You are Here : Home / USA News

ഡോ.ഡാനിയേല്‍ ബാബു പോള്‍: ഒരു അനുസ്മരണം.- റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍

Text Size  

Story Dated: Sunday, May 19, 2019 01:12 hrs UTC

2019 മെയ് 19ാം തീയതി ഡോ. ഡാനിയേല്‍ ബാബു പോള്‍ അന്ത്യവിശ്രമം കൊള്ളുന്ന കുറുപ്പംപടി സെന്റ് മേരീസ് പള്ളിയില്‍ വെച്ച് അദ്ദേഹത്തിന്റെ ധന്യമായ ജീവിതവും പൈതൃകവും അനുസ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ നാല്പതാം ചരമദിനം അന്ന് ആചരിക്കപ്പെടുകയാണ്. ഒരു കുടുംബാംഗം എന്ന നിലയില്‍ അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരുപാട് മരിക്കാത്ത ഓര്‍മ്മകള്‍ മനസ്സിലൂടെ മിന്നിമറയുകയാണ്. എണ്ണിയാലൊടുങ്ങാത്ത കാരണങ്ങളാല്‍ ബാബു പോളിനെ എനിക്ക് ഇഷ്ടമാണ്. ലഭിച്ച താലന്തുകള്‍കൊണ്ട് യാതൊന്നും ചെയ്യാതെ കുഴിച്ചുമൂടിയ ഒരാളുടെ അപദാനങ്ങള്‍ വര്‍ണ്ണിക്കുവാന്‍ എനിക്കാവില്ല. എന്നാല്‍ ഇവിടെ താലന്തുകളെ തക്കരീതിയില്‍ വികസിപ്പിക്കുകയും വിന്യസിപ്പിക്കുകയും ചെയ്ത ഒരു അപൂര്‍വ വ്യക്തിത്വമാണ് കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത്. കുടുംബാംഗങ്ങളായ ഞങ്ങള്‍ക്കെല്ലാം ഉത്തമ മാതൃകാപുരുഷനായിരുന്നു ബാബു പോള്‍. ശൈശവത്തില്‍ത്തന്നെ ജീവിതത്തോടു വിടപറയേണ്ടി വരിക, അകാല വൈധവ്യത്തിനു വിധേയരാവുക, മാതാവിന്റെയോ പിതാവിന്റെയോ പരിലാളനമേല്‍ക്കാതെ കുട്ടികള്‍ വളരേണ്ടി വരിക, മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരിക തുടങ്ങി ജീവിതത്തിന്റെ നിരര്‍ത്ഥകതയെപ്പോലും ഒരുവേള ചോദ്യം ചെയ്യാനിടയാക്കുന്ന പ്രതിസന്ധിഘട്ടങ്ങളിലൂടെ കുടുംബാംഗങ്ങള്‍ കടന്നു പേകേണ്ടി വരുന്ന അവസരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാമീപ്യമോ, സ്പര്‍ശമോ, വാക്കുകളോ ഞങ്ങള്‍ക്ക് ആശ്വാസത്തിനും സാന്ത്വനത്തിനും ഉതകിയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ദീപ്തമായ ഓര്‍മ്മകള്‍ ഇവിടെ പങ്കുവെക്കുകയാണ്.
 
എന്റെ കസിന്‍ ബ്രദറായ ഡോ. ഡി. ബാബു പോളിന്റെ ജന്മദിനമായ 2019 ഏപ്രില്‍ 11 ാം തീയതി ആദ്ദേഹത്തിന് രണ്ട് ഈ മെയിലുകള്‍ ഞാനയച്ചിരുന്നു. ഒന്ന് ജന്മദിനം ആശംസിക്കുവാനും മറ്റൊന്ന് അദ്ദേഹം അവസാനമായി അമേരിക്കയിലുണ്ടായിരുന്ന അവസരത്തില്‍ എന്റെ വീട്ടില്‍ വെച്ച് ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയോടൊപ്പം എടുത്ത ഫോട്ടോ ഷെയര്‍ ചെയ്യുവാനും ആയിരുന്നു. പതിവുള്ള മറുപടി കാണാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഏകസഹോദരന്‍ കെ. റോയ് പോളുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ ശ്രമഫലമായി അദ്ദേഹം അത്യാസന്ന നിലയിലാശുപത്രിയിലാണെന്ന് അറിയുകയും കഷ്ടാനുഭവ ആഴ്ചയിലെ ദേവാലയ ശുശ്രൂഷകളുടെ തിരക്കിലായിരുന്നെങ്കിലും നാട്ടിലെത്തി ആ സഹോദരന്റെ അരികിലെത്തണമെന്ന ഉത്ഘടമായ ആഗ്രഹം മൂലം യാത്ര തിരിക്കുകയുമായിരുന്നു. പാതിവഴിയെത്തിയപ്പോള്‍ അദ്ദേഹം വിടപറഞ്ഞുവെന്നറിയുകയും ലക്ഷ്യസ്ഥാനം തിരുവനന്തപുരത്തിനു പകരം കൊച്ചിയും കുറുപ്പംപടിയുമായി മാറ്റേണ്ടി വരികയും ചെയ്തു. കുറുപ്പംപടി മരങ്ങാട്ടു വീട്ടിലെത്തുമ്പോഴേക്കും 'കഥ ഇതുവരെ' യുടെ രചയിതാവിന്റെ ജീവിതത്തിലെതന്നെ അവസാന അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ പൊതു ദര്‍ശനത്തിനായി അവിടെ എത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ നേതാക്കളുടെ പുഷ്പ ചക്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. ജീവിതത്തിലെ നാനാ തുറകളില്‍പ്പെട്ട വമ്പിച്ച ജനാവലി കേരളം കണ്ട പ്രഗത്ഭരായ ഭരണാധികാരികളിലൊരാളായ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയിരുന്നു. . പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കുറുപ്പംപടി സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കപ്പെട്ടു. തുടര്‍ന്നു നടന്ന അനുശോചന യോഗത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും സഹോദരന്‍ റോയി പോള്‍ ഐ. എ.എസ് കൃതജ്ഞത രേഖപ്പെടുത്തി.
 
ഡോ. ബാബു പോളിനെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകളും വാര്‍ത്തകളും വിവിധ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു. അവയെല്ലാം അദ്ദേഹത്തിന്റെ ജീവിത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും കൈവരിച്ച നേട്ടങ്ങളുടെയും ഭാഗികമായ ഒരു ചിത്രം മാത്രമാണ് നമുക്കു തരുന്നത്. ആ ധന്യ ജീവിതത്തെയും സമൂഹത്തിനു അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകളെയും പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ ആ ജീവിതത്തിന്റെ മൊത്തത്തിലുള്ള ചിത്രം പരിശോധിക്കണം. കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ഒരിടത്തരം കുടുംബത്തില്‍ ജനിച്ച ഒരു എഞ്ചിനിയറിംഗ് ബിരുദധാരി. സ്വപരിശ്രമത്താല്‍ നേട്ടങ്ങളുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി സമസ്ത മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വിജയഗാഥയാണ് ഡോ. ഡാനിയേല്‍ ബാബു പോള്‍ എന്ന അപൂര്‍വ്വ പ്രതിഭ.
 
അഞ്ചാം വയസില്‍ പള്ളിയില്‍ ശുശ്രൂഷക്കാരനായി. 8ാം വയസില്‍ എഴുത്തുകാരന്‍. 19ാം വയസില്‍ ആദ്യ കൃതി പ്രസിദ്ധീകരിച്ചു. അറിവും നര്‍മ്മവും കോര്‍ത്തിണക്കിയ തനതു ശൈലിയിലൂടെ ശ്രോതാക്കളുടെ ശ്രദ്ധ യാകര്‍ഷിക്കുന്ന പ്രഭാഷകന്‍, അനേകം ഗ്രന്ഥങ്ങളുടെ രചയിതാവായ കരുത്തനായ എഴുത്തുകാരന്‍, ചീഫ് സെക്രട്ടറി റാങ്കുവരെയെത്തി വിരമിച്ച പ്രഗത്ഭനായ ഐ. എ. എസ്. ഭരണാധികാരി, റിട്ടയര്‍മെന്റിനുശേഷവും കേരളത്തിന്റെ ഓംബഡ്‌സ്‌മേനായി സേവനമനുഷ്ഠിച്ച വ്യക്തി എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ പ്രഗത്ഭ്യം തെളിയിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ്, രാജീവ് ഗാന്ധി സിവിള്‍ സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ അനേകം അവാര്‍ഡുകളും ബഹുമതികളും തന്നെ തേടിയെത്തി. 
 
പിതാവ് കോറൂസോ ദശറോറോ റൈറ്റ് റവ. പൗലോസ് കോര്‍ എപ്പിസ്‌ക്കോപ്പ ഹെഡ്മാസ്റ്ററായി 32 വര്‍ഷം സേവനമനുഷ്ഠിച്ച കുറുപ്പംപടി എം. ജി. എം. ഹൈസ്‌കൂളില്‍ മഹാരാജാ സ്‌കോളര്‍ഷിപ്പോടെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കലാലയ വിദ്യാഭ്യാസം നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജിലും, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലും. പിന്നീട് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ മാസ്റ്റേഴ്‌സ് ബിരുദം. 1964 ല്‍ സിവിള്‍ സര്‍വീസ് പരീക്ഷയില്‍ 7ാം റാങ്കോടെ ഐ. എ. എസ്. പാസായി. ഭാര്യ നിര്‍മല പോള്‍ 2000 ല്‍ നിര്യാതയായി. മകള്‍ മറിയ, മരുമകന്‍ സതീഷ്. മകന്‍ ചെറിയാന്‍, മരുമകള്‍ ദീപ. 
 
ഡോ. ബാബു പോള്‍ ഏറെ ഇഷ്ടപ്പെട്ട ബൈബിള്‍ വാക്യം സങ്കീര്‍ത്തനങ്ങള്‍ 44, 8ാം വാക്യമാണ്.' ദൈവത്തില്‍ ഞങ്ങള്‍ നിത്യം പ്രശംസിക്കുന്നു. നിന്റെ നാമത്തിനു എന്നും സ്‌തോത്രം ചെയ്യുന്നു.' ഞങ്ങളുടെ കുടുംബത്തിന്റെ ആത്മീയ പൈതൃകവും പാരമ്പര്യവും സംബന്ധിച്ച് അദ്ദേഹത്തിനു നല്ല ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ , ' ഞങ്ങളുടെ ഏറ്റവും അമൂല്യ സമ്പാദ്യം ദൈവഭയം എന്നതാണ്. ഞങ്ങള്‍ വിദ്യാഭ്യാസപരമായി പല നിലകളിലുള്ളവരാണ്, ദൈവം ഞങ്ങള്‍ക്കു തന്നതും ഞങ്ങള്‍ പരിപോഷിപ്പിച്ചെടുത്തതുമായ കഴിവുളും വ്യത്യസ്തങ്ങളാണ്. ഞങ്ങളുടെ സാമ്പത്തിക നിലവാരവും വിഭിന്നമാണ്. എന്നാല്‍ ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന കണ്ണികള്‍ ദൈവത്തോടുള്ള ഗാഡസ്‌നേഹവും പരസ്പരമുള്ള കൂട്ടായ്മയുമാണ്. ഞങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും ഞങ്ങളുടെ ദൈവത്തെ ഒരുമിച്ചാരാധിക്കുകയും ചെയ്യുന്നു. ദൈവഭയം എന്നത് കുടുംബത്തിന്റെ അടിസ്ഥാനശിലയാണ്.' അദ്ദേഹത്തിന്റെ ഏക സഹോദരന്‍ റോയി പോള്‍ ഐ.എ.എസ്. പറയുന്നത്, ' ഇന്ന് പോത്താനിക്കാട് ചീരകത്തോട്ടം കുടുംബവും അനുബന്ധ കുടുംബങ്ങളും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നു. അവരെല്ലാം അവരായിരിക്കുന്ന ഇടങ്ങളില്‍ നന്നായി ജീവിക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ദൈവം ഞങ്ങളെ സ്‌നേഹിക്കുകയും കരുതുകയും അദ്ഭുതകരമായി പരിപാലിക്കുകയും വഴിനടത്തുകയും ചെയ്ത വിധങ്ങളെ ഓര്‍ക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ അച്ഛന്‍ ഞങ്ങളോടു പറഞ്ഞുതന്നത്, അവരുടെ മാതാപിതാക്കള്‍ ഒരു നേരം പോലും പ്രാര്‍ത്ഥിക്കാതെ ഭക്ഷണം കഴിക്കാറില്ലായിരുന്നെന്നും എത്ര ക്ഷീണമുണ്ടായാലും സമയക്കുറവുണ്ടായിരുന്നെങ്കിലും അവര്‍ പ്രാര്‍ത്ഥന മുടക്കാറില്ലായിരുന്നുവെന്നുമാണ്. അവരുടെ പ്രാര്‍ത്ഥനയാണ് ഇന്നും ഞങ്ങളെ പരിപാലിക്കുന്നത്.' ഈ അടിയുറച്ച ദൈവവിശ്വാസം ഇന്നും ഞങ്ങളുടെ കുടുംബത്തില്‍ നിലനില്‍ക്കുന്നു. ഡോ. ബാബു പോള്‍ രചിച്ച വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ ശബ്ദകോശം മലയാളത്തിലെതന്നെ അത്തരത്തിലുള്ള ആദ്യത്തെ കൃതിയാണ്. ഭാരതീയ സംസ്‌കാരത്തിലും വേദങ്ങളിലും ഉപനിഷത്തുകളിലും ഊന്നിയുള്ള ബൈബിള്‍ വ്യാഖ്യാനം പുതിയ മാനങ്ങളാണ് പ്രദാനം ചെയ്തത്. ഇതിനു ലോകവ്യാപകമായ പ്രചാരവും പ്രസിദ്ധിയും അംഗീകാരവും ലഭിക്കുകയും ചെയ്തു. ആദ്യ പ്രസിദ്ധീകരണത്തിലെ 5000 കോപ്പികളും 22 മാസങ്ങള്‍ക്കകം വിറ്റഴിഞ്ഞു. രണ്ടാമത്തെ എഡിഷനും അതുപോലെ തന്നെ വിറ്റഴിഞ്ഞു. 
 
എഴുത്തും വായനയും അദ്ദേഹത്തിനു പ്രാണവായു പോലെ പ്രധാനമായിരുന്നു. ജീവിത സായാഹ്നം വരെ രാവിലെ നാലുമണിക്ക് ഉണര്‍ന്ന് വായനയിലേര്‍പ്പെടുന്നത് ശീലമായിരുന്നു. രാഷ്ട്രീയം മുതല്‍ വിവാദവിഷയത്തിലുള്ള ചര്‍ച്ചവരെയും യാത്രാ വിവരണം മുതല്‍ സഭാചരിത്രം വരെയും ഉള്ള വിവിധ മേഖലകള്‍ അദ്ദേഹത്തിന്റെ എഴുത്തിനു വിഷയമായി. ഇംഗ്ലീഷിലും മലയാളത്തിലും ഒട്ടു മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പംക്തികള്‍ എഴുതി. ദൃശ്യമാധ്യമങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്നു. 8ാം വയസില്‍ ബാലമിത്രം മാസികയിലാണ് ആദ്യമായി എഴുതിയത്. 19ാം വയസില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കുവാനായി യൂറോപ്പിലേക്കുള്ള യാത്രയെക്കുറിച്ചെഴുതിയ ' ഒരു യാത്രയുടെ ഓര്‍മ്മകള്‍' ആണ് ആദ്യത്തെ പ്രസിദ്ധീകൃതമായ കൃതി. ക്രെംലിന്‍ ടു ബര്‍ലിന്‍(1980) വെനി വിഡി വിസി(1982), Quest for Unity(1984) Syrian Orthodox Christians of Thomas(1986), A Queen's Story(1986) അച്ചന്‍, അച്ഛന്‍, ആചാര്യന്‍(1988) വേദശബ്ദരത്‌നാകരം (1997), നിലാവില്‍ വിരിഞ്ഞ കാപ്പി പൂക്കള്‍, കഥ ഇതുവരെ(208) തുടങ്ങി നിരവധി പുസ്തങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. 'കഥ ഇതുവരെ' ആറുമാസത്തിനുള്ളില്‍ രണ്ടാം പതിപ്പിറക്കി. അറിവു തേടിയുള്ള നിരന്തരമായ പ്രയാണമാണ് അദ്ദേഹത്തെ മഹത്വത്തിലേക്കു നയിച്ചതെന്നുള്ളത് നിസ്തര്‍ക്കമാണ്.
 
ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഒരിക്കല്‍പോലും ചാഞ്ചാട്ടമുള്ളതായിരുന്നില്ല, മറിച്ച് അതു സ്ഥിരവും ദൃഢവുമായിരുന്നു.ചില കാര്യങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. രണ്ടു പേര്‍ക്കിടയില്‍ എപ്പോഴും അഭിപ്രായ ഐക്യമായിരുന്നുവെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അവരിലൊരാള്‍ക്കു മാത്രമാണ് ചിന്താശക്തിയുള്ളതെന്നു പറയുന്നതുപോലെയാണ് അതിനെ കണക്കാക്കേണ്ടത്. പ്രശ്‌നങ്ങളില്‍ നിന്നും ഓടിയൊളിക്കുന്നതല്ല മറിച്ച്, അവയെ മുഖാമുഖം നേരിടുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായിരുന്നാലും നട്ടെല്ലു നിവര്‍ത്തി പറയാനുള്ളതു വെട്ടിത്തുറന്നു പറയാനും സത്യസന്ധമായ നിലപാടെടുക്കുവാനും അദ്ദേഹം വഹിച്ച സ്ഥാനങ്ങളെ സാധാരണ നിലയില്‍ നിന്നും ഒരു പടി ഉയര്‍ത്തി സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനും സേവനകാലത്തുടനീളം സാധിച്ചുവെന്നതും എടുത്തു പറയേണ്ട സവിശേഷതയായിരുന്നു. ഒപ്പം സഹജമായ നര്‍മ്മബോധവും അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി. 
 
യു.എസ്. എ. യിലും കാനഡയിലുമുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളെ കോര്‍ത്തിണക്കി കോംപാക്റ്റ്(COMPAKT) എന്നപേരില്‍ ഒരു കുടുംബയോഗം രൂപീകരിക്കുകയുണ്ടായി. ഈ പേരു നിര്‍ദ്ദേശിച്ചതും Vine Out of Egypt എന്ന കുടുംബചരിത്ര ഗ്രന്ഥത്തിനു പേരു നിര്‍ദ്ദേശിച്ചതും ബാബു പോള്‍ തന്നെയായിരുന്നു. ചീരകത്തോട്ടം, കളപ്പുരയ്ക്കല്‍, കീപ്പണശേരില്‍, മരങ്ങാട്ട്, പടിഞ്ഞാറെക്കുടിയില്‍, പോളിയേക്കുടി, പൂക്കുന്നേല്‍, താമരച്ചാലില്‍ എന്നീ കുടുംബങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. സീണിയര്‍ മോസ്റ്റ് അംഗമായ പോള്‍ സി. കുറിയാക്കോസ് പേട്രണും, ഞാന്‍ പ്രഥമ പ്രസിഡന്റും, ലാലു കുറിയാക്കോസ് പ്രഥമ സെക്രട്ടറിയുമായിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ കോംപാക്റ്റ് കുടുംബയോഗത്തിന്റെ അഗാധമായ ദു:ഖസൂചകമായി ഒരു പുഷ്പചക്രം ഞങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
 
കാലം ചെയ്ത പരിശുദ്ധ മോറാന്‍ മാര്‍ ഇഗ്‌നാത്തിയോസ് സാഖാ ഐവാസ് പാത്രിയര്‍ക്കീസ് ബാവയുടെ ഒരു ആരാധകനായിരുന്നു ഡോ. ബാബു പോള്‍. അദ്ദേഹത്തെ സ്വപിതാവു കഴിഞ്ഞാല്‍ ഏറ്റവുമധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.1980 ല്‍ നടന്ന പാത്രിയര്‍ക്കീസ് സ്ഥാനാരോഹണത്തില്‍ സംബന്ധിക്കുകയും ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിക്കുകയും ചെയ്തു. പ. പാത്രിയര്‍ക്കീസ് ബാവ ബാര്‍ ഈത്തോ ബ്രീറോ എന്ന ഉന്നത ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. അപ്രകാരമൊരു ബഹുമതി ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് അദ്ദേഹത്തിനു ലഭിച്ചത്. 1984 ല്‍ മാര്‍ പാപ്പായും പാത്രിയര്‍ക്കീസുമായി റോമില്‍വെച്ചു നടന്ന ഉച്ചകോടി എക്യുമെനിക്കല്‍ കൂടിക്കാഴ്ചയില്‍ ഡെലിഗേറ്റായി ഡോ. ബാബു പോളും സംബന്ധിച്ചിരുന്നു.
 
അമേരിക്കയിലെ സമയമനുസരിച്ച് ഏപ്രില്‍ 11ാം തീയതിയാണ് അദ്ദേഹം അന്തരിച്ചത്. ഇന്ത്യയില്‍ 12ാം തീയതി ആയിരുന്നു. ജന്മദിനമായ ഏപ്രില്‍ 11 ന് അന്ത്യവും സംഭവിക്കുന്നത് വിരളമാണ്. അങ്ങനെ സംഭവിച്ച മറ്റൊരു വ്യക്തി ഭാഗ്യസ്മരണാര്‍ഹനായ പാമ്പാടി തിരുമേനിയായിരുന്നു. തന്റെ അന്ത്യത്തെ സംബന്ധിച്ച് വ്യക്തത അദ്ദേഹത്തിനുണ്ടായിരുന്നു. അതു സംബന്ധിച്ച് താന്‍ സ്‌നേഹിക്കുന്നവര്‍ക്ക് മരണാനന്തരം ലഭിക്കത്തക്ക രീതിയില്‍ ഓഡിയോ റെക്കാര്‍ഡിംഗ് തയ്യാറാക്കിയിരുന്നു. മരണാനന്തരം കാര്യങ്ങള്‍ എങ്ങനെ ക്രമീകരിക്കണമെന്നതിനെ സംബന്ധിച്ചു പോലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അതുവഴി നല്‍കുകയും ചെയ്തിരുന്നു.
അദ്ദേഹം ശാരീരികമായി ഇനി നമ്മോടൊപ്പമുണ്ടാകില്ല. എന്നാല്‍ അദ്ദേഹം സമൂഹത്തിനു നല്‍കിയ അതുല്യമായ സംഭാവനകള്‍ ശാശ്വതമായി നിലനില്‍ക്കും. ബാഹ്യ നയനങ്ങള്‍ക്ക് ഗോചരമാകില്ലെങ്കിലും മനോമുകുരങ്ങളില്‍ അദ്ദേഹം മങ്ങാതെ, മായാതെ നിലനില്‍ക്കുമെന്നത് നിസ്തര്‍ക്കമാണ്. ദൈവം അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
 
പരിഭാസ്ഷ: വര്‍ഗീസ് പ്ലാമ്മൂട്ടില്‍
see also: http://www.indialife.us/article.php?id=115612

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.