You are Here : Home / USA News

സാന്‍ഹൊസെ ക്‌നാനായ ദേവാലയത്തില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 21, 2014 10:42 hrs UTC

സാന്‍ഹൊസെ, കാലിഫോര്‍ണിയ: പരി. കന്യകാ മറിയത്തിന്റെ നാമഥേയത്തിലുള്ള സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഓഗസ്റ്റ്‌ 8,9,10 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. വെള്ളിയാഴ്‌ച വൈകിട്ട്‌ 7.30-ന്‌ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. ശനിയാഴ്‌ച വൈകുന്നേരം 5.30-ന്‌ ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ റവ.ഫാ. തോമസ്‌ മുളവനാല്‍ തിരുനാളിനു കൊടിയേറ്റി. തുടര്‍ന്ന്‌ റവ.ഫാ ബിനോയി ചിച്ചളക്കാട്ടിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്ക്‌ റവ.ഫാ. ജോസ്‌ മുളവനാല്‍, റവ.ഫാ. മാത്യു മണക്കാട്ട്‌, റവ.ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

 

റവ.ഫാ. മാത്യു മണക്കാട്ട്‌ സാന്‍ഹൊസെ ഇടവകയുടെ ഒത്തൊരുമയെക്കുറിച്ചും, ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ സഭയും സംഘടനയും (അസോസിയേഷനും) ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുന്നു എന്നുള്ളത്‌ ക്‌നാനായ സമുദായത്തിലെ മറ്റ്‌ ഇടവകകള്‍ക്കും അസോസിയേഷനും മാതൃകയാണെന്നും, ജോസ്‌ അച്ചന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റി മാധ്യമങ്ങള്‍ വഴി വായിച്ചറിഞ്ഞിരുന്നുവെങ്കിലും സാന്‍ഹൊസെയില്‍ വന്ന്‌ നേരിട്ട്‌ മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തിരുനാള്‍ സന്ദേശത്തിനിടെ അച്ചന്‍ പരാമര്‍ശിക്കുകയുണ്ടായി. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും അതിനെ തുടര്‍ന്ന്‌ പ്രസുദേന്തിയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. കലാപരിപാടികള്‍ക്ക്‌ ഇടയ്‌ക്ക്‌ നടത്തിയ മാജിക്‌ഷോ പരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി. കരിമരുന്ന്‌ കലാപ്രകടനത്തോടെ ശനിയാഴ്‌ചത്തെ പരിപാടികള്‍ സമാപിച്ചു. പത്താം തീയതി ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ. മാത്യു മണക്കാട്ട്‌ മുഖ്യകാര്‍മികനായിരുന്നു.

 

 

വികാരി ജനറാള്‍ ഫാ. മാത്യു മുളവനാല്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന്‌ മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്ത്യാദരപൂര്‍വ്വമുള്ള തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന്‌ പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വിന്‌ മില്‍പിറ്റാസ്‌ സീറോ മലബാര്‍ ഇടവക വികാരി ഫാ. റോയി ജേക്കബ്‌ കാലായില്‍ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. മാതാവിന്‌ പ്രത്യേക നേര്‍ച്ചകാഴ്‌ചകള്‍ അര്‍പ്പിക്കുന്നതിനും കഴുന്ന്‌ എടുക്കുന്നതിനും പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. ആല്‍ഫി & ജെസി വെള്ളിയാനും കുടുംബാംഗങ്ങളുമാണ്‌ ഈവര്‍ഷത്തെ പ്രസുദേന്തിമാര്‍. കുട്ടികള്‍ക്കുവേണ്ടി ബലൂണ്‍, ജമ്പര്‍ എന്നിവ സജ്ജീകരിച്ചിരുന്നു. കെ.സി.വൈ.എല്ലിന്റെ നേതൃത്വത്തില്‍ വളയം ഏറ്‌, ചൂണ്ട ഇടീല്‍, ഐസ്‌ക്രീം സ്റ്റാള്‍ എന്നിവ നാടിന്റെ പ്രതീതയുണര്‍ത്തി. പാരീഷ്‌ കൗണ്‍സിലിനൊപ്പം വിമന്‍സ്‌ ഫോറവും കെ.സി.വൈ.എല്ലും കെ.സി.സി.എന്‍.എയും പ്രസുദേന്തിമാരുമായി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചപ്പോള്‍ തിരുനാള്‍ മറക്കാനാവാത്ത അനുഭവമായി മാറി. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.