You are Here : Home / USA News

അറസ്റ്റ്‌ ചെയ്‌ത്‌ പ്രവാസികളുടെ പൗരാവകാശം അട്ടിമറിക്കാന്‍ സര്‍ക്കാരിനാകില്ല: രാജീവ്‌

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, January 18, 2014 02:11 hrs UTC

 

ന്യൂഡല്‍ഹി: എന്റെ 11 ദിവസത്തെ നിരാഹാര സത്യാഗ്രഹത്തിന്‌ പ്രവാസികള്‍ നല്‌കിയ സഹായത്തിനും സഹകരണത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു; നന്ദി പറയുന്നു. പോലീസ്‌ എന്നെ അറസ്റ്റ്‌ ചെയ്‌ത്‌ തല്‌ക്കാലം മാറ്റിയെങ്കിലും എന്റെ ലക്ഷ്യത്തെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും കഴിയില്ല. ഞാന്‍ ആവശ്യപ്പട്ടത്‌ ലോകമെമ്പാടുമുള്ള പ്രവാസികളുടെ പൗരാവകാശമാണ്‌. എന്നന്നേക്കുമായി അത്‌ നിഷേധിക്കുവാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ല. ആവശ്യക്കാര്‍ ഒന്നിച്ചുനിന്ന്‌ പോരാടിയാല്‍ നടക്കാത്ത കാര്യമൊന്നുമല്ല ഞാന്‍ മുന്നോട്ടു വച്ചത്‌.

പ്രവാസികളുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന എന്റെ ആവശ്യം പുഛിച്ചു തള്ളുന്നവര്‍, മൂഢസ്വര്‍ഗത്തിലാണ്‌ ജീവിക്കുന്നത്‌, അല്ലെങ്കില്‍ ഇവരെല്ലാവരും 3 കോടി പ്രവാസികളെ വിഡ്‌ഢികളാക്കുകയാണ്‌. ലോക ബാങ്കിംഗ്‌ സിസ്റ്റം തന്നെ ഓണ്‍ലൈന്‍ സംവീധാനത്തിലാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഓരോ സെക്കന്റിലും ബില്ല്യന്‍ കണക്കിന്‌ ഡോളറുകളാണ്‌ ഓണ്‍ലൈന്‍ വഴി ട്രാന്‍സ്‌ഫര്‍ നടക്കുന്നത്‌. പരിപൂര്‍ണ്ണ വിശ്വാസത്തോടെ സ്വന്തം സമ്പാദ്യം മുഴുവന്‍ ഓണ്‍ലൈന്‍ സവീധാനത്തില്‍ അടിയറ വയ്‌ക്കുന്നതിലും വലുതാണോ, സുരക്ഷിതമായി തന്റെ ഒരു വോട്ടു ഓണ്‍ലൈന്‍ വഴി ഇന്ത്യയില്‍ എത്തുകയില്ലെന്നു വിമര്‍ശകരും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പറയുന്നത്‌ ?

ഇന്ത്യയിലെ 130 കോടി ജനങ്ങളേയും 'ആധാര്‍' എന്ന അത്യുന്താതുനികത സാങ്കേതിക സംവീധാനത്തില്‍ കൊണ്ടു വരുന്ന ഗവണ്‍മെന്റിന്‌, ഒന്നരക്കോടി പ്രവാസികളുടെ വോട്ടവകാശം സുരക്ഷിതമായി ഓണ്‍ലൈന്‍ വഴി നടപ്പാക്കുവാന്‍ സാധിക്കില്ലേ ? വോട്ടവകാശം കമ്പ്യൂട്ടര്‍ വഴി നടപ്പാക്കുന്നത്‌ സുരക്ഷിതമല്ലെങ്കില്‍, ഇപ്പോള്‍ ഇന്ത്യയില്‍ തിരഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്ന 'ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്റെ' വിശ്വാസ്യത എന്താണ്‌ ? കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശത്രു രാജ്യങ്ങളില്‍ നിന്നും 130 കോടി ജനങ്ങളെ സംരക്ഷിക്കുന്നതിലും വലുതാണോ, പ്രവാസികളുടെ വോട്ടുകള്‍ ഓണ്‍ലൈന്‍ വഴി സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്‌ കഴിയാത്തത്‌ ?

ശൂന്യാകാശത്തേക്ക്‌ റോക്കറ്റു വിക്ഷേപിച്ചു ഭൂമിയിലിരുന്നു കമ്പ്യൂട്ടര്‍ വഴി നിയന്ത്രിക്കുന്നതിലും പണിയാണോ, പ്രവാസികളുടെ വോട്ടുകള്‍ വഴിയില്‍ ചോരാതെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാരിന്‌ കെല്‌പ്പില്ലാത്തത്‌ ? കമ്പ്യൂട്ടര്‍ വിദഗ്‌ദ്ദരേയും രാഷ്ട്രീയനിയമമാധ്യമപ്രവാസി പ്രധിനിധികളെയും ഉള്‍പ്പെടുത്തി 'ഓണ്‍ലൈന്‍ അഥവാ പോസ്റ്റല്‍ വോട്ടിംഗ്‌' സംവീധാനത്തിന്റെ സാധ്യതകളേക്കുറിച്ച്‌ പഠിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ തയ്യാറാകാത്തത്‌ എന്തുകൊണ്ടാണ്‌ ? ഇന്ത്യന്‍ പൗരന്മാരായി വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഒന്നരക്കൊടിയിലധികം പ്രവാസികളുടെ വോട്ടവകാശത്തിലും വലുതാണോ, കൊല ചെയ്‌ത്‌ ജയിലില്‍ അടച്ചിരുന്ന 2 ഇറ്റാലിയന്‍ നാവികരെ വോട്ടുചെയ്യാന്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ ഇറ്റലിയിലേക്ക്‌ അയച്ചത്‌ ?

ഇന്ത്യയുടെ സമഗ്രമായ പുരോഗതിക്കുവേണ്ടി വിദേശ ഇന്ത്യാക്കാരുടെ ജനാധിപത്യ പ്രാതിനിധ്യം അനിവാര്യമാണെന്ന്‌ മനസ്സിലാക്കികൊണ്ട്‌, കഴിഞ്ഞ 8 വര്‍ഷമായി ഞാന്‍ നടത്തുന്ന പോരാട്ടം അന്തിമ വിജയത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌, 'പ്രവാസി ഭാരതീയ ദിവസ്‌' സമ്മേളനത്തോടനുബന്ധിച്ചു നിരാഹാര സത്യാഗ്രഹം ഞാന്‍ നടത്തിയത്‌. ഈ സമരം വിജയിപ്പിക്കുക എന്നത്‌ ഡല്‍ഹിയിലെത്തിയ പ്രവാസി നേതാക്കളുടെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം പ്രവാസി സംഘടനാ നേതാക്കളും എന്റെ സമരം അട്ടിമറിക്കാന്‍ ശ്രമിച്ചതാണ്‌ വിരോധാഭാസം. ആര്‍ക്കുവേണ്ടിയാണ്‌ ഇവരൊക്കെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതെന്ന്‌ ഇനിയെങ്കിലും ലോകമെമ്പാടുമുള്ള പ്രവാസികള്‍ ഒരു നിമിഷം ചിന്തിക്കണം.

രാഷ്ട്രീയനേതാക്കളുമായി ചങ്ങാത്തം ഉണ്ടാക്കുവാനും അതുവഴി കഴിയാവുന്നത്ര ലാഭത്തിനും പ്രശസ്‌തിക്കും വേണ്ടി മാത്രമാണ്‌ ബഹുഭൂരിപക്ഷം പ്രവാസി നേതാക്കളും സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്‌. പ്രവാസ ലോകത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒന്നും ഇവരുടെ പ്രശ്‌നങ്ങള്‍ അല്ല. എന്നാല്‍, പ്രവാസികളുടെ ഉന്നമനത്തിന്‌ വേണ്ടി കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലാഭേഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനാ നേതാക്കള്‍ ഉണ്ട്‌. ഇവരില്‍ പലരുടേയും നല്ല മനസ്സോടെയുള്ള പിന്തുണ എന്റെ സമരത്തിന്‌ ലഭിച്ചതാണ്‌, പച്ചവെള്ളം മാത്രം കുടിച്ചു 11 ദിവസം സമരം നടത്തുവാനുള്ള ഊര്‍ജ്ജം എനിക്ക്‌ കിട്ടിയത്‌. ഈ നേതാക്കാള്‍ക്കെല്ലാം ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുകയാണ്‌.

പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ 800 പ്രവാസി നേതാക്കളില്‍ കേവലം 50 പേരാണ്‌ എന്റെ സമരപന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്‌. സമ്മേളന നഗരിയില്‍ നിന്നും കേവലം 5 മിനുട്ട്‌ മാത്രം ദൂരെയായിരുന്നു അവര്‍ക്ക്‌ വേണ്ടി കൊടും തണുപ്പത്ത്‌ ഞാന്‍ പട്ടിണി കിടന്നത്‌. നാലഞ്ചു ദിവസ ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും ഒന്ന്‌ തിരിഞ്ഞു നോക്കാന്‍ പോലും സന്മനസ്സ്‌ കാണിക്കാതിരുന്ന ഈ നേതാക്കള്‍ പ്രവാസികള്‍ക്ക്‌ അപമാനമാണ്‌.

11 ദിവസം സത്യാഗ്രഹം നീട്ടിക്കൊണ്ടു പോകാന്‍ എന്നെ ഏറെ സഹായിച്ചത്‌ ഡല്‍ഹി മലയാളികളും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരുമാണ്‌. പ്രവാസി നേതാക്കളുടെ തനിരൂപം കണ്ട്‌ ഇവരെല്ലാം ഇപ്പോള്‍ അന്തം വിട്ടിരിക്കുകയാണ്‌. ഒന്നര ലക്ഷം രൂപ ചിലവു കണ്ടുകൊണ്ടാണ്‌ സത്യാഗ്രഹത്തിന്‌ ഞാന്‍ തയ്യാറായത്‌. ഇതിനുവേണ്ടി 25 പ്രവാസി സുഹൃത്തുക്കളോട്‌ ഞാന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇവരില്‍ ഭൂരിപക്ഷവും സഹായിക്കാമെന്ന്‌ വാക്കും തന്നിരുന്നു. 5 പ്രവാസി സുഹൃത്തുക്കളും 3 ഡല്‍ഹി സുഹൃത്തുക്കളുമായി 26000 രൂപാ സംഭാവനയായി ഇതുവരെ തന്നിട്ടുണ്ട്‌. ഇവരുടെ പേര്‌ വിവരങ്ങള്‍ www.giadelhi.com എന്ന വെബ്‌സൈറ്റില്‍ പബ്ലിഷ്‌ ചെയ്‌തിട്ടുണ്ട്‌. ഇവര്‍ക്കെല്ലാവര്‍ക്കും ഒരായിരം നന്ദി. സമരത്തിനു വേണ്ടി ആകെ ചിലവായത്‌ 135,000 രൂപയാണ്‌. കുറച്ചു പ്രവാസി സുഹൃത്തുക്കള്‍ കൂടി സാമ്പത്തികമായി സഹായിക്കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.

എന്തായാലും ഞാന്‍ എന്റെ പോരാട്ടത്തില്‍ നിന്നും പിന്മാറുവാന്‍ തയ്യാറല്ല. അറസ്റ്റ്‌ ചെയ്‌ത്‌ എന്റെ സമരം അട്ടിമറിച്ചവര്‍ വിഡ്‌ഢികളെന്നേ ഞാന്‍ പറയൂ.....പ്രവാസികളുടെ വോട്ടവകാശം അവരുടെ പൗരാവകാശമാണ്‌. അത്‌ നേടിയെടുക്കുന്നതുവരെ എന്‍റെ പോരാട്ടം തുടരും. ലോകമെമ്പാടുമുള്ള സാധാരണക്കാരായ പ്രവാസികള്‍ എന്നോടൊപ്പം ഉണ്ടാകണമെന്ന്‌ വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.

അഭിവാദനങ്ങളോടെ,

രാജീവ്‌ ജോസഫ്‌
ന്യൂഡല്‍ഹി
ഫോണ്‍ :9818342949.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.