You are Here : Home / USA News

മാഗ് ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് വന്‍ വിജയം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, March 22, 2019 09:24 hrs UTC

ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ നടന്ന ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. മാര്‍ച്ച് 16നു ശനിയാഴ്ച ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്നുള്ള 'ട്രിനിറ്റി സെന്റര്‍' സ്‌പോര്ട്‌സ് ഫെസിലിറ്റിയില്‍ വച്ചു നടന്ന ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തില്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ടീം ജേതാക്കളായി മാഗ് എവര്‍റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ ഹൂസ്റ്റണ്‍ ഐപിസി ഹെബ്രോന്‍ ചര്‍ച്ച് ടീം റണ്ണര്‍ അപ്പിനുളള എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ബാസ്‌ക്കറ്റ് ബോള്‍ ഫൈനല്‍ മത്സരത്തില്‍ 25 നെതിരെ 34 പോയിന്റുകള്‍ നേടിയാണ് ട്രിനിറ്റിയിലെ ചുണക്കുട്ടന്മാര്‍ ഐപിസി ഹെബ്രോനെ പരാജയപ്പെടുത്തിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച ടൂര്‍ണമെന്റ് മാഗ് പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോണ്‍ ഉത്ഘാടനം ചെയ്തു. ട്രിനിറ്റി ടീമിലെ എറിക് ജോസഫ് എംവിപി ട്രോഫി കരസ്ഥമാക്കി. 3 പോയിന്റ് ഷൂട്ട് ഔട്ടില്‍ ഇമ്മാനുവേല്‍ ബ്ലൂ ടീമിലെ ക്രിസ് ചാക്കോ (1 മിനിറ്റില്‍ 12 പോയിന്റ്) ചാമ്പ്യന്‍ ആയപ്പോള്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ടീമിലെ ജെബി കളത്തൂര്‍ (1 മിനിറ്റില്‍ 9 പോയിന്റ്) റണ്ണര്‍ അപ്പ് ട്രോഫിയും കരസ്ഥമാക്കി.

 

ഹൂസ്റ്റണിലെ പ്രമുഖ ടീമുകളായ ട്രിനിറ്റി മാര്‍ത്തോമാ, ഐപിസി ഹെബ്രോന്‍, ഇമ്മാനുവേല്‍ മാര്‍ത്തോമാ ബ്ലൂ, ഇമ്മാനുവേല്‍ മാര്‍ത്തോമാ വൈറ്റ്, സീറോ മലബാര്‍ എ, സീറോ മലബാര്‍ ബി എന്നീ 6 ടീമുകളാണ് ടൂര്ണ്ണമെന്റില്‍ മാറ്റുരച്ചത്. ഹൂസ്റ്റണിലെ കായികപ്രേമികളായ നൂറുകണക്കിന് യുവാക്കളുടെ സാന്നിദ്ധ്യം കൊണ്ടു ധന്യമായിരുന്നു ട്രിനിറ്റി സെന്റര്‍. ചാമ്പ്യനുള്ള ഇ.വി. ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി റെജി കോട്ടയവും, റണ്ണര്‍ അപ്പിനുള്ള എവര്‍റോളിംഗ് ട്രോഫി അക്ബര്‍ ട്രാവെല്‍സും സംഭാവന നല്കി. കഴിഞ്ഞ 18 വര്‍ഷങ്ങളായി ഹൂസ്റ്റണില്‍ നടത്തി വരുന്ന ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സുഹൃത്ബന്ധങ്ങളുടെ വളര്‍ച്ചക്കും വളരെയധികം സഹായിച്ചു കൊണ്ടാണിരിക്കുന്നതെന്നു മാഗ് ഭാരവാഹികള്‍ പറഞ്ഞു. ടൂര്‍ണമെന്റിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ച കോര്‍ഡിനേറ്റര്‍മാരായ റജി കോട്ടയത്തെയും മെവിന്‍ ജോണിനെയും അസോസിയേഷന്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു. മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ സമ്മാനദാനം നിര്‍വഹിച്ചു. ട്രഷറര്‍ ആന്‍ഡ്രൂസ് ജേക്കബ് നന്ദി പ്രകാശിപ്പിച്ചു. വൈകുന്നേരം 7 മണിക്ക് ടൂര്‍ണമെന്റ് സമാപിച്ചു. അസോസിയേഷന്‍ പിആര്‍ഓ പ്രമോദ് റാന്നി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.