You are Here : Home / USA News

റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോണ്‍സ്‌ ദേവാലയത്തില്‍ പാത്രിയര്‍ക്കീസ്‌ ബാവാ അനുസ്‌മരണം നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 26, 2014 11:56 hrs UTC

ന്യൂയോര്‍ക്ക്‌: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭാ തലവനും അന്ത്യോഖ്യയുടേയും കിഴക്കൊക്കെയും പാത്രിയര്‍ക്കീസായിരുന്ന കാലം ചെയ്‌ത പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാഖാ ഈവാന്‍ ഒന്നാമന്‍ ബാവായുടെ പുണ്യസ്‌മരണയ്‌ക്കുമുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ അനുസ്‌മരണം നടന്നു. മാര്‍ച്ച്‌ 23-ന്‌ ഞായറാഴ്‌ച നടന്ന വിശുദ്ധ ആരാധനയ്‌ക്കും ശുശ്രൂഷകള്‍ക്കും ഇടവകയുടെ മുന്‍വികാരിയും ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മാര്‍ത്തമറിയം കത്തീഡ്രല്‍ വികാരിയുമായ വെരി. റവ. കുര്യാക്കോസ്‌ ഏബ്രഹാം കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേക ധൂപപ്രാര്‍ത്ഥനയും അനുസ്‌മരണ ശുശ്രൂഷയും നടന്നു. വന്ദ്യ കുര്യാക്കോസ്‌ കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല എന്നിവര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി.

 

 

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ സിംഹാസനാധിപനായശേഷം ആദ്യമായി മലങ്കരയില്‍ ശ്ശൈഹീക സന്ദര്‍ശനം നടത്തിയവേളയില്‍ മണര്‍കാട്‌ പള്ളിയില്‍ വെച്ച്‌ നടത്തപ്പെട്ട വിശുദ്ധ മൂറോന്‍ കൂദാശയില്‍ പങ്കെടുക്കുവാനും അതിവിശുദ്ധമായ ശുശ്രൂഷയില്‍ വിശുദ്ധ മദ്‌ബഹയില്‍ ശുശ്രൂഷിക്കാനും കഴിഞ്ഞത്‌ അസുലഭ ഭാഗ്യമായി കരുതുന്നുവെന്ന്‌ വന്ദ്യ കോര്‍എപ്പിസ്‌കോപ്പ പ്രസ്‌താവിച്ചു. വിനയത്തിന്റേയും എളിമയുടേയും അതിരറ്റ സ്‌നേഹത്തിന്റേയും ഉടമയായിരുന്നു പരിശുദ്ധ ബാവ. ലോക സമാധാനവും സഭാ ഐക്യവുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. സ്വര്‍ഗ്ഗീയ സന്നിധിയിലേക്ക്‌ ചേര്‍ക്കപ്പെട്ട പരിശുദ്ധന്റെ മധ്യസ്ഥതയില്‍ നമുക്ക്‌ അഭയപ്പെടണമെന്ന്‌ അദ്ദേഹം പറഞ്ഞു.

 

 

ഉന്നത ബിരുദധാരിയും പണ്‌ഡിതശ്രേഷ്‌ഠനുമായിരുന്ന പാത്രിയര്‍ക്കീസ്‌ ബാവയുടെ അമേരിക്കയിലെ വിദ്യാഭ്യാസ കാലഘട്ടങ്ങളും എക്യൂമെനിക്കല്‍ രംഗത്തെ നിസ്‌തുല സംഭാവനകളും സഹ വികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. ഇടവക സെക്രട്ടറി ബിജു ചെറിയാന്‍ നന്ദി പറഞ്ഞു. ആത്മീയ പിതാവായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ വേര്‍പാടില്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ 40 ദിവസം ദുഖാചരണം ഏര്‍പ്പെടുത്തിയതായി ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത കല്‍പ്പനയിലൂടെ അറിയിച്ചിട്ടുണ്ടെന്ന്‌ ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍ അറിയിച്ചു. കബറടക്ക ശുശ്രൂഷയില്‍ പങ്കുചേരാന്‍ അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഭദ്രാസനാധിപന്‍മാര്‍ ഇന്നലെ ബെയ്‌റൂട്ടിലേക്ക്‌ യാത്രതിരിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.