You are Here : Home / USA News

ന്യൂയോര്‍ക്കിലെ എക്കോറോട്ടറി സ്‌നേഹവീടുകള്‍ക്ക് കുമരകത്ത് തറക്കല്ലിട്ടു

Text Size  

Story Dated: Saturday, October 19, 2019 03:10 hrs UTC

 

എ.എസ് ശ്രീകുമാര്‍
 
കുമരകം: കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പദ്ധതി പ്രകാരം ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള "എക്കോ' (എന്‍ഹാന്‍സ് കമ്മ്യൂണിറ്റി ത്രൂ ഹാര്‍മോണിയസ് ഔട്ട്‌റീച്ച്) എന്ന സന്നദ്ധ സേവന സംഘടന റോട്ടറി ക്ലബുമായി (റോട്ടറി ഡിസ്ട്രിക്ട് 3211) സഹകരിച്ച് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന 25 "എക്കോറോട്ടറി ഹോംസി'ന്റെ തറക്കല്ലിടീല്‍ കര്‍മം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. ഇന്ന് രാവിലെ (ഒക്ടോബര്‍ 11) 10.30ന് കുമരകം ആറ്റമംഗലം സെന്റ് ജോണ്‍സ് ജാക്കബൈറ്റ് പള്ളി ഓഡിറ്റോറിയത്തിലായിരുന്നു പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട കുമരകം ഗ്രാമ പഞ്ചായത്തില്‍പ്പെട്ടവരുടെ കണ്ണീരൊപ്പുന്ന സമ്മേളനം.
 
""എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിത്. കാരണം, ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് തലചായ്ക്കാന്‍ ഒരു വീട്. ഭവനം എന്നത് സുരക്ഷിതത്വത്തിന്റെ സ്ഥാനമാണ്. അത് ഇവിടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. പ്രളയം പോലുള്ള പ്രകൃതി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസമെന്നത് ഒരു സര്‍ക്കാരിനെക്കൊണ്ട് മാത്രം നിര്‍വഹിക്കാന്‍ പറ്റുന്ന കാര്യമല്ല. സന്നദ്ധ സംഘടനകളുടെയും സഹായം അനിവാര്യമാണ്. ഇവിടെയാണ് അമേരിക്കയിലെ എക്കോയും റോട്ടറി ക്ലബും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചിരിക്കുന്നത്. മഹത്തായ ഈ ജീവകാരുണ്യ പ്രവര്‍ത്തിയില്‍ സന്തോഷം പങ്കുവയ്ക്കുന്നതോടൊപ്പം അവര്‍ക്കുള്ള നന്ദിയും അറിയിക്കുകയാണ്...'' എക്കോറോട്ടറി സംയുക്ത സംരംഭമായ 25 സ്‌നേഹവീടുകളുടെ തറക്കല്ലീടീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി പറഞ്ഞു.
 
റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണ്ണര്‍ ഡോ. ജോണ്‍ ഡാനിയേലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എക്കോയുടെ പ്രതിനിധിയായി അലക്‌സ് ആന്റണി വീടിന്റെ സമ്മതപത്രം നല്‍കുകയും ആശംസകള്‍ നേരുകയും ചെയ്തു. ജാതി, മത, രാഷ്ട്രീയ, വര്‍ണ വൈജാത്യങ്ങള്‍ക്കപ്പുറം മനുഷ്യന്‍ എന്ന ഏകമന്ത്രമാണ് എക്കോയുടെ സ്‌നേഹ സേവനങ്ങളുടെ മാനദണ്ഡമെന്നും പരസ്പര ബന്ധത്തിലൂടെ വ്യക്തികളും വിവിധ സമൂഹങ്ങളും ആധ്യാത്മികവും സാമൂഹികവും സാമ്പത്തികവുമായ മെച്ചപ്പെട്ട അവസ്ഥയിലെത്താന്‍ പശ്ചാത്തലമൊരുക്കുകയെന്നതാണ് എക്കോയുടെ ആത്യന്തികമായ ലക്ഷ്യമെന്നും റോട്ടറി ക്ലബുമായി സഹകരിച്ച് നടത്തുന്ന ഈ പ്രളയ പുനരധിവാസ ഭവന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
""ലോകത്തിന്റെ ടൂറിസം ഭൂപടത്തില്‍ കുമരകത്തിന് സവിശേഷമായ സ്ഥാനമുണ്ടെങ്കിലും ഇവിടത്തെ കരി പ്രദേശത്തെ ജനങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പ്രളയമുണ്ടായപ്പോള്‍ അവരുടെ വീടുകളെല്ലാം തകര്‍ന്നു. ദുസ്സഹമായ ഈ സാഹചര്യത്തില്‍ അവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനുള്ള സന്‍മസ് കാട്ടിയ എക്കോയുടെയും റോട്ടറി ക്ലബിന്റെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഈ വീടുകള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെ...'' അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ ആശംസിച്ചു.
 
കുമരകം കരി പ്രദേശത്തെ ജനങ്ങളുടെ ദുരവസ്ഥ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്ന് ഇക്കാര്യം റോട്ടറിയുടെയും എക്കോയുടെയും ഏറ്റെടുക്കലിന് കാരണക്കാരിയാവുകയും ഭവനനിര്‍മാണത്തില്‍ എത്തിക്കുകയും ചെയ്ത സാമൂഹിക പ്രവര്‍ത്തക നിഷ ജോസ് കെ മാണിയുടെ നിറസാന്നിധ്യം സമ്മേളനത്തില്‍ ശ്രദ്ധേയമായി. തദവസരത്തില്‍ 25 വീടുകളുടെ സമ്മതപത്രം ഗുണഭോക്താക്കള്‍ ഏറ്റുവാങ്ങി. 470 സ്ക്വയര്‍ ഫീറ്റുള്ള ഒരു വീടിന് ഏകദേശം 5.75 ലക്ഷം രൂപ ചെലവുവരും. രണ്ട് ബെഡ് റൂമും അടുക്കളയും സിറ്റ്ഔട്ടുമുള്ള ബാത്ത് അറ്റാച്ച്ഡ് കോണ്‍ക്രീറ്റ് വീടുകളാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
 
തങ്കമ്മ മത്തായി ആശാരിമറ്റം, സുജിമോള്‍ ജെയിംസ് ചാത്തംപറമ്പില്‍, അജിത പൂത്രക്കളം, കെ.ജി രജിമോന്‍ കുളത്തൂത്തറ, ഷൈല സജീവ് ചെമ്പുമാത്ര, ഷൈനി ജയദേവന്‍ പൂമംഗലം, ബിജി കാരിയില്‍, രതീഷ് പി.സി പുതുവല്‍, ജോസഫ് കല്ലുകണ്ടം, തങ്കച്ചന്‍ തുണ്ടിയില്‍, സതീഷ് പുത്തന്‍കരിച്ചിറ, വി.ജി രാജു വേഴപ്പറമ്പ്, കുഞ്ഞുകുഞ്ഞ് പുതുവല്‍, ജോണി ഇല്ലംകുളത്തുകാവ്, കെ.ജി ചക്രപാണി കള്ളിപ്പറമ്പ്, അമ്മിണി പോജിക്കച്ചിറ, കുഞ്ഞുമോള്‍ ചാക്കോ കുന്നക്കാട്, റജി ചാക്കോ കുന്നക്കാട്, ശാന്തമ്മ കുഞ്ഞുകുഞ്ഞ് കുന്നേല്‍, സൂര്യമോള്‍ ആഞ്ഞിലിപ്പറമ്പ്, രജീഷ് പുത്തന്‍കരിച്ചിറ, കെ.ജെ ആന്റണി കായിത്തറ, ശാന്തന്‍ തറയില്‍, അമ്മിണി തോമസ് മാലിത്തറ, കൊച്ചുമോന്‍ പുതുവല്‍ എന്നിവരാണ് സമ്മതപത്രം ഏറ്റുവാങ്ങിയത്.
 
യോഗത്തില്‍ വൈ ഡാനിയേല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ റോട്ടറി ക്ലബ് പൂര്‍ത്തിയാക്കിയ ഒരു സ്‌നേഹവീടിന്റെ താക്കോല്‍ അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ അമ്മിണിഷാജി ദമ്പതികള്‍ക്ക് കൈമാറി. റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണ്ണര്‍ ഡോ. ജോണ്‍ ഡാനിയേലിന്റെ പിതാവിന്റെ പേരിലുള്ളതാണ് ഈ ഫൗണ്ടേഷന്‍. എക്കോയ്‌ക്കൊപ്പം റോട്ടറി ക്ലബിനും ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഭാവിയില്‍ സമാനമായ പദ്ധതികളുമായി മുന്നോട്ടുവരുന്നതില്‍ സന്തേഷമേയുള്ളൂവെന്നും ഡോ. ജോണ്‍ ഡാനിയേല്‍ പറഞ്ഞു. സമ്മേളനത്തില്‍ റോട്ടറി മുന്‍  ഡിസ്ട്രിക്ട് ഗവര്‍ണ്ണറും എക്കോ റോട്ടറി ഹോംസ് പ്രോജക്റ്റ് ചെയര്‍മാനുമായ ഇ.കെ ലൂക്ക് സ്വാഗതമാശംസിച്ചു. ആറ് മാസത്തിനകം വീടുകളുടെ പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നടത്തുന്നതാണന്ന് അദ്ദേഹം ഉറപ്പുനല്‍കി. സമ്മേളനത്തില്‍ എക്കോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിന്റെ സഹോദരന്‍ എബ്രഹാം മാത്യുവും സന്നിഹിതനായിരുന്നു.
 
കുമരകം പഞ്ചായത്ത് പ്രഡിഡന്റ് എ.പി. സാലിമോന്‍, വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രബോസ്, കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് റജി കോര എബ്രഹാം, പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ കൃഷ്‌ണേന്ദു, രജിത കൊച്ചുമോന്‍, സിന്ധു രവീന്ദ്രന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭവനപദ്ധതിയുടെ 25 ഗുണഭോക്താക്കളുടെ പ്രതിനിധിയായി മേഖല ജോസഫ് എക്കോയ്ക്കും റോട്ടറി ക്ലബിനുമുള്ള നന്ദി അറിയിച്ചു. വൈക്കം റോട്ടറി ക്ലബ് പ്രസിഡന്റ് ഐജു നീരാക്കല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.
 
എക്കോ ഇതിനു മുമ്പും കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അവരുടെ നിര്‍ലോഭമായ സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ അമേരിക്കയിലെ കമ്മ്യൂണിറ്റിയില്‍ നിന്നും മറ്റും ആവേശകരമായ സഹായസഹകരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലേയ്ക്ക് എക്കോ അടുത്തയിടെ മെഡിക്കല്‍ സഹായമെത്തിച്ചു. അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കി. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുഖേന ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീന്‍ സംഭാവന ചെയ്തു. വൃക്കദാനത്തിലൂടെ ചിരപരിചിതനായ ഡേവിഡ് ചിറമ്മേല്‍ അച്ചന്‍ കേരളത്തില്‍ എക്കോയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. കമ്മ്യൂണിറ്റി അവെയര്‍നെസ് പ്രോഗ്രാം, ടാക്‌സ് പ്ലാനിംഗ് ആന്‍ഡ് എസ്‌റ്റേറ്റ് വര്‍ക് ഷോപ്പ്, ഫ്രീ ക്യാന്‍സര്‍ അവെയര്‍നെസ് ക്യാമ്പ്, മെഡികെയര്‍ എന്റോള്‍മെന്റ് സെമിനാര്‍, കോളേജ് എഡ്യുക്കേഷന്‍ വര്‍ക് ഷോപ്പ് തുടങ്ങിയവ സമീപ കാലത്ത് എക്കോ സംഘടിപ്പിച്ച പരിപാടികളാണ്. സമാനതകളില്ലാത്തതാണ് റോട്ടറി ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും.
 
പരിണിതപ്രജ്ഞരായ ഒരു കൂട്ടം നിസ്വാര്‍ത്ഥ സേവകരാണ് ഈ മാതൃകാ സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഡോ. തോമസ് മാത്യു എം.ഡി, എഫ്.എ.പി (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), ബിജു ചാക്കോ ആര്‍.ആര്‍.ടി (ഓപറേഷന്‍സ് ഡയറക്ടര്‍), സാബു ലൂക്കോസ് എം.ബി.എ (പ്രോഗ്രം ഡയറക്ടര്‍), വര്‍ഗീസ് ജോണ്‍ സി.പി.എ (ഫിനാന്‍സ് ഡയറക്ടര്‍), സോളമന്‍ മാത്യു ബി.എസ് (ക്യാപ്പിറ്റല്‍ റിസോഴ്‌സ് ഡയറക്ടര്‍), കൊപ്പാറ ബി സാമുവേല്‍ എം.എസ് (കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍), കാര്‍ത്തിക് ധാമ പി.എച്ച്.എ.ആര്‍.എം (കമ്മ്യൂണിറ്റി ലെയ്‌സണ്‍ ഡയറക്ടര്‍) എന്നിവരാണ് എക്കോയുടെ സാരഥികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.