You are Here : Home / USA News

റെനി ജോസിന്റെ തിരോധാനം; ദുരൂഹതകള്‍ തുടരുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, March 09, 2014 08:55 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്‌): ടെക്‌സാസിലെ റൈസ്‌ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും ആല്‍ബനി നിവാസിയുമായ റെനി ജോസ്‌ ഫ്‌ളോറിഡയിലെ പാനമ സിറ്റി ബീച്ചില്‍ നിന്ന്‌ ദുരൂഹ സാഹചര്യത്തില്‍ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ ഇപ്പോഴും ദുരൂഹമായിത്തന്നെ അവശേഷിക്കുന്നു.

മാര്‍ച്ച്‌ 1 ശനിയാഴ്‌ചയാണ്‌ യൂണിവേഴ്‌സിറ്റിയിലെ സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന 15 അംഗ സംഘത്തോടൊപ്പം റെനി ഫ്‌ലോറിഡയിലേക്ക്‌ പോയത്‌. മാര്‍ച്ച്‌ 3 വൈകീട്ട്‌ 7 മണിക്ക്‌ താമസസ്ഥലത്തുനിന്നും പുറത്തേക്കു പോയ റെനിയെ പിന്നീട്‌ ആരും കണ്ടിട്ടില്ല. ബേ കൗണ്ടി ഷറീഫ്‌ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും റെനിയെക്കുറിച്ച്‌ ഇതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല. അന്വേഷണ സംഘത്തോടൊപ്പം റെനിയുടെ മാതാപിതാക്കളായ ജോസും ഷെര്‍ലിയും സഹോദരി രേഷ്‌മ തുടങ്ങി നിരവധി കുടുംബാംഗങ്ങള്‍ പാനമ സിറ്റിയിലുണ്ട്‌.

ഇതിനിടയില്‍ റെനിയോടൊപ്പം സ്‌പ്രിംഗ്‌ ബ്രേക്ക്‌ ആഘോഷിക്കാന്‍ ഹൂസ്റ്റണിലെ റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നുപോയ പതിനഞ്ചംഗ സംഘം തിരിച്ചു പോയി. റെനിയെ അന്വേഷിക്കാനോ അന്വേഷണ സംഘത്തോട്‌ സഹകരിക്കാനോ മാതാപിതാക്കളെ സാന്ത്വനപ്പെടുത്താനോ അവര്‍ മിനക്കെട്ടില്ല എന്നുള്ളത്‌ എല്ലാവരേയും ആശ്ചര്യപ്പെടുത്തുകയാണ്‌. തന്നെയുമല്ല, റെനിയെക്കുറിച്ച്‌ തെറ്റായ വിവരം പാനമ ബീച്ച്‌ ഷരീഫിനു കൊടുത്ത സംഘാംഗങ്ങളെ ചോദ്യം ചെയ്യാതിരുന്നതും അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ്‌ സ്ഥലം വിടാന്‍ അനുവദിച്ചതും കൂടുതല്‍ ദുരൂഹത പരത്തുന്നുണ്ട്‌.

ഈ അടുത്ത കാലത്തായി മൂന്ന്‌ മലയാളി വിദ്യാര്‍ത്ഥികളാണ്‌ ദുരൂഹ സാഹചര്യങ്ങളില്‍ അപ്രത്യക്ഷമാകുന്നത്‌. ഷിക്കാഗൊയില്‍ നിന്നുള്ള പ്രവീണ്‍ വര്‍ഗീസിന്റെ മൃതദേഹമാണ്‌ കണ്ടെടുത്തതെങ്കില്‍, ന്യൂയോര്‍ക്കില്‍ നിന്ന്‌ കാണാതായ ജാസ്‌മിനും ആല്‍ബനിയില്‍ നിന്നുള്ള റെനിയും എവിടെയാണെന്ന്‌ ഇപ്പോഴും ആര്‍ക്കും അറിയില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ ആല്‍ബനിയിലെ ഇന്ത്യന്‍ സമൂഹം തയ്യാറല്ല എന്നാണ്‌ വെള്ളിയാഴ്‌ച നടന്ന ഗ്രൂപ്പ്‌ മീറ്റിംഗില്‍ ഉയര്‍ന്നു വന്ന അഭിപ്രായം.

ആല്‍ബനി മലയാളി അസ്സോസിയേഷന്‍ വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ നിരവധി മലയാളികളും ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. ഇതൊരു ദേശീയ പ്രശ്‌നമായി കണക്കാക്കുകയും രാഷ്ട്രീയപരമായി നേരിടുകയും ചെയ്യുക എന്ന അഭിപ്രായമാണ്‌ എല്ലാവരും ഉന്നയിച്ചത്‌. അതനുസരിച്ച്‌ ഒരു ആക്‌ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. ടോണി വാച്ചാപ്പറമ്പില്‍, ബെന്നി തോട്ടം, പീറ്റര്‍ തോമസ്‌, മൊയ്‌തീന്‍ പുത്തന്‍ചിറ, അജു എബ്രഹാം, വര്‍ഗീസ്‌ അത്തിമൂട്ടില്‍ എന്നിവരെ കൂടാതെ ഇന്ത്യന്‍ അസ്സോസിയേഷനില്‍ നിന്ന്‌ അഞ്ചുപേരുമാണ്‌ ആക്‌ഷന്‍ കമ്മിറ്റിയില്‍ അംഗങ്ങളായുള്ളത്‌.

മാര്‍ച്ച്‌ 9 ഞായറാഴ്‌ച ആല്‍ബനി ഹിന്ദു ടെംബിള്‍ ഓഡിറ്റോറിയത്തില്‍ എല്ലാ ഇന്ത്യന്‍ കമ്മ്യൂണിറ്റിയേയും ഉള്‍പ്പെടുത്തി സംയുക്ത സമ്മേളനവും കാന്‍ഡില്‍ വിജിലും സംഘടിപ്പിച്ചിട്ടുണ്ട്‌. കൂടാതെ ഭീമ ഹര്‍ജിയും തയ്യാറാക്കുന്നുണ്ട്‌. പ്രസ്‌തുത സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌മാന്‍ പോള്‍ ടോങ്കോയും ആല്‍ബനി മേയറും പ്രമുഖരായ നിരവധി മറ്റു നേതാക്കളും സംബന്ധിക്കുന്നതാണ്‌. കൂടാതെ, പ്രാദേശിക അച്ചടിദൃശ്യ മാധ്യമങ്ങളും സന്നിഹിതരായിരിക്കും. ദേശീയപരമായി ഈ പ്രശ്‌നം ഉന്നയിക്കാനാണ്‌ ആല്‍ബനി ഇന്ത്യന്‍ സമൂഹത്തിന്റെ തീരുമാനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.