You are Here : Home / USA News

റെനി ജോസിന്റെ തിരോധാനം; ആല്‍ബനിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വമ്പിച്ച റാലി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, March 10, 2014 10:38 hrs UTC

 
ആല്‍ബനി (ന്യൂയോര്‍ക്ക്): ദുരൂഹ സാഹചര്യത്തില്‍ ഫ്ലോറിഡയില്‍ കാണാതായ ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനി ജോസിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആല്‍ബനിയില്‍ ഇന്ന് (മാര്‍ച്ച് 9) സംഘടിപ്പിച്ച കാന്‍ഡില്‍ വിജിലിലും റാലിയിലും പങ്കെടുക്കാന്‍ നൂറു കണക്കിന് ആബാലവൃദ്ധം ഇന്ത്യക്കാര്‍ അണിനിരന്നു. 
 
ആല്‍ബനി ഹിന്ദു ടെംബിള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലും, കാന്‍ഡില്‍ വിജിലിലും തലസ്ഥാന നഗരിയിലെ ഇന്ത്യക്കാരായ ഭൂരിഭാഗം പേരും പങ്കെടുത്തു. ഉച്ചയ്ക്ക് 12 മണിയോടെ ഫിലോമിന പൊന്തൊക്കന്റെ പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിച്ചു. ക്യാപിറ്റല്‍ ഡിസ്‌ട്രിക്റ്റ് മലയാളി അസ്സോസിയേഷനും, ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷനും, ആല്‍ബനി ഹിന്ദു ടെംബിളും സം‌യുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. സുജ തോമസ് എം.സി.യായി സമ്മേളനം നിയന്ത്രിച്ചു.
 
കോണ്‍‌ഗ്രസ് മാന്‍ പോള്‍ ടോംഗോ, അസംബ്ലി വുമന്‍ പട്രീഷ്യാ ഫാഹെ എന്നിവര്‍ സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുത്തു. റൈസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫ്ലോറിഡയിലെ പാനമ സിറ്റി ബീച്ചില്‍ മാര്‍ച്ച് 1-ന് കൂട്ടുകാരോടൊത്ത് സ്‌പ്രിംഗ് ബ്രേക്ക് ആഘോഷിക്കാന്‍ പോയ റെനി ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും, ഇതുവരെ റെനിയെക്കുറിച്ച് ഒരറിവും ലഭിച്ചിട്ടില്ല.
 
എല്ലാ മാതാപിതാക്കള്‍ക്കും ഉദ്ക്കണ്ഠയുളവാക്കുന്നതാണ് റെനിയുടെ തിരോധാനമെന്ന് പോള്‍ ടോംഗോ വ്യക്തമാക്കി. ആല്‍ബനിയിലെ ഇന്ത്യന്‍ സമൂഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന തനിക്ക് ഏതെങ്കിലും കുടുംബം ഇങ്ങനെയുള്ള അത്യാഹിതം നേരിടുന്നത് കാണാന്‍ കഴിയില്ല എന്നും, അതുകൊണ്ടുതന്നെ റെനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയുന്നതുവരെ താനും നിങ്ങളുടെ കൂടെയുണ്ടാകുമെന്ന് പോള്‍ ടോംഗോ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അതിന്റെ റിസള്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
 
റെനിയേയും റെനിയുടെ മാതാപിതാക്കളേയും വളരെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലക്ക് തന്റെ ഔദ്യോഗിക പദവിയുപയോഗിച്ച് എല്ലാ വഴികളിലും റെനിക്കുവേണ്ടി തെരച്ചില്‍ നടത്താന്‍ ബേ കൗണ്ടി ഷെറീഫ് ഓഫീസിനോടും അന്വേഷണ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അസംബ്ലി വുമന്‍ പട്രീഷ്യാ ഫാഹെ പറഞ്ഞു. തനിക്കും മകനുണ്ടെന്നും രണ്ടുകൊല്ലത്തിനകം അവനും കോളേജിലേക്ക് പോകേണ്ടതാണെന്നും, എല്ലാ മാതാപിതാക്കളേയും പോലെ തനിക്കും മകന്റെ കാര്യത്തില്‍ ഉദ്ക്കണ്ഠയുണ്ടെന്നും അവര്‍ പറഞ്ഞു. റെനിയെക്കുറിച്ച് അന്വേഷിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 
 
റെനിക്കുവേണ്ടി നടത്തുന്ന അന്വേഷണത്തില്‍ മാത്രമല്ല, റെനിയുടെ കുടുംബത്തിനുവേണ്ടിയും തങ്ങള്‍ എപ്പോഴും സഹായഹസ്തവുമായി മുന്‍‌നിരയില്‍തന്നെ ഉണ്ടാകുമെന്ന് ആല്‍ബനി ഹിന്ദു ടെംബില്‍ ചെയര്‍മാന്‍ ഗോവിന്ദ റാവുവും ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ പ്രസിഡന്റ് ബാസ്‌വ ശേഖറും പറഞ്ഞു. മലയാളികളെ മാത്രമല്ല എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയ ഈ സംഭവം ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ടോണി വാച്ചാപ്പറമ്പില്‍ അഭ്യര്‍ത്ഥിച്ചു. റെനിയുടെ കുടുംബ വക്താക്കളായി മെര്‍‌ലിന്‍ അത്തിമൂട്ടിലും, ജെസ്സിക്ക ജോര്‍ജ്ജും സദസ്യരെ അഭിസംബോധന ചെയ്തു സംസാരിച്ചു. 
 
റെനിയുടെ മുത്തശ്ശി കത്തിച്ച മെഴുകുതിരിയില്‍ നിന്ന് മറ്റുള്ളവര്‍ തീ പകര്‍ന്ന് കാന്‍ഡില്‍ വിജില്‍ ആരംഭിച്ചു. ഓഡിറ്റോറിയത്തില്‍ നിന്ന് തുടങ്ങിയ റാലി പുറത്തിറങ്ങി ടെംബിളിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് അമ്പലത്തില്‍ റെനിക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. പ്രധാന പുരോഹിതന്‍ ശ്രീധര്‍ ആചാര്യയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ റെനിയുടെ കുടുംബാംഗങ്ങളും നാനാജാതി മതസ്ഥരും പങ്കെടുത്തു. 
 
ഈ പ്രശ്നം കൈകാര്യം ചെയ്യുവാന്‍ രൂപീകരിച്ച ആക്‌ഷന്‍ കൗണ്‍സില്‍ വിപുലമാക്കി കൂടുതല്‍ പ്രായോഗികതയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടോണി വാച്ചാപ്പറമ്പില്‍, ബെന്നി തോട്ടം, പീറ്റര്‍ തോമസ്, മൊയ്തീന്‍ പുത്തന്‍‌ചിറ, അജു എബ്രഹാം, വര്‍ഗീസ് അത്തിമൂട്ടില്‍ എന്നിവര്‍ മലയാളി സമൂഹത്തില്‍ നിന്നും, ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷനില്‍ നിന്ന് അഞ്ചുപേരുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, മുസ്ലിം കമ്മ്യൂണിറ്റി, തമിള്‍ സംഘം, തെലുങ്കു, കന്നഡ, പഞ്ചാബി കമ്മ്യൂണിറ്റിയില്‍ നിന്ന് ഏതാനും പേര്‍ ആക്‌ഷന്‍ കൗണ്‍സിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.