You are Here : Home / USA News

ആറന്‍മുള എയര്‍പോര്‍ട്ട് സംബന്ധിച്ച് കാര്യങ്ങള്‍ക്കായി ജോര്‍ജ് ഏബ്രഹാം, ശ്രീ. വി.എം. സുധീരനുമായി കൂടികാഴ്ച നടത്തി

Text Size  

Story Dated: Friday, March 07, 2014 11:46 hrs UTC

 
 

ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് ഏബ്രഹാം കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. വി.എം. സുധീരനേയും, വൈസ് പ്രസിഡന്റ് ശ്രീ. വി.ഡി. സതീശനേയും സന്ദര്‍ശിച്ചു.

ആറന്‍മുള എയര്‍പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങളെ  ആശങ്കയോടെയാണ് അമേരിക്കന്‍ മലയാളി സമൂഹം കാണുന്നത്. എയര്‍പോര്‍ട്ട് നടപ്പിലായാല്‍ മധ്യതിരുവിതാംകൂറിന്റെ മുഖഛായക്കു തന്നെ മാററം വരുമെന്നും വിദേശമലയാളികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരം ഉണ്ടാകുമെന്നും, അദ്ദേഹം ശ്രീ.വി.എം. സുധീരനെ അറിയിക്കുകയുണ്ടായി. അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം എയര്‍പോര്‍ട്ടു മാത്രമാണ് സുപ്രധാനം. അനുബന്ധ വികസനങ്ങള്‍ ജൈവ ആവാസ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാത്ത തരത്തിലും ആറന്മുളയുടെ ചരിത്രപരമായ പ്രാധാന്യം നശിപ്പിക്കാത്ത തരത്തിലായിരിക്കണം എന്നതാണ് ഞങ്ങളുടെ അഭിപ്രായം എന്നും അറിയിച്ചു. റണ്‍വേയും, എയര്‍പോര്‍ട്ടും കേരള തനിമ നിലനിര്‍ത്തി ചെയ്യാന്‍ സാധിക്കുമെന്നും റണ്‍വേ ഒഴികെയുള്ള സ്ഥലങ്ങള്‍ നെല്‍വയലുകളായി നിലനിര്‍ത്തിയും, നീര്‍ത്തടങ്ങള്‍ സൃഷ്ടിച്ചും മനോഹരമായി സംരക്ഷിക്കാന്‍ സാധിക്കുമെന്നും അതിന്റെ സാധ്യതകളെ കുറിച്ചും ജോര്‍ജ് ഏബ്രഹാം ശ്രീ.വി.എം. സുധീരനെ ധരിപ്പിച്ചു.

ആറന്മുള എയര്‍പോര്‍ട്ടിന്റെ പ്രാരംഭനടപടികള്‍ മുതല്‍ ക്രമവിരുദ്ധമായും ജനസംശയങ്ങള്‍ ജനിപ്പിക്കുന്ന തരത്തിലുമുള്ള നടപടിക്രമങ്ങളാണ് നടന്നു വന്നിരുന്നത് എന്ന് ശ്രീ.വി.എം. സുധീരന്‍ മറുപടിയായി പറഞ്ഞു. സുതാര്യവും, സത്യസന്ധമല്ലാത്തതുമായ നടപടിക്രമങ്ങളാണ് കേരള പൊതുസമൂഹത്തിനിടയില്‍ ഈ പദ്ധതിക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ(യു.എസ്.എ.) പ്രവര്‍ത്തകരുമായി കെ.പി.സി.സി.ക്കുള്ള ബന്ധം സുദൃഡമാക്കുന്നതിനുള്ള നടപടികള്‍ ശ്രീ.വി.ഡി. സതീശന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജോര്‍ജ് ഏബ്രഹാം അഭിപ്രായപ്പെട്ടു.

ഈ കൂടികാഴ്ചയില്‍ ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (യു.എസ്.എ.) മിഡ് വെസ്റ്റ് ഷിക്കാഗോ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ശ്രീ പോള്‍ പറമ്പിയും പങ്കെടുത്തു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.