You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി മതബോധനസ്‌കൂള്‍ വാര്‍ഷികവും, ബൈബിള്‍ ജപ്പഡിയും

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, June 24, 2014 10:28 hrs UTC

ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍വാര്‍ഷികം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. 2013-2014 സ്‌കൂള്‍ വര്‍ഷത്തിലെ അവസാനത്തെ അധ്യയനദിവസമായ ജൂണ്‍ 15 ഞായറാഴ്‌ച്ചയായിരുന്നു വാര്‍ഷികം. ടി. വി. ജപ്പഡി ഷോ മോഡലില്‍ ആധുനിക സാകേതികവിദ്യ ഉപയോഗിച്ചു നടത്തിയ ബൈബിള്‍ ജപ്പഡി മല്‍സരവും, കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച ആക്‌ഷന്‍ സോംഗും, സ്‌കിറ്റും ആയിരുന്നു വാര്‍ഷികോല്‍സവത്തിന്റെ ഹൈലൈറ്റ്‌സ്‌. ബൈബിള്‍ വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്‌കൂള്‍ കുട്ടികള്‍ക്ക്‌ ലഭിക്കുന്നതിനും, കുട്ടികളില്‍ ബൈബിള്‍ അവബോധം ജനിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്‌ മതബോധനസ്‌കൂള്‍ നാലുമാസം നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ്‌ മല്‍സരങ്ങളും നടത്തി. പ്രാഥമിക റൗണ്ടില്‍ വി. യോഹന്നാന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കി 250 ല്‍ പരം ബൈബിള്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന ചോദ്യബാങ്ക്‌ മതബോധനസ്‌കൂള്‍ തയാറാക്കി കുട്ടികള്‍ക്ക്‌ പഠിക്കുന്നതിനായി നല്‍കി.

 

മൂന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ പ്രാഥമിക മല്‍സരത്തില്‍ വാശിയോടെ പങ്കെടുത്തു. ആദ്യറൗണ്ടില്‍ ക്ലാസുകളില്‍ നടത്തിയ എഴുത്തുപരീക്ഷയില്‍ എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തി. തുടര്‍ന്നു നടന്ന സെമിഫൈനല്‍ മല്‍സരത്തിലൂടെ പന്ത്രണ്ടു കുട്ടികള്‍ ബൈബിള്‍ ക്വിസ്‌ ഗ്രാന്റ്‌ ഫിനാലെയിലേയ്‌ക്ക്‌ മല്‍സരിക്കാന്‍ യോഗ്യത നേടി. പിതൃദിനമായ ജൂണ്‍ 15 ഞായറാഴ്‌ച്ച വി. കുര്‍ബാനയ്‌ക്കുശേഷം ഗ്രാന്റ്‌ ഫിനാലെ ആയി നടത്തിയ ബൈബിള്‍ ജപ്പഡി മല്‍സരം നിലവാരംകൊണ്ടും, സാങ്കതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. ബൈബിളിലെ ആദ്യത്തെ നാലു പുസ്‌തകങ്ങളുടെ പേരുകളായിരുന്നു ടീമിന്റെ പേരായി സ്വീകരിച്ചത്‌. ലൈവ്‌ ഷോ ആയി നടത്തിയ ബൈബിള്‍ ജപ്പഡി മല്‍സരങ്ങള്‍ കാണികളില്‍ വലിയ ആവേശം ഉണര്‍ത്തി. അഞ്ചു വിഭാഗങ്ങളിലായി 25 ചോദ്യങ്ങളടങ്ങിയ ജപ്പഡി ലൈവ്‌ സ്റ്റേജ്‌ഷോ മതബോധനസ്‌കൂള്‍ അധ്യാപകരും, അസോസിയേറ്റ്‌ ഡയറക്ടറുമായ ജോസ്‌ മാളേയ്‌ക്കലിന്റെ നേതൃത്വത്തില്‍ അധ്യാപകരായ റജിനാ ജോസഫ്‌, മന്‍ജു സോബി, ജോസഫ്‌ ജെയിംസ്‌, ജേക്കബ്‌ സെബാസ്റ്റ്യന്‍, ജേക്കബ്‌ ചാക്കോ, ജാന്‍സി ജോസഫ്‌, ട്രേസി ഫിലിപ്‌, തോമസ്‌ ഉപ്പാണി, സോബി ചാക്കോ, അനു ജെയിംസ്‌, മോളി ജേക്കബ്‌ എന്നിവര്‍ നയിച്ചു.

 

 

സ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ്‌ കുറിച്ചി, ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍ എന്നിവര്‍ സഹായികളായി. ജോസ്‌ പാലത്തിങ്കല്‍, അന്‍ജു ജോസ്‌ എന്നിവര്‍ സാങ്കതിക സഹായം നല്‍കി. റൊണാള്‍ഡ്‌ ജോസഫ്‌, മാത്യു ജോസഫ്‌, അബിഗെയില്‍ ചാക്കോ എന്നിവര്‍ ഉള്‍പ്പെടുന്ന സംഖ്യ ടീം ഒന്നാം സ്ഥാനവും, അക്ഷയ്‌ വര്‍ഗീസ്‌, ഗ്ലോറിയാ സക്കറിയാ, ദാനിയേല്‍ തോമസ്‌ എന്നിവര്‍ പ്രതിനിധാനം ചെയ്‌ത പുറപ്പാട്‌ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജോയല്‍ ബോസ്‌ക്കോ, രേഷ്‌മാ ഡേവിസ്‌, ഏമി തോമസ്‌ എന്നിവര്‍ നയിച്ച ലേവ്യര്‍ ടീം മൂന്നാം സ്ഥാനത്തും, കെവിന്‍ ജോസഫ്‌, ഷാരണ്‍ ജോസഫ്‌, ക്രിസ്റ്റി തെള്ളയില്‍ എന്നിവരടങ്ങുന്നഉല്‍പ്പത്തി ടീം നാലാം സ്ഥാനത്തും എത്തി. വിജയിച്ച ടീമുകള്‍ക്ക്‌ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും, ദിവംഗതനായ പോള്‍ വര്‍ക്കിയുടെ ഓര്‍മ്മക്കായിഅദ്ദേഹത്തിന്റെ മകന്‍ ബിനു പോള്‍ സ്‌പോണ്‍സര്‍ ചെയ്‌ത കാഷ്‌അവാര്‍ഡും ലഭിച്ചു. സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളുടെ ആക്‌ഷന്‍ സോംഗ്‌, ഏഴാം ക്ലാസുകാരുടെ സ്‌കിറ്റ്‌, ഒന്നം രണ്ടും വര്‍ഷ കുട്ടികളുടെ ആക്‌ഷന്‍ സോംഗ്‌, നാലും, അഞ്ചും ക്ലാസുകാര്‍ അവതരിപ്പിച്ച സ്‌കിറ്റ്‌, എന്നിവ വളരെ നന്നായിരുന്നു. വിവിധ ഗ്രേഡുകളിലെ കുട്ടികള്‍ക്ക്‌ പെര്‍ഫെക്ട്‌ അറ്റന്‍ഡന്‍സ്‌, ബെസ്റ്റ്‌ സ്റ്റുഡന്റ്‌ എന്നീ അവാര്‍ഡുകള്‍ തദവസരത്തില്‍ നല്‍കി. ടെന്നിസണ്‍ തോമസ്‌ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.