടെന്ന്‌ അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഏറ്റവും നൂതനമായ എല്ലാ ആയുധങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും നേരേയാണ്‌ ഗാന്ധിയന്‍ ആദര്‍ശങ്ങളെന്ന്‌ അഭിമാനപുരസരം ഭാരതം ഉയര്‍ത്തികാട്ടുന്നു. വരും നാളുകളില്‍ ലോക രാഷ്‌ട്രങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗ്ഗം പിന്തുടരുമെന്ന്‌ ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു.

 

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശുചിത്വ ഇന്ത്യ എന്ന പരിപാടിയും, കേരള സര്‍ക്കാരിന്റെ ശുചിത്വ കേരളമെന്ന ലക്ഷ്യവും രാഷ്‌ട്രപിതാവ്‌ ആഗ്രഹിച്ചിരുന്ന സ്വപ്‌നമായിരുന്നു. ജനപങ്കാളിത്തത്തോടുകൂടി അത്‌ യാഥാര്‍ത്ഥ്യമാക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കഴിയട്ടെ എന്ന്‌ ഫൊക്കാനാ ഭാരവാഹികള്‍ ആശംസിച്ചു. ഗാന്ധിജി ഭാരതത്തിന്റെ അഭിമാനസ്‌തംഭമാണ്‌. അദ്ദേഹത്തിന്റെ പാത ലോക രാഷ്‌ട്രങ്ങള്‍ പിന്തുടരട്ടെ എന്ന്‌ ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിന്റെ ശാശ്വത നിലനില്‍പ്പിന്‌ ഇത്‌ ആവശ്യമാണ്‌. ഫൊക്കാനാ നാഷണല്‍ കമ്മിറ്റി സെക്രട്ടറി വര്‍ഗീസ്‌ പാലമലയില്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ടോമി അമ്പേനാട്ട്‌, മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഹെരാള്‍ഡ്‌ ഫിഗുരേദോ, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ഏബ്രഹാം വര്‍ഗീസ്‌, ഷാനി ഏബ്രഹാം, ലെജി പട്ടരുമഠം, റിന്‍സി കുര്യന്‍, ജോസ്‌ സൈമണ്‍, ജോഷി മാത്യു, പ്രസാദ്‌ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ അനുസ്‌മരണം നടത്തി. പ്രവീണ്‍ തോമസ്‌ സ്വാഗതം ആശംസിച്ചു. ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജയന്‍ വൈസ്‌ പ്രസിഡന്റ്‌ സന്തോഷ്‌ നായര്‍ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.