You are Here : Home / USA News

മസ്‌കറ്റ് ഫെസ്റ്റിവല്‍ നാളെ മുതല്‍

Text Size  

Story Dated: Wednesday, January 22, 2014 08:19 hrs UTC

 

മസ്‌കറ്റ്: മസ്‌കറ്റ് ഫെസ്റ്റിവല്‍ - 2014- ന് വേണ്ടിയുള്ള വേദികള്‍ ഒരുങ്ങി. 20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ ജനവരി 23-ന് തുടങ്ങി ഫെബ്രുവരി 22 വരെയായി ഒരുമാസം നീണ്ടു നില്‍ക്കും.

ഫെസ്റ്റിവലിന്റെ ഭാഗമായി ഒമാന്റെ സൗഹൃദരാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുടെ കലാസാംസ്‌കാരിക, കായിക, വ്യാവസായിക വിനോദ പരിപാടികള്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിന്റെ വിവിധഭാഗങ്ങളില്‍ അരങ്ങേറും. പരിപാടിക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മസ്‌കറ്റ് നഗരസഭ വ്യക്തമാക്കി. എല്ലാ വേദികളും സജ്ജമാക്കിയതും നിയന്ത്രിക്കുന്നതും നഗരസഭയാണ്. 'ആഘോഷം എല്ലാവര്‍ക്കും' എന്ന ആശയത്തിന് കീഴിലുള്ള പരിപാടിയിലേക്ക് നഗരസഭ പ്രതീക്ഷിക്കുന്നത് 16 ലക്ഷം അതിഥികളെയാണ്.

കണ്‍സ്യൂമര്‍ പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍, ഫാമിലി വില്ലേജ്, തിയേറ്റര്‍ പരിപാടികള്‍, പാട്ട്, മറ്റ് പ്രകടനങ്ങള്‍, വെടിക്കെട്ട്, സര്‍ക്കാര്‍ പങ്കാളിത്തം എന്നിവയ്ക്ക് വേദിയാകുന്നത് നസീം ഗാര്‍ഡനാണ്. പരമ്പരാഗത കരവേലകള്‍, കലാസാംസ്‌കാരിക വില്ലേജ് പരിപാടികള്‍ എന്നിവയ്ക്ക് അമേരത് പാര്‍ക്കാണ് വേദി. ടൂര്‍ ഓഫ് ഒമാന്‍ ഉള്‍പ്പെടെ കായിക പരിപാടികള്‍ അല്‍ സീബ് ബീച്ച് സൈറ്റിലാണ് നടക്കുക.

മസ്‌കറ്റ് മാരത്തണ്‍, 24 മണിക്കൂര്‍ എന്‍ഡ്യൂറന്‍സ് റേസ്, മോട്ടോര്‍ സൈക്കിള്‍ റേസ്, മിഡില്‍ ഈസ്റ്റ് റാലി ചാമ്പ്യന്‍ഷിപ്പ്, ബോട്ട് റേസ്, ബീച്ച് സോക്കര്‍ ഫ്രീസ്‌റ്റൈല്‍ ഡാന്‍സിങ് ഷോ തുടങ്ങിയ ചില പരിപാടികള്‍ ഒമാന്‍ ഓട്ടോ മൊബൈല്‍ അസോസിയേഷന്‍ പരിസരത്തേക്കും സീബ് ബീച്ചിലേക്കും മാറ്റിയിട്ടുണ്ട്. സിറ്റി ആംഫി തിയേറ്ററില്‍ കാര്‍മന്‍ സുലൈമാന്‍, മജിദ് അല്‍ മോഹന്‍ദാസ് എന്നിവരുടെ സംഗീത പരിപാടികള്‍ ആഴ്ചാവസാനം കാണാം.

ഫെസ്റ്റിവലിന്റെ ഭാഗമായി ഭക്ഷ്യമേളയോ ഫാഷന്‍ വീക്കോ ഇത്തവണ ഇല്ല. ഫാഷന്‍വീക്ക് 2015 ജനവരിയില്‍ നടക്കുമെന്ന് മസ്‌കറ്റ് നഗരസഭയിലെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് എക്‌സ്‌റ്റേണല്‍ റിലേഷന്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ സെയ്ദ് സെയ്ഫ് സുബാ അല്‍ റഷീദി വ്യക്തമാക്കി.

അമരേത് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം ഒമാനി പൈതൃകഗ്രാമവും അന്താരാഷ്ട്ര പവലിയനുമായിരിക്കും. 32 രാജ്യങ്ങളില്‍ നിന്നുള്ള കരകൗശലവസ്തുക്കള്‍ പവലിയനില്‍ പ്രദര്‍ശിപ്പിക്കും. 13 രാജ്യങ്ങളില്‍ നിന്നുള്ള നാടന്‍ കലാകാരന്മാര്‍ പരമ്പരാഗത കലകള്‍ അവതരിപ്പിക്കും. മള്‍ട്ടിമീഡിയ, ഹൈ ടെക് ഓഡിയോ വിഷ്വല്‍ ടെക്‌നിക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന ഒമാന്‍ സാംസ്‌കാരികതയുടെ പ്രദര്‍ശനങ്ങള്‍ എല്ലാ ദിവസവും ഉണ്ടായിരിക്കും. ഇവയ്ക്ക് അകമ്പടിയായി ലേസര്‍ഷോയും കരിമരുന്നു പ്രയോഗവും ഉണ്ടാകും. അന്താരാഷ്ട്ര കണ്‍സ്യൂമര്‍ എക്‌സിബിഷനാണ് നസീം ഗാര്‍ഡന്റെ പ്രത്യേകത. നൃത്തങ്ങള്‍, മാജിക് ഷോ, അമ്യൂസ്‌മെന്‍റ് സെന്‍റര്‍ എന്നിവ നസീംഗാര്‍ഡനില്‍ അരങ്ങേറി.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.