You are Here : Home / USA News

ഫണ്ട് റെയിസിംഗില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളും മുന്നില്‍ (ഏബ്രഹാം തോമസ്)

Text Size  

Story Dated: Monday, April 29, 2019 03:22 hrs UTC

ദേശവ്യാപകമായി നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വന്തം സംസ്ഥാനത്തിന് പുറത്ത് നിന്ന് ധനശേഖരണം നടത്തുന്നത് ടെക്‌സസില്‍ നിന്ന് യു.എസ്. സെനറ്റിലേയ്ക്ക് മത്സരിച്ചപ്പോള്‍ മുന്‍ അല്‍പാസോ ഡെമോക്രാറ്റിക് പ്രതിനിധി ബീറ്റോ ഒറൗര്‍കി ടെക്‌സസിന് പുറത്ത് നിന്നാണ് ശേഖരിച്ച 80 മില്യന്‍ ഡോളറില്‍ അധികവും നേടിയത് എന്ന് ആരോപണം ഉണ്ടായിരുന്നു.
 
അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രൈമറികള്‍ക്ക് ഒന്‍പത് മാസമാണ് ശേഷിക്കുന്നത്. ടെക്‌സസിലെ ഡെമോക്രാറ്റിക് പ്രൈമറി ഇപ്രാവശ്യം നേരത്തെയാണ്- 2020 മാര്‍ച്ച് ആദ്യവാരത്തിലെ സൂപ്പര്‍ട്യൂസ്‌ഡേയില്‍, ടെക്‌സസില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാവുന്ന ഡെലിഗേറ്റുകള്‍ നിര്‍ണ്ണായകമാണ്. പ്രത്യേകിച്ച് വിന്നര്‍ ടേക്ക്ഓള്‍ എന്ന നിയമം ഇല്ലാത്തതിനാല്‍. പാര്‍ട്ടി അനുയായികളുടെ വോട്ടുകളുടെ അനുപാതത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഡെലിഗേറ്റുകള്‍ പങ്ക് വയ്ക്കുന്നു.
 
കഴിഞ്ഞ മാസങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റിന് വേണ്ടി മത്സരരംഗത്തുള്ള 20 പേരില്‍ പലരും ഫണ്ട് റെയ്‌സിംഗിന് വേണ്ടി റാലികള്‍ നടത്തിയിരുന്നു. മാര്‍ച്ച് അവസാനം വരെ ശേഖരിച്ച പ്രചരണഫണ്ട് വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ഫയല്‍ ചെയ്തു. എന്നാല്‍ ഈ വിവരങ്ങള്‍ പൂര്‍ണ്ണമല്ല. ദാതാക്കളുടെ പേരുകളോ വിലാസമോ ഒന്നും ചില സംഭാവനകള്‍ക്കൊപ്പം രേഖപ്പെടുത്തിയിട്ടില്ല.
ഏറ്റവുമധികം ധനം ശേഖരിച്ച 10 സ്ഥാനാര്‍ത്ഥികളില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. 21,81,061 ഡോളര്‍ ശേഖരിച്ച് ഒറൗര്‍കെ മുന്നിലെത്തി. മറ്റൊരു ടെക്‌സസുകാരന്‍ ജൂലിയന്‍ കാസ്‌ട്രോ ആണ് രണ്ടാം സ്ഥാനത്ത്. 4,91,600 ഡോളര്‍. സെനറ്റര്‍മാരായ കമല ഹാരിസ്(1,95,286 ഡോളര്‍), കീഴ്‌സ്റ്റന്‍ ഗില്ലിബ്രാന്‍ഡ്(1,29,755 ഡോളര്‍), ഏയ്മിക്ലോബുച്ചര്‍(1,08,056 ഡോളര്‍), ബേണി സാന്‍ഡേഴ്‌സ്(1,02,696 ഡോളര്‍), ക്കോറി ബുക്കര്‍(1,00,481 ഡോളര്‍), പീറ്റ് ബട്ടീഗീഗ്(1,00, 188 ഡോളര്‍), ടുള്‍സി ഗബാര്‍ഡ്(81, 118 ഡോളര്‍), ജോണ്‍ ഹിക്കുന്‍ലൂപ്പര്‍(70, 721 ഡോളര്‍) എന്നിവരാണ് പിന്നില്‍.
 
ദാതാക്കള്‍ ടെക്‌സസിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ കൈ അയച്ച് സഹായിക്കുകയാണ്. ഒരു പ്രധാന കാരണം 1976 ല്‍ ലോയ്ഡ് ബെന്റ്‌സന് ശേഷം നിയപരമായി ടെക്‌സസില്‍ ജനിച്ച് വളര്‍ന്ന ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടില്ല. സ്വാധീനം, സംഘടനാബലം എന്നിവ ധനശേഖരണത്തിന് സഹായമാവുന്നു. ധനശേഖരണം ശക്തമായില്ലെങ്കില്‍ നീണ്ട് നില്‍ക്കുന്ന പ്രൈമറികളില്‍ തുടരാനാവില്ല.
മൂന്ന് സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ ഹാരിസ്, ക്ലോബുച്ചര്‍ ഗില്ലിബ്രാന്‍ഡ് ധനശേഖരണത്തില്‍ മതിപ്പ് ഉളവാക്കുന്ന പ്രകടനമാണ് നടത്തിയത്. ഒറൗര്‍ക്കി ഹൂസ്റ്റണില്‍ നിന്ന് ഏറെ ധനം നേടി(4,41, 281 ഡോളര്‍), കാസ്‌ട്രോയെ സാന്‍ അന്റോണിയോ ഏറ്റവുമധികം സഹായിച്ചപ്പോള്‍(1,09, 392 ഡോളര്‍) കമല ഹാരിസിനെ ഏറ്റവുമധികം തുണച്ചത് ഡാലസാണ്-72, 823 ഡോളര്‍.
 
ലാസ് വേഗസില്‍ ആറ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ യൂണിയനുകള്‍ അമേരിക്കന്‍ ഇടത്തരക്കാരുടെ ജീവനാഡി ആണെന്ന് പറഞ്ഞു. ഫെഡറല്‍ മിനിമം വേതനം മണിക്കൂറില്‍ 15 ഡോളര്‍ ആക്കണമെന്ന് ആവശ്യപ്പെട്ടു. ലാസ് വേഗസ് യൂണിയന്‍ ഫോറത്തില്‍ വേതനം കുറയുന്നതില്‍ സ്ഥാനാര്‍ത്ഥികള്‍ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും ഒരു പരിഹാരമാര്‍ഗം ഇവര്‍ക്ക് നിര്‍ദ്ദേശിക്കുവാന്‍ കഴിഞ്ഞില്ല.
 
തൊഴിലാളി യൂണിയനുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഹാരിസും ക്ലോബുച്ചറും പറഞ്ഞു. മുന്‍ കൊളറാഡോ ഗവര്‍ണ്ണര്‍ ജോണ്‍ ഹിക്കന്‍ലൂപ്പര്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ ഫണ്ടിംഗ് ആവശ്യപ്പെട്ടു. ഇത് കോണ്‍ഗ്രസില്‍ നിയമം പാസാക്കി നടപ്പാക്കുമെന്ന് ഹിക്കന്‍ലൂപ്പറിന്റെ വക്താവ് പറഞ്ഞു.
 
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നെടുംതൂണാണ് തൊഴില്‍ മേഖല. എന്നാല്‍ 'ചാഞ്ചാടുന്ന' സംസ്ഥാനങ്ങള്‍ 2016 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രമ്പിനെയാണ് പിന്തുണച്ചത്. ഈ വോട്ടര്‍മാരുടെ പിന്തുണ തിരിച്ചു പിടിക്കുകയാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.