You are Here : Home / USA News

ഫാ. ഫിലിപ്പ് വടക്കേക്കര പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ (സെബാസ്റ്റ്യന്‍ ആന്റണി)

Text Size  

Story Dated: Thursday, May 30, 2019 02:41 hrs UTC

''ദിവ്യബലി അര്‍പ്പിക്കുക, കുമ്പസാരം കേള്‍ക്കുക, മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുക, ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുക... ഇത്രമാത്രം ചെയ്യുന്ന ഒരു സാധാരണ വൈദികനാണ് ഞാന്‍.'' പൗരോഹിത്യ സുവര്‍ണജൂബിലിയെ കുറിച്ച് ചോദിക്കുമ്പോള്‍, അതിലെന്തിരിക്കുന്നു പ്രത്യേകത എന്ന ഭാവത്തില്‍ ഫാ. ഫിലിപ്പ് വടക്കേക്കര വിനയാന്വിതനാകും. പക്ഷേ, അദ്ദേഹം പറഞ്ഞുനിറുത്തിയേടത്തുനിന്ന് അദ്ദേഹത്തിന്റെ അജഗണം തുടങ്ങും. കാരണം, അവരുടെ എല്ലാമെല്ലാമാണ് വടക്കേക്കര അച്ചന്‍ എന്ന് അവരെല്ലാം വിളിക്കുന്ന ഫാ. ഫിലിപ്പ് വടക്കേക്കര.
 
അദ്ദേഹം ചെയ്ത സവിശേഷ ശുശ്രൂഷകളെക്കുറിച്ച് അറിയണമെങ്കില്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല കുടിയേറ്റക്കാരോട് വിശിഷ്യാ, ന്യൂജേഴ്സിയില്‍ അന്വേഷിച്ചാല്‍ മതിയെന്നാണ് അവരുടെ മറുപടി. അമേരിക്കയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ആരംഭിച്ച 1970കള്‍മുതല്‍ അദ്ദേഹം നിറവേറ്റിയ അജപാലനശുശ്രൂഷയുടെ സത്ഫലമാണ് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും പരിസരപ്രദേശങ്ങളിലുമുള്ള സീറോമലബാര്‍ സമൂഹത്തിന്റെ വളര്‍ച്ച. സീറോ മലബാര്‍ വിശ്വാസികള്‍ക്കുമാത്രമല്ല, റീത്ത് സഭാഭേദമെന്യേയുള്ള മലയാളികളെല്ലാം അദ്ദേഹത്തിന്റെ ശുശ്രൂഷ അനുഭവിച്ചിട്ടുണ്ടെന്നതാണ് വാസ്തവം.
 
അമേരിക്കയിലേക്ക് ഇന്ത്യന്‍ കത്തോലിക്കരുടെ കുടിയേറ്റം ആരംഭിക്കുന്ന കാലമായിരുന്നു 1970കള്‍. അത്രയൊന്നും പരിചിതമല്ലാത്ത ഭാഷ, സംസ്‌ക്കാരം, ഭക്ഷണം പ്രതിസന്ധികള്‍ തരണംചെയ്ത് വന്നണയുന്നവരിലെല്ലാം പ്രതീക്ഷകളെക്കാള്‍ കൂടുതല്‍ ആശങ്കകളായിരുന്നു. പക്ഷേ, വെല്ലുവിളികളോടു പടപൊരുതി അമേരിക്കന്‍ മണ്ണില്‍ എത്തിയ മലയാളികള്‍ക്ക് ഒരു പ്രകാശഗോപുരമായിരുന്നു ഫാ. വടക്കേക്കര. മലയാളികള്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍, വിമാനത്താവളത്തിലെത്തുന്നതു മുതല്‍ സഹായിക്കാന്‍ അച്ചന്‍ റെഡി. താമസ സ്ഥലം കണ്ടെത്തിക്കൊടുക്കുന്നതില്‍ മാത്രമല്ല, പുതിയ സാഹചര്യങ്ങളുമായി അവരെ പരിചയപ്പെടുത്താനും ജോലി കണ്ടെത്താനുള്ള മാര്‍ഗങ്ങളുപദേശിക്കാനും അദ്ദേഹം ബദ്ധശ്രദ്ധനായി.
 
ഭൗതിക സാഹചര്യങ്ങള്‍ ക്രമപ്പെടുത്തുന്നതില്‍ മാത്രമല്ല അവര്‍ക്കുവേണ്ടിയുള്ള ആത്മീയ ശുശ്രൂഷകളിലും വ്യാപൃതനായിരുന്നു ഫാ. വടക്കേക്കര. 1971ല്‍ ന്യൂയോര്‍ക്കില്‍ സീറോ മലബാര്‍ റീത്തില്‍ മലയാളം ദിവ്യബലി അര്‍പ്പണത്തിന് അവസരമൊരുക്കിയ അദ്ദേഹംതന്നെയാണ് ഇന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രമുഖ ഇടവകയായ സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോന ദൈവാലയത്തിന്റെ സ്ഥാപകരില്‍ പ്രധാനിയും. ആരോഗ്യപരമായ കാരണങ്ങളാല്‍, അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന മെട്ടച്ചന്‍ രൂപതയിലെ സജീവ പ്രവര്‍ത്തികളില്‍നിന്ന് 2002ല്‍ വിരമിച്ചെങ്കിലും അതേ തീക്ഷ്ണതയോടെ ഇന്നും ശുശ്രൂഷയില്‍ വ്യാപൃതനാണ് 70 വയസ് പിന്നിട്ട ഫാ. വടക്കേക്കര.
Picture
കോട്ടയത്തുനിന്ന് യൂറോപ്പ് വഴി അമേരിക്കയില്‍
 
കോട്ടയം കോഴാകുന്നത്ത് വടക്കേക്കര വീട്ടില്‍ ജോസഫ്- അന്നമ്മ ദമ്പതികളുടെ പുത്രനായി 1948ലാണ്ഫിലിപ്പ് വടക്കേക്കരയുടെ ജനനം. കുറുവിലങ്ങാട് സെന്റ് മേരീസ് എലിമെന്ററി സ്‌കൂള്‍, സെന്റ് മേരീസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ~നശേഷം ഊട്ടി പയസ് ടെന്‍ത് സെമിനാരിയില്‍ അര്‍ത്ഥിയായി ചേര്‍ന്നു. 1963ല്‍ ബിരുദം നേടി. ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്സ് കോളജ്, ജനീവ ബ്രിങ്നോള്‍ സെയില്‍ കോളജ്, റോമിലെ പ്രൊപ്പഗന്ത കോളജ്, ബെല്‍ജിയം ലുവൈന്‍ യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ഉപരിപ~നം.
 
ജര്‍മനിയിലെ ഡീബര്‍ഗ് സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ഇടവകയില്‍ ഡീക്കനായി സേവനമനുഷ്ടിച്ചശേഷം 1969 ഓഗസ്റ്റ് 14നായിരുന്നു തിരുപ്പട്ട സ്വീകരണം. ജര്‍മന്‍ ബിഷപ്പ് മാര്‍ട്ടിന്‍ വീസന്റിന്റെ കൈവെപ്പ് ശുശ്രൂഷയിലൂടെ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹത്തിന്റെ പ്രഥമ ദിവ്യബലി അര്‍പ്പണം ജര്‍മനിയിലെ ഫോര്‍ഷേം സെന്റ് മാര്‍ട്ടിന്‍ ഇടവകയിലായിരുന്നു, 1969 ഓഗസ്റ്റ് 17ന്. ജനിച്ചത് കേരളത്തിലാണെങ്കിലും ഉപരിപ~നത്തിന്റെ വലിയഭാഗം പൂര്‍ത്തിയാക്കിയത് യൂറോപ്പിലാണെങ്കിലും ദൈവവേലയ്ക്കായി അദ്ദേഹം നിയോഗിക്കപ്പെട്ടത് അമേരിക്കയിലാണെന്നതാണ് കൗതുകകരം.
 
ന്യൂയോര്‍ക്ക് സിറ്റി സെന്റ് ജോണ്‍ ഇടവകയിലായിരുന്നു അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷയുടെ ആരംഭം. 1970 മുതല്‍ 73വരെ അവിടെ ശുശ്രൂഷചെയ്ത അദ്ദേഹം സ്റ്റേറ്റന്‍ ഐലന്‍ഡ് സെന്റ് ആന്‍, മൗണ്ട് കാര്‍മല്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി. തുടര്‍ന്നായിരുന്നു ന്യൂജേഴ്സിയിലേക്കുള്ള ആഗമനം. ന്യൂജേഴ്സി വെയ്ന്‍ ഹോളി ക്രോസ് ഇടവകയില്‍ 1976 മുതല്‍ 1979വരെ സഹ വികാരിയായി. പിന്നീട് സസെക്സിലെ സെന്റ് മോണിക്ക ഇടവകയിലേക്ക്.
 
മിഡില്‍സെക്‌സ് ഔവര്‍ ലേഡി ഓഫ് മൗണ്ട് വിര്‍ജിന്‍ ഇടവകയിലെ ശുശ്രൂഷയോടെയാണ് മെട്ടച്ചന്‍ രൂപതയില്‍ ഫാ. വടക്കേക്കരയുടെ അജപാലനദൗത്യം ആരംഭിച്ചത്, 1980ല്‍. പിന്നീട് ഓള്‍ഡ് ബ്രിഡ്ജ് ആംബ്രോസ്, വാറന്‍ ഔവര്‍ ലേഡി ഓഫ് മൗണ്ട്, സൗത്ത് പ്ലെയിന്‍ഫീല്‍ഡ് സാക്രട്ട് ഹാര്‍ട്ട് എന്നിവിടങ്ങളിലും സഹപാസ്റ്ററായി. 1986ല്‍ ബ്ലൂസ്ബറി അനന്‍സിയേഷന്‍ വികാരിയായി ശുശ്രൂഷ ആരംഭിച്ച അദ്ദേഹം 1998വരെഅവിടെ തുടര്‍ന്നു.
Picture
വിശ്രമത്തിലും തിരക്ക്
 
ഫോര്‍ഡ്സ് ഔവര്‍ ലേഡി ഓഫ് പീസ്, ബ്ലെയര്‍സ്റ്റോം സെന്റ് ജൂഡ, ബെലെവിഡേര്‍ സെന്റ് പാട്രിക്സ്, മില്‍ടൗണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയത അദ്ദേഹം 2002 ഡിസംബറില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സജീവ ശുശ്രൂഷകളില്‍നിന്ന് വിരമിച്ചു. എന്നാല്‍, പ്രദേശത്തെ സീറോ മലബാര്‍ സമൂഹങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് അദ്ദേഹം തുടര്‍ന്നു. പിന്നീടാണ് സെന്‍ട്രല്‍ ജേഴ്സിയിലെ സീറോ മലബാര്‍ സമൂഹത്തില്‍ അജപാലന സേവനം നല്‍കാന്‍ തുടങ്ങിയത്.
 
2000 ഏപ്രില്‍ ഒന്നിനാണ് ന്യൂ ജേഴ്സിയിലെ മില്‍ടൗണിലുള്ള ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദൈവാലയത്തില്‍ ഏതാനും കുടുംബങ്ങളുമായി സീറോ മലബാര്‍ ദിവ്യബലി അര്‍പ്പണത്തിന് തുടക്കം കുറിച്ചത്. ചിക്കാഗോ സീറോ മലബാര്‍ രൂപത 2001ല്‍ നിലവില്‍വന്നതോടെ ആ സമൂഹം ഈസ്റ്റ് മില്‍സ്റ്റോനിലേക്ക് മാറി. ഇന്ന് ഫൊറോന ഇടവകയായി ഉ്യര്‍ത്തപ്പെട്ട സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദൈവാലയത്തിന്റെ ആരംഭമായിരുന്നു അത്.
 
അഞ്ചു ഭാഷകളില്‍ പ്രാവീണ്യമുള്ള ഫാ. വടക്കേക്കര വിശ്വാസപരിശീലന കോര്‍ഡിനേറ്റര്‍, വിവിധ ആശുപത്രികളിലെ ചാപ്ലൈന്‍ എന്ന നിലയില്‍ സേവനമനുഷ്~ിച്ചിട്ടുണ്ട്. വിവിധ കോളജുകളില്‍ പ~ിപ്പിച്ചിട്ടുള്ള അദ്ദേഹം ഊട്ടി രൂപത ചാന്‍സിലറും ഊട്ടി ബിഷപ്പിന്റെ സെക്രട്ടറിയുമായുമായിരുന്നു. ഇപ്പോള്‍ ന്യൂജേഴ്സി വൈറ്റിംഗില്‍ വിശ്രമജീവിതം നയിക്കുകയാണെങ്കിലും സമീപ ദൈവാലയങ്ങളില്‍ ദിവ്യബലിയര്‍പ്പണം ഉള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ ലഭ്യമാക്കുന്നതിലും ബദ്ധശ്രദ്ധനാണ്.
 
ജൂബിലേറിയന്‍ സ്പീക്കിംഗ്! അര നൂറ്റാണ്ട് പിന്നിടുന്ന പൗരോഹിത്യ ജീവിതത്തെക്കുറിച്ച്
 
പൗരോഹിത്യം എനിക്ക് സമ്മാനിച്ചതിന് ഞാന്‍ കര്‍ത്താവിനോട് എന്നും കടപ്പെട്ടവനായിരിക്കും. കര്‍ത്താവുമായുള്ള ചങ്ങാത്തമായിരുന്നു എന്റെ പൗരോഹിത്യജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം. എന്നില്‍ പൗരോഹിത്യത്തിന്റെ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ പോലും ഞാന്‍ എന്റെ കുടുംബത്തേയോ സ്വന്തം രൂപതയേയോ കുറിച്ച് ചിന്തിച്ചിട്ടില്ല. തിരുവത്താഴകര്‍മത്തിലെ ദൈവസാന്നിധ്യമായ യേശുവില്‍ മാത്രമായിരുന്നു ശ്രദ്ധ.
 
? പരിശുദ്ധ മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതില്‍ അങ്ങ് അതീവ താല്‍പ്പരനാണല്ലോ
 
രൂപതയിലെ ഒരു വൈദികന്‍ എന്ന നിലയില്‍ എന്റെ അഭയം കര്‍ത്താവായ യേശുക്രിസ്തുവും ആശ്വാസം മാതാവായ കന്യാമറിയവുമാണ്. ഞാന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ ഇടവകകളിലും വിശുദ്ധ മാതാവിനോടുള്ള ഭക്തിയെ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഞാന്‍ ചുമതല വഹിച്ചിരുന്ന മൂന്ന് ഇടവകളിലും കര്‍ത്താവ് കഴിഞ്ഞാല്‍ പരിശുദ്ധ മാതാവായിരുന്നു ഇടവകയുടെ ആത്മീയ ജീവിതത്തിലെ കേന്ദ്രബിന്ദു.
കത്തോലിക്കാ സഭയിലെ എല്ലാ വൈദികരും കര്‍ത്താവിന്റെ അമ്മയോട് അവര്‍ക്കുള്ള ഭക്തി അതീവ ഗൗരവത്തോടെ തന്നെയാണ് പ്രകടിപ്പിക്കുന്നത്. അവര്‍ ഒരിക്കല്‍ വീടുവിട്ടാല്‍ വിശുദ്ധ മാതാവിനെ സ്വന്തം മാതാവായി കാണുകയാണ് ചെയ്യുന്നത്. തന്റെ ദിവ്യ മകനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വളര്‍ത്തുകയും അവനോടൊപ്പം കുരിശിലേക്കും, കല്ലറയിലേക്കും അനുഗമിക്കുകയും അവന്റെ ശിഷ്യന്മാരെ പരിശുദ്ധാത്മാവ് അവരില്‍ പ്രവേശിക്കും വരെ സംരക്ഷിക്കുകയും ചെയ്തത് ഇതേ മാതാവാണ്. തന്റെ മകന് നല്‍കുന്ന സേവനങ്ങളുടെ പേരില്‍ എന്നെയും കര്‍ത്താവിന്റെ മാതാവ് എന്നും സംരക്ഷിച്ചു പോരുന്നു.
 
? പൗരോഹിത്യ സുവര്‍ണജൂബിലിയില്‍ അജഗണത്തിനുള്ള സന്ദേശം
 
തീര്‍ച്ചയായും ജീവിതം നമ്മെ ദോഷൈകദൃക്കുകളാക്കിയേക്കാം. ജീവിതം പലപ്പോഴും വിരുദ്ധ അനുഭവങ്ങളാലും പൂര്‍ത്തീകരിക്കാനാവാത്ത പ്രതീക്ഷകളാലും നിറയപ്പെട്ടേക്കാം. നിരാശരാകാതെ ദൈവപദ്ധതി തിരിച്ചറിയുകയാണ് കരണീയം. സഭയിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ ആശങ്കപ്പെടരുത്. ഇന്നത്തെ സ്ഥിതിയില്‍ പോയാല്‍ സഭയില്‍ ഒരു തിരിച്ചുവരവുണ്ടായേക്കുമോ എന്ന് പലരും അത്ഭുതപ്പെട്ടേക്കാം. പത്രോസിന്റെ പേടകം കാറ്റില്‍ ആടിയുലഞ്ഞേക്കാം, പക്ഷേ, അതിലെ യേശുവിന്റെ സാന്നിധ്യമാണ് ശിഷ്യന്മാരുടെ സുരക്ഷ. അതിലാല്‍ തെല്ലും ഭയംവേണ്ട, പ്രാര്‍ത്ഥന തുടരാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.