You are Here : Home / USA News

റെനി ജോസിന്റെ തിരോധാനം; ഫൗള്‍ പ്ലേ നടന്നിട്ടുണ്ടെന്ന് റെനിയുടെ പിതാവ്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, March 25, 2014 10:54 hrs UTC

 
 
ആല്‍ബനി (ന്യൂയോര്‍ക്ക്): ദുരൂഹ സാഹചര്യത്തില്‍ ഫ്ലോറിഡയിലെ പാനമ ബീച്ചില്‍ നിന്ന് കാണാതായ ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനി ജോസിന്റെ മാതാപിതാക്കള്‍ ആല്‍ബനിയിലേക്ക് തിരിച്ചു വന്നു. പാനമ ബീച്ച് ഷറീഫ് ഓഫീസിന്റേയും പോലീസിന്റേയും തിരച്ചിലില്‍ ആദ്യാവസാനം വരെ കൂടെ നിന്ന അവര്‍ നിരാശയോടെയാണ് തിരിച്ചു വന്നിരിക്കുന്നത്. 
 
ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റി അധികൃതരുമായി റെനിയുടെ പിതാവ് ജോസ് ജോര്‍ജ്ജ് സംസാരിച്ചുവെങ്കിലും തൃപ്തികരമായ ഒരു മറുപടി ലഭിച്ചില്ല എന്ന് പറഞ്ഞു. റെനിയെ കാണ്മാനില്ല എന്ന വിവരം അറിഞ്ഞയുടനെ (മാര്‍ച്ച് 3) മാതാപിതാക്കളും മറ്റും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇരുപതോളം വിദ്യാര്‍ത്ഥികളാണ് അഞ്ച് കാറുകളിലായി പാനമ ബീച്ചിലെത്തിയത്. റെനിയെ കാണാതായ വിവരമറിഞ്ഞയുടനെ പതിനാറു പേര്‍ പെട്ടെന്നുതന്നെ ഹൂസ്റ്റണിലേക്ക് തിരിച്ചു പോയി എന്ന് ജോസ് പറഞ്ഞു. നാലു പേര്‍ മാത്രമാണ് സംഭവസ്ഥലത്ത് തങ്ങിയത്. അവരാകട്ടേ പരസ്പരബന്ധമില്ലാത്ത വിവരങ്ങളാണ് നല്‍കിയതെന്ന് ജോസ് പറയുന്നു.
 
എന്നിരുന്നാലും പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തില്‍ പൂര്‍ണ്ണ സഹകരണമുണ്ടായി എന്നും ജോസ് പറഞ്ഞു. പക്ഷേ, മകനെ കണ്ടുപിടിക്കാനോ എന്താണ് സംഭവിച്ചതെന്ന് അറിയാനോ കഴിയാതിരുന്നതുകൊണ്ട് ഹൂസ്റ്റണിലേക്ക് പോകുകയും റൈസ് യൂണിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് ജോസ് പറഞ്ഞു. അവരാകട്ടേ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്തുവത്രേ. നിര്‍‌വ്വികാരതയോടെയുള്ള അവരുടെ പെരുമാറ്റം ജോസിനെ അത്ഭുതപ്പെടുത്തി എന്നും പറഞ്ഞു.
 
റെനിയുടെ റൂം മേറ്റും ഉറ്റ സുഹൃത്തുമായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നു എന്ന് ജോസ് പറഞ്ഞു. ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്ന് ജോസ് പറഞ്ഞു. ജോസിനെ നന്നായി അറിയാവുന്ന ആ വിദ്യാര്‍ത്ഥി എന്തുകൊണ്ടാണ് ഒരു അപരിചിതനോടെന്നപോലെ തന്നോട് സംസാരിച്ചതെന്ന് അത്ഭുതപ്പെട്ടു എന്ന് ജോസ്.
 
മകന്റെ തിരോധാനത്തില്‍ അവന്റെ കൂടെയുണ്ടായിരുന്ന ചിലര്‍ക്ക് ബന്ധമുണ്ട് എന്നും, ഫൗള്‍ പ്ലേ നടന്നിട്ടുണ്ട് എന്നും ജോസും കുടുംബവും ഉറച്ചു വിശ്വസിക്കുന്നു. അക്കാരണം കൊണ്ടുതന്നെ പാനമ ബീച്ചില്‍ ഒരു വക്കീലിനേയും ഹൂസ്റ്റണില്‍ പ്രൈവറ്റ് ഇന്‍‌വെസ്റ്റിഗേറ്ററേയും നിയമിച്ചിട്ടുണ്ട്. റൈസ് യൂണിവേഴ്‌സിറ്റിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്ന് ജോസ് പറയുന്നു. അതനുസരിച്ച് ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് റാലിയും മറ്റും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജോസും കുടുംബവും. 
 
ഇതിനിടയില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെക്രട്ടറി എബ്രഹാം ഈപ്പന്‍ റെനിയുടെ കുടുംബത്തിന് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജോസുമായി അദ്ദേഹം ടെലഫോണിലൂടെ വിവരങ്ങള്‍ ആരാഞ്ഞു. റെനിയുടെ തിരോധാനത്തിന്റെ കാരണങ്ങളും കാരണഭൂതരായിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാനുമുള്ള എല്ലാ സഹായസഹകരണങ്ങളും ഹൂസ്റ്റണില്‍ നിന്ന് പ്രതീക്ഷിക്കാം എന്ന് എബ്രഹാം ഈപ്പന്‍ ജോസിന് ഉറപ്പു നല്‍കി. ഹൂസ്റ്റണിലെ മാത്രമല്ല, ടെക്സാസ് സംസ്ഥാനത്തെ എല്ലാ മലയാളികളുടേയും സഹായസഹകരണങ്ങള്‍ ജോസും കുടുംബവും അഭ്യര്‍ത്ഥിച്ചു. 
 
മാര്‍ച്ച് 1 ശനിയാഴ്ചയാണ് യൂണിവേഴ്സിറ്റിയിലെ സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന 20 അംഗ സംഘത്തോടൊപ്പം റെനി ഫ്ലോറിഡയിലേക്ക് പോയത്. മാര്‍ച്ച് 3 വൈകീട്ട് 7 മണിക്ക് താമസസ്ഥലത്തുനിന്നും പുറത്തേക്കു പോയ റെനിയെ പിന്നീട് ആരും കണ്ടിട്ടില്ല. റെനിയെ കണ്ടുപിടിക്കുകയോ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് റെനിയുടെ കുടുംബം 15,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.