You are Here : Home / USA News

അഖില ലോക പ്രാര്‍ത്ഥനാദിനം 2014 ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, February 20, 2014 11:43 hrs UTC

 

സര്‍വ്വദേശീയ എക്യൂമിനിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന “അഖില ലോക പ്രാര്‍ത്ഥനാ ദിന” ത്തോടനുബന്ധിച്ച് ഡാളസ് മേഖലയിലെ, വിവിധ ദേവാലയങ്ങളില്‍ നിന്നായി നൂറുകണക്കിന് വനിതകള്‍ 2014 മാര്‍ച്ച് 1ന്(ശനി) ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ഒത്തുകൂടുന്നു.

അസമാധാനത്തിന്റേയും, അരാജകത്വത്തിന്റേയും, നടുവില്‍, സംഘര്‍ഷം നിറഞ്ഞ, ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ പട്ടിണിയും, ദാരിദ്ര്യവും പേറി, അവശതയനുഭവിക്കുന്ന ആയിരക്കണക്കിന് മനുഷ്യജന്മങ്ങള്‍ക്ക് ആശ്വാസം പകരുവാന്‍ ലോക സമാധനത്തിന്റേയും, രക്ഷയുടേയും സന്ദേശവുമായി, ജന്മമെടുത്ത ക്രിസ്തുവിന്റെ കാലടികളില്‍ അഭയം തേടി, 170 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ മാര്‍ച്ച് ആദ്യവാരത്തില്‍, അഖില ലോക പ്രാര്‍ത്ഥനാദിനമായി ആചരിച്ചുവരുന്നു.

ഈജിപ്തിലെ ജനങ്ങളുടെ സംഘര്‍ഷങ്ങലും, പ്രതീക്ഷകളും പ്രതിഫലിപ്പിക്കുവാന്‍ “മരുഭൂമിയിലെ നീരുറവ” എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയമായി തെരെഞ്ഞെടുത്തിരിക്കുന്നത്.

രാവിലെ 9 മണിക്ക് ബഹു: വൈദീകരുടേയും, മറ്റു വിശിഷ്ട അതിഥികളുടേയും, നേതൃത്വത്തില്‍, വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന നൂറു കണക്കിന് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ തിരിതെളിയിച്ച് പ്രോഗ്രാമിന് തുടക്കം കുറിക്കും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വികാരി വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ സദസ്സിന് സ്വാഗതം ആശംസിക്കും. മിസ്സിസ്സ്. സൂസന്‍ തമ്പാന്‍ മുഖ്യപ്രഭാഷണം നടത്തും. റവ. ഫാ. ആന്‍ഡ്രൂക്വാലില്‍(കോ-ഓപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) വിശിഷ്ട അതിഥിയായിരിക്കും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പ്രോഗ്രാമിന് കൊഴുപ്പേകും.

വിവിധ ദേവാലയങ്ങള്‍ നേതൃത്വം നല്‍കുന്ന ഈജിപ്ത്യന്‍ ജനതയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

അതിപുരാതനമായ ഈജിപ്ത്യന്‍ സംസ്‌ക്കാരത്തിന്റെ മാഹാത്മയത്തെ അനുസ്മരിച്ചുകൊണ്ട്, "സെന്‌റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ യൂത്ത്" മിസ്സ്. ജെനിഫര്‍ ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഈജിപ്ത്യന്‍ ആവിഷ്‌ക്കാരം പരിപാടികളില്‍ മികച്ച ഇനമായിരിക്കും. മിസ്സിസ്സ്. ബിന്ദു ജോസഫ്(സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്) ന്റെ നേതൃത്വത്തില്‍, ഈജിപ്ത്യന്‍ ജനതയുടെ സംസ്‌ക്കാരത്തെകുറിച്ചുള്ള സ്ലൈഡ് ഷോയും നടത്തപ്പെടും.

ക്രിസ്തുസഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍, നിര്‍ണ്ണായകമായ പല ചരിത്ര സംഭവങ്ങള്‍ക്കും, സാക്ഷ്യം വഹിച്ചിട്ടുള്ള ഈജിപ്ത്യന്‍ സഭക്ക്, ക്രൈസ്തവ സഭ ചരിത്രത്തില്‍, അവസ്മരണീയമായ പങ്കാണുള്ളത്. ഈ ആധുനിക കാലഘട്ടത്തിലും, എക്യൂമിനിക്കല്‍ വീഷണത്തിലും, പങ്കാളിത്വത്തിലും, ഈജിപ്ത്യന്‍ സഭയ്ക്കുള്ള തീഷ്ണത അഭിനന്ദനീയമാണ്.

2013 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ കണ്‍വീനര്‍ മിസ്സിസ്സ് ജീമോള്‍ അനൂപ് യോഗത്തില്‍ അവതരിപ്പിക്കും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി, ശ്രീമതി ഏലിസബേത്ത് ജോര്‍ജ്(കണ്‍വീനര്‍), ശ്രീമതി മേഴ്‌സി അലക്‌സ്(കോര്‍ഡിനേറ്റര്‍, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.