You are Here : Home / USA News

യോങ്കെഴ്സിലെ മലയാളികമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ്പുതുവത്സരാഘോഷം ഒരവലോകനം: തോമസ്‌ കൂവള്ളൂർ

Text Size  

Story Dated: Tuesday, January 21, 2014 01:22 hrs UTC



 ന്യൂയോർക്ക്:
  ഇക്കഴിഞ്ഞ ജനുവരി നാലാംതിയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് 1500 സെൻട്രൽ പാർക്ക് അവന്യൂവിലുള്ള യോങ്കെഴ്സ് പബ്ലിക്ക് ലൈബ്രറിയിൽവെച്ച് ഇന്ത്യൻ അമേരിക്കൻ മലയാളീകമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ്പുതുവത്സരാഘോഷം എന്തുകൊണ്ടും ശ്രദ്ധേയമാർജിക്കുന്നതായിരുന്നു. തലേന്ന് ന്യൂയോർക്കിലും സമീപസ്റ്റേറ്റുകളിലും ഒരടിയോളം മഞ്ഞ് വർഷിച്ച 'ഹെർക്കുലീസ്' എന്ന ഭീകരമായ ശൈത്യക്കാറ്റ് ആഞ്ഞടിച്ചതും പിറ്റേന്ന് ഞായറാഴ്ച അതിശക്തമായ മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവുമെല്ലാം ഇന്നും പലരും ഓർക്കുന്നുണ്ടായിരിക്കുമല്ലോ. അന്നേദിവസം ഒരു ദിവസത്തേക്ക് മാത്രമായി മഞ്ഞും മഴയും മാറി നല്ലൊരു ദിവസം ഒത്തുവന്നത് വലിയൊരു ദൈവാനുഗ്രഹമായി എല്ലാവരും കരുതുന്നു. കൊടുംതണുപ്പിനെയും മഞ്ഞിനേയും വകവെയ്ക്കാതെ യോങ്കെഴ്സും സമീപപ്രദേശങ്ങളിലുമുള്ള  മലയാളികളുടെ കൂട്ടായ്മ ഈ ചടങ്ങുകളിൽ  കാണാൻ കഴിഞ്ഞു. ജാതിമതഭേദമെന്യേ കുടുംബസഹിതം പരിപാടികളിൽ അനേകർ അന്നേദിവസം എത്തിച്ചേർന്നിരുന്നുവെന്നുള്ളതും സംഘടനയോടും സംഘടനയുടെ പ്രവർത്തനങ്ങളോടുമുള്ള ജനങ്ങളുടെ വിശ്വാസത്തെ വിളിച്ചറിയിക്കുന്നു.

തിരക്കിനിടയിലും കൊടുംതണുപ്പുപോലും വകവെയ്ക്കാതെ ആഗതനായ യോങ്കെഴ്സ് സിറ്റിമേയർ അന്ന് സംഘടനാ പ്രസിഡന്റ് തോമസ്‌ കൂവള്ളൂരിന് മേയറുടെവക ‘പ്രൊക്ലമേഷൻ’ കൈമാറുകയുണ്ടായി. വെറും സാധാരണക്കാരന്റെ വേഷത്തിൽ വളരെ നേരത്തെതന്നെ അപ്രതീക്ഷിതമായി യോങ്കെഴ്സ്  മേയർ വന്നപ്പോൾ അവിടെയുണ്ടായിരുന്ന മലയാളിസമൂഹമൊന്നാകെ വിസ്മയത്തിലായിരുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടുള്ള അദ്ദേഹത്തിൻറെ താല്പര്യം ഇതിൽനിന്നും ഗ്രഹിക്കാവുന്നതാണ്. യോങ്കെഴ്സിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വളർച്ചയ്ക്ക് വളരെ നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും തന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ കമ്മ്യൂണിറ്റിക്ക് വേണ്ടതായ സകല പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ഇന്ത്യൻ കമ്മ്യൂണിറ്റിയെ  കാണുന്നതെന്നും പറഞ്ഞപ്പോൾ ഹർഷാരവവത്തോടെ സദസാകെ അദ്ദേഹത്തിൻറെ  വാക്കുകളെ ശ്രവിച്ചു.  തന്മൂലം നമ്മുടെ കമ്മ്യൂണിറ്റിയ്ക്ക് വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഈ മണ്ണിലുണ്ടെന്നുള്ളത് കൂടുതൽ വ്യക്തമാവുകയും ചെയ്തു. തുടർന്ന്‌ കേക്ക് മുറിച്ച് കൂട്ടായ്മയിൽ അദ്ദേഹം ഭാഗഭാക്കായതും ശ്രദ്ധേയമായിരുന്നു.   

വെറും സ്റ്റേജ് ഷോയ്ക്കുവേണ്ടി മാത്രമുള്ള ഒരു ചടങ്ങായിരുന്നില്ല ഐ.എ.എം. സി.വൈ. യുടെ ഇത്തവണത്തെ ന്യൂ ഇയർ ആഘോഷമെന്നുള്ളത് ഇവിടെ പ്രത്യേകമെടുത്തുപറയാൻ ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ വളർച്ചയ്ക്ക് കമ്മ്യൂണിറ്റിയുടെ ശക്തി കാണിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നതൊന്നാണ്. അത് മനസിലാക്കിയ ഭാരവാഹികൾ തൊട്ടടുത്തുള്ള അണ്ടർഹിൽ അവന്യൂവിലുള്ള സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ദിലീപ് ചെറിയാനെയും അദ്ദേഹത്തിൻറെ ചർച്ചിലെ ഗായകസംഘത്തെയും പ്രത്യേകം ക്ഷണിച്ചിരുന്നു. അങ്ങനെ ഒരു ചർച്ചിൽനിന്നു മാത്രമായി അമ്പതില്പ്പരമാളുകൾ ഭാഗഭാക്കായിയെന്നുള്ളതും വലിയൊരു സംഭവമായി കണക്കാക്കേണ്ടതുണ്ട്‌. കാരണം യോങ്കെഴ്സിൽ പതിനഞ്ചിൽത്താഴെയുള്ള  അംഗങ്ങൾമാത്രമുള്ള പള്ളികൾവരെയുണ്ട്. അപ്പോൾ ഓരോ പള്ളികളിൽനിന്നും അവിടുത്തെ അംഗങ്ങൾ ഇത്തരത്തിലുള്ള പൊതുപരിപാടികളിൽ പങ്കെടുക്കാൻ മുമ്പോട്ടുവന്നാൽ നമ്മുടെ കമ്മ്യൂണിറ്റി എത്രമാത്രം ശക്തമാകുമായിരുന്നുവെന്നുള്ളതും ചിന്തനീയമാണ്. പള്ളിയിൽ പോവണം. നല്ലതുതന്നെ. ഒരു ക്രിസ്ത്യാനിയുടെ കടമയുമാണ്. എന്നാൽ പള്ളികളിൽമാത്രം ഒതുങ്ങിനിൽക്കാതെ സാമൂഹിക സാംസ്ക്കാരിക കാര്യങ്ങളിലും സമൂഹം പങ്കാളികളാകാൻ മുമ്പോട്ടുവരണം.  പ്രോത്സാഹനങ്ങളും നൽകണം. അതിനുള്ള ഉത്തരവാദിത്വം വൈദികർക്കാണ്. റവ.ഫാ. ദിലീപ് ചെറിയാന്റെ നേതൃത്വത്തിൽ അവരുടെ പള്ളിക്കാർ മുമ്പോട്ടുവന്നത് വാസ്തവത്തിൽ നമ്മുടെ കമ്മ്യൂണിറ്റിയ്ക്കുതന്നെ ഒരു മാതൃകയാണ്. നാം വസിക്കുന്ന യോങ്കെഴ്സ് നഗരം ന്യൂയോർക്കിലെ നാലാമത്തെ പ്രാധ്യാന്യമേറിയ പട്ടണമായിരുന്നിട്ടുകൂടി ഇന്നിവിടെ മൊത്തം 200,000 ജനങ്ങൾ മാത്രമേ അധിവസിക്കുന്നുള്ളൂ. അവരുടെയിടയിൽ നിർണ്ണായകശക്തിയായി വളരാനുള്ള സാദ്ധ്യതകളെല്ലാം നമ്മുടെ സമൂഹൂത്തിനുണ്ടെന്നുള്ള വസ്തുത എല്ലാ പള്ളിപ്രവർത്തകരും സാമൂഹിക പ്രവർത്തകരും മനസ്സിലാക്കിക്കൊണ്ട്  പ്രവർത്തിച്ചിരുന്നുവെങ്കിൽ സമീപഭാവിയിൽ നമ്മുടെ വളർന്നുവരുന്ന കുഞ്ഞുങ്ങൾ യോങ്കെഴ്സ് സിറ്റിയുടെ ഭരണസാരിഥ്യംവരെ പിടിച്ചുപറ്റുമായിരുന്നു.

റിപ്പബ്ലിക്കൻ, ഡമോക്രാറ്റ് എന്നീ രണ്ടു പാർട്ടികളിലും പ്രവർത്തിക്കുന്നവരെ ചടങ്ങിൽ വിശിഷ്ഠാതിഥികളായി  ക്ഷണിക്കാൻ സംഘടനാഭാരവാഹികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലെ അറിയപ്പെടുന്ന അംഗമായ ഷെല്ലിമെയർ യോങ്കെഴ്സിൽനിന്നുമുള്ള പ്രതിനിധിയാണ്. ഒരു യഹൂദ വംശജകൂടിയായ അവർ പരിചയസമ്പന്നയായ ഒരു അറ്റോർണികൂടിയാണ്. ഇന്ത്യൻ കമ്മ്യൂണിറ്റിയിൽപ്പെട്ടവരെ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന് കൈപിടിച്ചുയർത്തുവാൻ അവരെപ്പോലുള്ളവർ സന്നദ്ധരുമാണ്. ഇന്ത്യൻ കമ്മ്യൂണിറ്റി,   ന്യൂയോർക്കിൽ പ്രത്യേകിച്ച് യോങ്കെഴ്സിൽ വളരെ സ്വാധീനശക്തിയുള്ള ഒരു സമൂഹമായി വളർന്നുവരുന്നതിൽ അവർ പ്രത്യേകം സന്തോഷം പ്രകടിപ്പിക്കുകയും സംഘടനാപ്രസിഡന്റ് തോമസ്‌ കൂവള്ളൂരിന്റെ പ്രവർത്തനങ്ങളെ അങ്ങേയറ്റം പുകഴ്ത്തുകയുമുണ്ടായി.

സിറ്റികൌണ്‍സിൽ പ്രസിഡന്റായി പുതുതായി ഉത്തരവാദിത്വം ഏറ്റെടുത്ത ലിയാം മക്ലാഗ്ലിൻ വിശിഷ്ഠാതിഥികളിൽ ഒരാളായിരുന്നു. അദ്ദേഹവും പരിചയസമ്പന്നനായ ഒരു അറ്റോർണിയും റിപ്പബ്ലിക്കൻപാർട്ടിയിലെ പ്രമുഖനുമാണ്. താൻ തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായിട്ടാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിനവസരമുണ്ടാക്കിക്കൊടുത്ത ഐ.എ.എം.സി.വൈ. ഭാരവാഹികളെ പത്യേകം പുകഴ്ത്തുകയും യോങ്കെഴ്സിലെ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റിയുടെ കൂട്ടായ്മയിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ ആദ്യവസാനം മൊത്തം പരിപാടികളിൽ അദ്ദേഹം സംബന്ധിയ്ക്കുകയും ചെയ്തു.  

യോങ്കെഴ്സ് സിറ്റികൌണ്‍സിൽ മജോറിട്ടിലീഡറായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ലാർക്കിൻ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധികരിക്കുന്നു. കഴിഞ്ഞതവണ അദ്ദേഹം സിറ്റിയുടെ മൈനോറിറ്റിനേതാവായിരുന്നു. യോങ്കെഴ്സിലെ സെന്റ്‌ ആന്റണീസ് കാത്തോലിക്കാ പള്ളിയിലെയും പാരീഷ് കൌണ്‍സിലെയും അംഗവുംകൂടിയാണ്. അതേപള്ളിയിലെ അംഗമാണ് ഈ ലേഖകനും. അദ്ദേഹത്തിൻറെ മുഖ്യപ്രവർത്തനം തുടക്കമിട്ടതും പള്ളി കേന്ദ്രികരിച്ചായിരുന്നുവെന്ന കാര്യവും പ്രസ്താവ്യമാണ്. 'താൻ സിറ്റി കൌണ്‍സിൽ അംഗമായി സ്ഥാനമേറ്റെടുത്തശേഷം എല്ലാ വർഷവും ഐ.എ.എം.സി.വൈ.യുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. കൂടാതെ അമേരിക്കൻ നാടുകളിൽ കുടിയേറിയിട്ടുള്ള ഇന്ത്യാക്കാരിൽ ഏകദേശം 65 ശതമാനവും കോളേജു ഡിഗ്രിയുള്ളവരെന്നും അവരിൽ നാൽപ്പതു ശതമാനം ബിരുദാനന്തര ബിരുദവും നേടിയവരെന്നും കണക്കുകൾ നിരത്തികൊണ്ട് അദ്ദേഹം  കമ്മ്യൂണിറ്റിയെ  ബോധവല്ക്കരിക്കുകയുണ്ടായി.   

അങ്ങനെ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് വളരാനുള്ള എല്ലാ സാഹചര്യവും യോങ്കെഴ്സിലുള്ളപ്പോൾ ഇവിടുത്തെ ഭരണകർത്താക്കളുമായി ബന്ധങ്ങൾ സ്ഥാപിച്ചെടുത്ത് വേണ്ടവിധത്തിൽ വിനിയോഗിക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ സമൂഹത്തിന്റെ വളർച്ചയ്ക്കും ഉന്നതിക്കും കാരണമായി ഭവിക്കുമെന്നതിൽ സംശയമില്ല.

രണ്ടുമണിക്കാരംഭിച്ച പൊതുപരിപാടിയിൽ ബ്രോണ്‍സ് സെന്റ്‌ തോമസ്‌ സീറോ മലബാർ ചർച്ചിലെ സിസ്റ്റർ ക്ലെയർ ഇറ്റാലിയൻ ഭാഷയിലുള്ള പ്രാർത്ഥനാ ഗാനമാലപിച്ചപ്പോൾ സദസുമുഴുവനും ഗാനലഹരിയിൽ വികാരഭരിതരായിരുന്നു. സംഘടനയുടെ പ്രസിഡന്റ് തോമസ്‌ കൂവള്ളൂർ ആഗതരാവർക്കെല്ലാം സ്വാഗതം പറയുകയുണ്ടായി. റവ. ഫാ. ദിലീപ് ചെറിയാൻ ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സ്നേഹം പങ്കുവെച്ചു. സമൂഹമായി ഒത്തിണങ്ങി പ്രവർത്തിക്കുകയും യേശുക്രിസ്തുവിനെ മാതൃകയാക്കി ലോകത്തിന്റെ പ്രകാശം വ്യാപിപ്പിക്കുകയും ചെയ്യണമെന്ന് തന്റെ സന്ദേശത്തിൽക്കൂടി ഉൽബൊധിപ്പിക്കുകയും ചെയ്തു.  

നാട്യമുദ്ര സ്കൂളിന്റെ നേതൃത്വത്തിൽ ഡാൻസുകളും ഗായകൻ ജോബി കിടാരത്തിന്റെ ഗാനങ്ങളും ചടങ്ങുകൾക്ക് ഹൃദ്യമായ മനോഹാരിത നല്കി.  ഫൊക്കാന നാഷണൽ കമ്മറ്റി മെംബർകൂടിയായ എം.കെ. മാത്യൂസ് പരിപാടികളുടെ കോഓർഡിനേറ്ററായിരുന്നു. ദേശീയലവലിൽ അറിയപ്പെടുന്ന സഹകാരി ലൈസാ അലക്സും, യോങ്കേഴ്സ്‌ പബ്ലിക്ക് സ്കൂൾ അദ്ധ്യാപകനും ഐ.എ.എം.സി.വൈ. വൈസ് പ്രസിഡന്റുമായ ഷാജി തോമസും ഒത്തൊരുമിച്ച് പരിപാടികളുടെ എം.സി. മാരായി പ്രവർത്തിച്ചു. ഫൊക്കാന ന്യൂയോർക്ക് റീജിയന്റെ വൈസ്പ്രസിഡന്റ് അറ്റോർണി വിനോദ് കെയാർകെ ആശംസാ പ്രസംഗം നടത്തി. സെന്റ്‌ ഗ്രിഗോറിയോസ് ഒർത്തഡോക്സ്‌ പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ഗാനങ്ങളും ആലപിച്ചിരുന്നു. സെക്രട്ടറി ഇട്ടൻ ജോർജ് എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി. അഞ്ചുമണിയോടെ പരിപാടികൾ സമംഗളം പര്യവസാനിച്ച് യോങ്കെഴ്സ് മലയാളികളുടെ ഒരു ചരിത്രമുഹൂർത്തവും അന്നു കുറിച്ചു.   
തോമസ്‌ കൂവള്ളൂർ    

        
 
    
 
    

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.