You are Here : Home / USA News

ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡില്‍ സീറോ മലബാര്‍ കത്തീഡ്രലിന്റെ നിറപങ്കാളിത്തം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 19, 2014 11:30 hrs UTC

ഷിക്കാഗോ: സ്വതന്ത്രഭാരതത്തിന്റെ അറുപത്തിയെട്ടാം ജന്മദിനാഘോഷങ്ങളില്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഓഗസ്റ്റ്‌ 16-ന്‌ രാവിലെ ഡിവോണ്‍ അവന്യൂവില്‍ നടന്ന പരേഡ്‌ ജനപങ്കാളിത്തംകൊണ്ടും കമനീയമായ ഫ്‌ളോട്ടുകള്‍കൊണ്ടും ഏറെ വ്യത്യസ്‌തത പുലര്‍ത്തി. നാനാവര്‍ണ്ണത്തിലുള്ള മുത്തുക്കുടകളുമേന്തി കേരളീയ വേഷവിധാനത്തില്‍ അണിനിരന്ന സീറോ മലബാര്‍ കുടുംബാംഗങ്ങള്‍ ഭാരത സഭയുടെ സ്ഥാപകനായ തോമാശ്ശീഹായോടൊപ്പം അണിനിരന്നപ്പോള്‍ അത്‌ വിശ്വാസപ്രഘോഷണംകൂടിയായി മാറി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ കാണികള്‍ക്ക്‌ ഒരു വേറിട്ട ദൃശ്യാനുഭവമായിമാറി.

 

കാതിന്‌ ഇമ്പവും താളവും നല്‍കിയ ചെണ്ടമേളം പ്രത്യേക പ്രശംസ നേടി. ലോകത്തില്‍ പലയിടത്തും വിശ്വാസ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസികള്‍ക്ക്‌ സ്വാതന്ത്ര്യവും സംരക്ഷണവുമുള്ള അമേരിക്കന്‍ മണ്ണില്‍ ഇത്തരമൊരു പ്രാതിനിധ്യം ഏറെ പ്രാധാന്യമുള്ളതാണെന്ന്‌ കത്തീഡ്രല്‍ വികാരിയും ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാനുമായ മാര്‍ ജോയി ആലപ്പാട്ട്‌ അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍, കൈക്കാരന്മാരായ മനീഷ്‌ ജോസഫ്‌, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, സിറിയക്‌ തട്ടാരേട്ട്‌, കള്‍ച്ചറല്‍ അക്കാഡമി ഡയറക്‌ടര്‍ ബീനാ വള്ളിക്കളം, ടോമി മേത്തിപ്പാറ, വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ റാണി കാപ്പന്‍, പൈലോപ്പന്‍ കണ്ണൂക്കാടന്‍, കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍, ലാലിച്ചന്‍ ആലുംപറമ്പില്‍, ജോയിച്ചന്‍ പുതുക്കുളം, ഡൊമിനിക്‌ തെക്കേത്തല എന്നിവര്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ കത്തീഡ്രലിന്റെ സാന്നിധ്യം വിജയമൊരുക്കുന്നതിനായി ഇടവകാംഗങ്ങളോടൊപ്പം ഒന്നുചേര്‍ന്ന്‌ നേതൃത്വം നല്‍കി. ബീനാ വള്ളിക്കളം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.