You are Here : Home / USA News

മലയാളി സംഘടനകള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുന്നത് യുവതലമുറയെ അകറ്റുന്നു: ബേസില്‍ ജോണ്‍

Text Size  

Story Dated: Saturday, October 19, 2019 03:08 hrs UTC

 

 
 
 
എഡിസണ്‍, ന്യൂജേഴ്‌സി: മലയാളി സംഘടനകളിലൊന്നും രണ്ടാം തലമുറയുടെ പൊടിപോലും കാണില്ല. എന്താണ് കാരണം? യുവ പത്രപ്രവര്‍ത്തകനായ ബേസില്‍ ജോണ്‍ കൃത്യമായ ഉത്തരം പറഞ്ഞു.
 
സംഘടനകള്‍ എന്നും ഒരുപോലെ നില്‍ക്കുന്നു. കാലത്തിനനുസരിച്ചുള്ള ഒരു മാറ്റവുമില്ല. ആറേഴു വയസില്‍ താന്‍ പങ്കെടുത്ത സമ്മേളനം പോലെ തന്നെയാണ് ഇപ്പോഴുള്ളതും. പിന്നെ എന്തിനു വീണ്ടും പങ്കെടുക്കണം?
 
ഇന്ത്യക്കാരനായതില്‍ തനിക്ക് അഭിമാനമുണ്ട്. പക്ഷെ താന്‍ ഇന്ത്യക്കാരന്‍ മാത്രമല്ല, അമേരിക്കക്കാരന്‍ കൂടിയാണ്. അമേരിക്കന്‍ സംസ്കാരം എന്നൊന്ന് നിലവിലുണ്ട്. ഇവ രണ്ടുംകൂടി യോജിച്ചാലേ മുന്നോട്ടു പോകാനാകൂ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാം കണ്‍വന്‍ഷനില്‍ മാധ്യമരംഗത്ത് ഇന്ത്യന്‍ വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിര്‍ജീനിയ റിച്ച്മണ്ടില്‍ എ.ബി.സിയുടെ ഭാഗമായ ന്യൂസ് 8 ചാനില്‍ പ്രവര്‍ത്തിക്കുന്ന ബേസില്‍ ജോണ്‍.
 
പക്ഷെ പഴയ തലമുറ കടുംപിടുത്തം വിടാന്‍ ഭാവമില്ല. അതിനാല്‍ അവര്‍ക്ക് മുഖ്യധാരയുമായി സമരസപ്പെടാന്‍ കഴിയുന്നില്ല. പഴയ രീതി തുടരുമ്പോള്‍ പുതിയ പിള്ളേര്‍ വരില്ല. രണ്ടു സംസ്കാരവും ഒരുമിച്ച് ചേര്‍ന്നതുകൊണ്ട് നമ്മുടെ തനത് സ്വഭാവമൊന്നും നഷ്ടപ്പെടില്ല.
 
എല്ലാവരേയുംപോലെ താന്‍ എന്‍ജിനീയറാകണമെന്നാണ് അമ്മ ആഗ്രഹിച്ചത്. ലോയര്‍ ആകണമെന്നു പിതാവും. എന്നാല്‍ കണക്കും കെമിസ്ട്രിയുമൊന്നും തനിക്ക് അത്ര വഴങ്ങുന്നതായി തോന്നിയില്ല. ടിവിയില്‍ വാര്‍ത്താ വായനക്കാരനോ, കാലാവസ്ഥ പറയുന്നയാളോ ആകണമെന്നായിരുന്നു ആഗ്രഹം.
 
താത്പര്യമില്ലാത്ത ജോലികളിലേക്ക് മക്കളെ പറഞ്ഞുവിടുന്നത് അവര്‍ക്ക് സമ്മര്‍ദ്ദവും മാനസിക പ്രശ്‌നവും ഉണ്ടാക്കുകയേയുള്ളൂ.
 
പക്ഷെ സ്‌റ്റോണി ബ്രൂക്കില്‍ പഠനം കഴിഞ്ഞ് ജോലി കിട്ടാന്‍ ഏറെ ശ്രമം വേണ്ടിവന്നു. വിവിധ സ്‌റ്റേറ്റുകളിലെ ടിവി സ്‌റ്റേഷനുകളിലേക്ക് അപേക്ഷ അയച്ചു. ഒടുവില്‍ എട്ടുമാസത്തിനുശേഷം നോര്‍ത്ത് കരലിനയിലെ വില്‍മിംഗ്ടണിലെ സ്‌റ്റേഷന്‍ തന്നെ പരീക്ഷിക്കാമെന്നു സമ്മതിച്ചു.
 
വെള്ളക്കാര്‍ താമസിക്കുന്ന ആ പ്രദേശത്ത് റിപ്പോര്‍ട്ടിംഗിനു പോകുമ്പോള്‍ എവിടുത്തുകാരനാണെന്നു പലരും ചോദിക്കും. ന്യൂയോര്‍ക്കില്‍ ന്യൂറോഷല്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. ഒടുവില്‍ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണെന്നു പറയേണ്ടി വന്നു.
 
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുമ്പോള്‍ ആറു വയസ്സുണ്ടായിരുന്ന താന്‍ ആ കാലം മുതല്‍ റേസിസത്തിന്റെ പല ഭാവങ്ങളും കണ്ടു.
 
വില്‍മിംഗ്ടണില്‍ ഒരു ഫാക്ടറി നദിയില്‍ ഒഴുക്കുന്ന രാസപദാര്‍ത്ഥങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ശ്രദ്ധേയമായി. ആ വെള്ളമാണ് ജനം കുടിക്കുന്നത്. 20 വര്‍ഷമായി ഫാക്ടറി അത് ചെയ്യുന്നു. എന്തായാലും ആ വെള്ളം കുടിക്കുന്നത് താന്‍ നിര്‍ത്തി. മാധ്യമ ശ്രദ്ധ പതിഞ്ഞതോടേരാസവസ്തുക്കള്‍ ഒഴുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വന്നു.
 
മാധ്യമ രംഗത്ത് ഇന്ത്യക്കാര്‍ ചെല്ലുമ്പോള്‍ പല വെല്ലുവിളികളുമുണ്ട്. അതിനനുസരിച്ചുള്ള പിന്തുണ നമ്മുടെ സമൂഹത്തില്‍ നിന്നു കിട്ടുന്നുമില്ല.
 
വിര്‍ജീനിയയില്‍ വലിയൊരു ഇന്ത്യന്‍ സമൂഹമുണ്ട്. പല പരിപാടിക്കും പോകാറുണ്ട്. ഇന്ത്യയെപ്പറ്റിയുള്ള തന്റെ അറിവ് പരിമിതമാണ്.
 
മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ ഈ രംഗത്ത് വന്നിട്ടെന്നു 25കാരനായ ബേസില്‍ പറഞ്ഞു. 10 വര്‍ഷം കഴിയുമ്പോള്‍ ഈ രംഗത്ത് സ്വന്തമായ ഒരു പേര് ഉണ്ടാക്കണമെന്നാഗ്രഹിക്കുന്നു. വിവാഹ കമ്പോളം എന്ന ആശയത്തില്‍ വിശ്വാസമില്ല.
 
അമേരിക്കയില്‍ ഇന്ത്യക്കാര്‍ ന്യൂനപക്ഷമാണ്. അവരിലെ ന്യൂനപക്ഷമാണ് മലയാളികള്‍. ഇതു നാം തിരിച്ചറിയണം ബേസില്‍ പറഞ്ഞു.
 
അദ്ദേഹത്തിന് പ്രസ്ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് മധു കൊട്ടാരക്കര സമ്മാനിച്ചു.
 
മുഖ്യധാര ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം മലയാളികളിരൊളായ ബേസില്‍ ജോണ്‍ റിച്ച്മണ്ടില്‍ വരും മുന്‍പ് രണ്ട് വര്‍ഷം നോര്‍ത്ത് കരലിനയിലെ വില്മിംഗ്ടണില്‍ എ.ബി.സി യുടെ ഭാഗമായ ഡബ്ലിയു.ഡബ്ലിയു. എ. വൈ. നൂസ്‌റിപ്പോര്‍ട്ടറും ആങ്കറുമായിരുന്നു.
 
ആര്‍ടിഡിഎന്‍സി (റേഡിയോ ടെലിവിഷന്‍ ഡിജിറ്റല്‍ ന്യൂസ് അസോസിയേഷന്‍ ഓഫ് കരോലിനാസ്) 2018ലെ മികച്ച ടിവി ന്യൂസ് മള്‍ട്ടൈ മീഡിയ ജേണലിസ്റ്റ് ഓഫ് ദ ഇയര്‍ ആയി ബേസിലിനെ അവാര്‍ഡ് നല്കി ആദരിച്ചു.
 
സ്വയം എഴുതി സ്വയം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത ചെയ്ത ഫീച്ചറിനു നല്‍കുന്നതാണു മള്‍ട്ടൈ മീഡിയ അവാര്‍ഡ്.
 
ന്യൂ റോഷലില്‍ അയോണ പ്രിപ്പറേറ്ററി സ്കൂളില്‍ പഠിച്ച ബേസില്‍ പ്രസംഗം, ഡിബേറ്റ്മത്സരങ്ങളില്‍ ചെറുപ്പത്തില്‍ പങ്കെടുത്തു. ഇത് ജേര്‍ണലിസത്തിലും മറ്റുള്ളവരുടെ മുന്നില്‍ അവതാരനാകാനുമുള്ള താല്‍പ്പര്യമുണ്ടാക്കി.
 
എംടി.എ.യില്‍ നിന്നു വിരമിച്ച ജോണ്‍ കുഴിയാനിയിലിന്റെയും ആര്‍.എന്‍. ആയ ഏലിയാമ്മ ജോണിന്റെയും പുത്രനാണ്. സഹോദരിമാര്‍: ബിബി ജോണ്‍ (സ്കൂള്‍ സൈക്കോളജിസ്റ്റ്), ബെനിറ്റ് ജോണ്‍ (ചരിത്ര അധ്യാപിക)
 
ജോലിത്തിരക്കിനിടയിലും പാട്ടും പാചകവും ആസ്വദിക്കാന്‍ഇപ്പോഴും സമയം കണ്ടെത്തുന്നു 25കാരനായ ഈ അവിവാഹിതന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.