You are Here : Home / USA News

അലാദ്ദീന്റെ പുതിയ ലോകത്തില്‍ ബോളിവുഡും - (ഏബ്രഹാം തോമസ്)

Text Size  

Story Dated: Thursday, May 30, 2019 02:35 hrs UTC

ഏബ്രഹാം തോമസ്
 
ആയിരത്തി ഒന്നു രാവുകളിലെ നാടോടിക്കഥകളില്‍ ഒന്നായ അലാദ്ദീന്‍ ഒരു ഇതിഹാസ പുരുഷനെപോലെ പ്രസിദ്ധനാണ്. ഒരു ഹിന്ദി ചാനലില്‍ അലാദിന്‍: നാം തോ സുനാ ഹോ ഗോ(പേര് കേട്ടിട്ടുണ്ടാവും) എന്നൊരു സീരിയല്‍ തുടരുകയാണ്. 1992 ല്‍ വാള്‍ട്ട്ഡിസ്‌നി പിക്‌ച്ചേഴ്‌സ് അലാദിന്‍ ഒരു ആനിമേറ്റഡ് മ്യൂസിക്കല്‍ ചലച്ചിത്രമായി പുറത്തിറക്കിയിരുന്നു. ചിത്രവും എ ഹോള്‍സ് വേള്‍ഡ് എന്ന ഗാനവും ഹരമായി.
ഇപ്പോള്‍ വാള്‍ട്ട്ഡിസ്‌നി പിക്‌ച്ചേഴ്‌സ് അലാദീന്റെ ലൈവ് ആക്ഷന്‍ മ്യൂസിക്കല്‍ പുനരാവിഷ്‌ക്കാരം നടത്തിയിരിക്കുകയാണ്. നാടോടിക്കഥയില്‍ വലിയ മാറ്റം വരുത്തിയിട്ടില്ല. മധ്യ പൗരസ്ത്യ നാട്ടിലെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ബോളിവുഡ് മോതലില്‍ വര്‍ണ്ണപകിട്ടാര്‍ന്ന ആടയാഭരണങ്ങള്‍ നല്‍കുകയും സംഘനൃത്തങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
 
അഗ്രബ എന്ന മരുഭൂമി നഗരത്തില്‍ തന്റെ കുരങ്ങ്  അബുവുമൊത്ത് ചില്ലറമോഷണങ്ങളുമായി കഴിയുന്ന അലാദീന്‍ ജാസ്മിന്‍ രാജകുമാരിയില്‍ അനുരക്തനാവുന്നു. രാജകുമാരിയാണെന്ന വസ്തുത മറച്ചുവച്ച് ജാസ്മിനും അലാദീനെ പ്രേമിക്കുന്നു.
 
ഗ്രാന്‍ഡ് വസീര്‍ ജാഫറിന് ഒന്നാമന്‍(രാജാവ്) ആകണം. അത്ഭുതങ്ങളുടെ ഗുഹയില്‍ നിന്ന് അത്ഭുത വിളക്ക് കൈക്കലാക്കിയാല്‍ ഇത് സാധ്യമാകും എന്ന് മനസ്സിലാക്കിയ അയാള്‍ വിളക്ക് കൊണ്ടു വരാന്‍ അലാദ്ദീനെ ഭാരമേല്‍പിക്കുന്നു. ഗുഹയിലെത്തിയ അലാദ്ദീന്‍ വിളക്കും ഒരു മാന്ത്രിക പരവതാനിയുമായി പുറത്ത് വരുന്നു. വിളക്കില്‍ തലോടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ജീനി അലാദീന്റെ അടിമയായി ആഗ്രഹങ്ങള്‍ നിറവേറ്റി കൊടുക്കുന്നു.
അഗ്രബയിലെത്തി പ്രിന്‍സ് അലി ഓഫ് അബാബ് വയായി ജാസ്മിനുമായി അത്ഭുത പരവതാനിയില്‍ ലോകം ചുറ്റുന്നു. എ ഹോള്‍ ന്യൂ വേള്‍ഡിന്റെ പുനരാവിഷ്‌കരണം ഹൃദ്യമാണ്. ജാസ്മിന്റെ സഖി ഡാലിയയും ജീനിയും പ്രേമത്തിലാവുന്നു. അലാദീനും ജാസ്മിനും ജീനിയുടെ സഹായത്തോടെ ജാഫറിന്റെ കുടിലതന്ത്രങ്ങള്‍ വെളിച്ചത്താക്കുന്നു. തടവിലാക്കപ്പെടുന്നുവെങ്കിലും അയാള്‍ രക്ഷപ്പെടുകയും അത്ഭുതവിളക്ക് മോഷ്ടിക്കുകയും ചെയ്യുന്നു. ജീനി ജാഫറിന്റെ അടിമയായി മാറുന്നു. അയാള്‍ അലാദീനെ മണരാണ്യത്തിലെത്തിക്കുന്നു. മാജിക് കാര്‍പ്പറ്റ് അലാദീനെയും അബുവിനെയും തിരിച്ച് അഗ്രബയില്‍ എത്തിക്കുന്നു.
 
അലാദീന് അത്ഭുതവിളക്ക് തിരികെ ലഭിക്കുവാന്‍ കാരണമാകുന്നത് ജാഫറിന്റെ ദുരാഗ്രഹമാണ്. ജാഫറിനെ വിളക്കിനുള്ളിലാക്കുവാനും വിളക്ക് ഗുഹയ്ക്കുള്ളില്‍ എത്തിക്കുവാനും അലാദീന് കഴിയുന്നു. അഗ്രബ ശാന്തതയിലേയ്ക്കു മടങ്ങുന്നു. അലാദീന് ലഭിച്ച മൂന്നാമത്തെ വരം ഉപയോഗിച്ച് അയാള്‍ ജാസ്മിനെ വിവാഹം കഴിക്കുവാന്‍ ജീനി നിര്‍ദ്ദേശിക്കുന്നുവെങ്കിലും അയാള്‍ വഴങ്ങുന്നില്ല. പകരം അലാദ്ദീന്‍ ജീനിയെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് അയാളെ മനുഷ്യനാക്കി മാറ്റുന്നു.
സുല്‍ത്താന്‍ ജാസ്മിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിക്കുന്നു. ഭരണാധികാരിയായ അവള്‍ക്ക് നിയമം മാറ്റി സാധരണക്കാരനായ അലാദീനെ വിവാഹം കഴിക്കുവാന്‍ കഴിയുന്നു. ജീനി ഭാര്യ ഡാലിയയും രണ്ട് കുട്ടികളുമൊത്ത് ലോകം ചുറ്റുന്നു. ജോണ്‍ ഓഗ്രസ്റ്റും റോണ്‍ ക്ലെമന്റ്‌സും, ജോണ്‍ മസ്‌കറും ടെഡ്എലിയട്ടും ടെറി റസ്സലും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ മൂലക്കഥയോട് വലിയൊരളവ് വരെ നീതി പുലര്‍ത്തിയിട്ടുണ്ട്. മേന മസ്സൂദിന്റെ അലാദീനും നവോമിസ്‌കോട്ടിന്റെ ജാസ്മിനും കുറവുകള്‍ക്കതീതമാണ്. വില്‍സ്മിത്തിന്റെ ജീനി അമിതാഭിനയം മൂലം അനാകര്‍ഷകമായി. മര്‍വാന്‍ കെന്‍സാരി, നവീദ് നെഗബന്‍, നസീം പെഡ്രഡ്, ബില്ലി മാഗ്ന്തൂസന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. അലന്‍ മെന്‍കനിന്റെ സംഗീതം പ്രധാന ആകര്‍ഷണമാണ്. അലന്‍സ്റ്റുവര്‍ട്ടിന്റെ ഛായാഗ്രഹണവും ജെയിംസ് ഹെര്‍ബെര്‍ട്ടിന്റെ ചിത്രസംയോജനവും ചിത്രത്തിന്റെ ചാരുത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.