You are Here : Home / USA News

കൂടത്തായി മരണങ്ങള്‍ അന്വേഷിക്കാന്‍ കാരണമായത് അമേരിക്കന്‍ മലയാളിയുടെ പരാതി

Text Size  

Story Dated: Friday, October 04, 2019 02:28 hrs UTC

അമേരിക്കന്‍ മലയാളി റോജോ തോമസ് നല്കിയ പരാതിയാണു കോഴിക്കോട് കൂടത്തായിയില്‍ ആറു കല്ലറകള്‍ തുറന്നു പരിശോധിക്കുന്നതിലെത്തിയത്.

മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയിലേക്ക് അന്വേഷണം നീളുന്നതായാണ് സൂചന. കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് കൊലപാതകം ആകാമെന്ന സൂചന പൊലീസ് നല്‍കിയത്. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു െമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചതായി മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു

മരിച്ച റോയി തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശവും കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സമാന രീതിയില്‍ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ഉറ്റബന്ധുവായി യുവതി ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്.

നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നു.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2002 ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008 ല്‍ ടോം തോമസ് മരിച്ചു. 2011 ല്‍ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്.

2014 ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മരിച്ചു. പിന്നാലെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സയും. സിലി 2016 ലും മരിച്ചു.

റോയിയുടെ മരണത്തോടെയാണ് സംശയത്തിന്റെ തുടക്കം. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്.ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ഭക്ഷണത്തില്‍ വിഷാംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ കുുടംബം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

കോടഞ്ചേരി പള്ളിയില്‍ അടക്കിയ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമടക്കം പരിശോധനയ്ക്ക് വിധേയമാക്കി. വടകര റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലാണ് കൂടത്തായിയിലും കോടഞ്ചേരിയിലും മൃതദേഹ പരിശോധന നടന്നത്. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ടെന്നു െപാലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫൊറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സംഘം കല്ലറകള്‍ തുറന്നു. മരിച്ചവരുടെ ബന്ധുക്കളും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ ദുരൂഹ മരണത്തിന് വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

നാലുപേരെ അടക്കിയത് കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്.

മരിച്ച ടോം തോമസിന്റെ ഇരുനില വീടും 38 സന്റെ് സ്ഥലവും ഉള്‍പ്പെടെ രണ്ടുകോടിയോളം
രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണ് ബന്ധുക്കളുടെ മരണത്തില്‍ ആസൂത്രിക കൊലപാതകം എന്ന സംശയം ഉയര്‍ത്തിയത്.

തുടര്‍ മരണങ്ങള്‍ക്കു പിന്നാലെ ടോമിന്റെ സ്വത്തുക്കള്‍ക്ക് വ്യാജ ഒസ്യത്തുണ്ടാക്കുകയായിരുന്നു. അമേരിക്കയിലുള്ള മകന്‍ റോജോ തോമസ് ഇതറിഞ്ഞതോടെ നാട്ടിലെത്തി കൂടത്തായി വില്ലേജ് അധികൃതരെ ഉള്‍പ്പെടെ ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ചില രേഖകള്‍ വ്യാജമായി നിര്‍മിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചത് വ്യക്തമായി. പിതാവിന്റെ സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ സ്വത്തിന്റെ അവകാശ മാറ്റവുമായി ബന്ധപ്പെട്ട നടപടികളെല്ലാം മരവിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.