You are Here : Home / USA News

ഫിലഡല്‍ഫിയ ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി

Text Size  

Story Dated: Saturday, September 06, 2014 12:54 hrs UTC


ഫിലഡല്‍ഫിയ . സെന്റ് ജോണ്‍ ന്യുമാന്‍ ക്നാനായ കാത്തലിക് മിഷന്‍ സ്ഥാപിതമായതിനുശേഷം ആദ്യമായി നടത്തപ്പെട്ട മൂന്നു ദിവസത്തെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി. ഫിലഡല്‍ഫിയാ വിശുദ്ധനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ ന്യുമാന്റെ തിരുന്നാളും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളും സംയുക്തമായി ഭക്തിനിര്‍ഭരമായ കര്‍മ്മങ്ങളോടെ ഓഗസ്റ്റ് 29, 30, 31 ദിവസങ്ങളിലായി ആഘോഷിച്ചു.

മിഷന്‍ ആസ്ഥാനമായ സെന്റ് ആല്‍ബര്‍ട്ട് പളളിയില്‍ ഓഗസ്റ്റ് 29 വെളളിയാഴ്ച്ച വൈകുന്നേരം തിരുമണിക്കൂര്‍ ആരാധനയോടെയാണ് തിരുന്നാള്‍ സമാരംഭിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം  ആറരയ്ക്കു രൂപം  വെഞ്ചരിപ്പും ലദീഞ്ഞും നടന്നു. സുറിയാനി ഭാഷയിലുളള ഗാനാലാപനത്തോടെ നടത്തിയ രൂപമെഴുന്നളളിക്കല്‍ ചടങ്ങ് ക്നാനായരുടെ സുറിയാനി തനിമയും, പൈതൃകവും വിളിച്ചോതി, സീറോ മലബാര്‍ ഫൊറോനാ പളളി വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഫാ. ജേക്കബ് ജോണ്‍ തിരുന്നാള്‍ സന്ദേശം നല്‍കി. ജപമാല പ്രാര്‍ഥന ചൊല്ലി മാതാവിന്റെ ഗ്രോട്ടോയിലേക്ക് നടത്തിയ ഭക്തി നിര്‍ഭരമായ മെഴുകുതിരി പ്രദക്ഷിണത്തിനുശേഷം കുര്‍ബാനയുടെ സമാപനാശീര്‍വാദവും സ്നേഹ വിരുന്നും നടന്നു.

പ്രധാന തിരുന്നാള്‍ ദിനമായ ഓഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. രൂപം വെഞ്ചരിപ്പിനും ലദീഞ്ഞിനുശേഷം ആഘോഷമായ സമൂഹബലി. ന്യുയോര്‍ക്ക് റോക്ക്ലാന്‍ഡ് ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി കട്ടേല്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവക അസി. വികാരി ഫാ. സിജു മുടക്കോടില്‍, സെന്റ് ജോണ്‍ ന്യുമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. മാത്യു മണക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായി. ഫാ. സിജു മുടക്കോടില്‍ തിരുന്നാള്‍ സന്ദേശം നല്‍കി.

പുതിയ അധ്യായനവര്‍ഷത്തിലേക്കു പ്രവേശിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി അമേരിക്കയില്‍ കാത്തലിക് സ്കൂളുകള്‍ക്കു  തുടക്കം കുറിച്ച വി. ജോണ്‍ ന്യുമാന്റെ മാധ്യസ്ഥം തേടിയുളള പ്രാര്‍ഥനയും പരിശുദ്ധത്മാവിന്റെ ദാനങ്ങള്‍ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ഥനകളും ആശീര്‍വീദവും കുട്ടികളില്‍ പുതിയൊരു ഉണര്‍വിനു കാരണമായി.

സമൂഹബലിയെ തുടര്‍ന്ന് വിവിധ വര്‍ണ്ണങ്ങളിലുളള മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് ദേവാലയത്തിനു വെളിയിലൂടെയുളള ആഘോഷമായ പ്രദക്ഷിണം.

കുര്‍ബാനയുടെ സമാപനാശീര്‍വാദത്തെ തുടര്‍ന്ന് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്നാനായ നൈറ്റ് അരങ്ങേറി. ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. റെന്നി കട്ടേല്‍, ഫാ. മാത്യു മണക്കാട്ട് എന്നിവര്‍ തദവസരത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്നാനായ തനിമയും പൈതൃകവും വിളിച്ചോതുന്ന ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ക്നാനായ നൈറ്റില്‍ അവതരിപ്പിക്കപ്പെട്ടു.

യുവപ്രതിഭ ചിന്നു അലക്സ് സംവിധാനം ചെയ്ത രംഗാവതരണം നടത്തിയ മാവേലി വാഴുന്ന നാട് എന്ന കലാശില്പം സദസ്യരില്‍ പൊന്നോണത്തിന്റെ ഗൃഹാതുരസ്മരണകളുണര്‍ത്തി.

വിശുദ്ധരുടെ തിരുന്നാളിലും ക്നാനായ നൈറ്റിലും ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള ധാരാളം വിശ്വാസികള്‍ പങ്കെടുത്തു. തിരുന്നാളിനു മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. മാത്യു മണക്കാട്ട്, കൈക്കാരന്മാരായ സണ്ണി പാറക്കല്‍, ക്ലമന്റ് പതിയില്‍, മിഷന്‍ കൌണ്‍സില്‍, ക്നാനായ നൈറ്റിനു അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ചാരാത്ത്, കെസിവൈഎല്‍ പ്രവര്‍ത്തകരായ തോമസുകുട്ടി സൈമണ്‍, ചിന്നു അലക്സ് എന്നിവര്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

ജോണ്‍സണ്‍ ചാരാത്ത് സ്വാഗതവും ജോഫ്രി നെടുംചിറ കൃതജ്ഞതയും പറഞ്ഞു. സ്നേഹ വിരുന്നോടുകൂടി മൂന്നുദിവസത്തെ തിരുന്നാളും ക്നാനായ കലാ സന്ധ്യയും സമാപിച്ചു.

വാര്‍ത്ത : ജോഫ്രി നെടുംചിറ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.