You are Here : Home / USA News

അഭിവന്ദ്യ സി. എം. ജോൺ കോർ എപ്പിസ്കോപ്പ ചിലമ്പിട്ടശ്ശേരിൽ (86) ന്യൂജേഴ്‌സിയിൽ നിര്യാതനായി.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, November 29, 2018 09:26 hrs UTC

ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ കോർഎപ്പിസ്ക്കോപ്പാ ആയിരുന്ന വെരി റവ. സി. എം. ജോൺ (ജോൺ അച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. 1932-ൽ കോട്ടയത്ത് ചിലമ്പിട്ടശേരിൽ മാത്യുവിന്റെയും മറിയാമ്മയുടെ മകനായി ജനിച്ചു. താഴത്തങ്ങാടി മാലിത്തറയിൽ സാറാമ്മ ജോൺ ആണ് ഭാര്യ. ഫോമാ ജുഡിഷ്യൽ കമ്മറ്റി അംഗമായ അലക്സ് ജോണിന്റെ പിതാവാണ് അഭിവന്ദ്യ കോർഎപ്പിസ്ക്കോപ്പാ ചിലമ്പട്ടശേരിൽ.

പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം, കോട്ടയം സി. എം. എസ്. കോളേജിൽ നിന്നും ബിരുദവും, മന്നാനം കെ. ഇ. കോളേജിൽ നിന്നും ബി. എഡും എടുത്തു. മഞ്ഞിനിക്കര സെമിനാരിയിൽ നിന്നും, കോട്ടയം പഴയ സെമിനാരിയിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കി. 1956-ൽ ഡീക്കനായും, 1962-ൽ പൗരോഹിത്യ പട്ടവും സ്വീകരിച്ചു. 1988-ൽ അദ്ദേഹം കോർ എപ്പിസ്‌ക്കോപ്പയായി അഭിഷിക്തനായി.

മണർകാട് സെന്റ് മേരീസ് ഹൈസ്ക്കൂളിലും, കോട്ടയം എം. ഡി. സെമിനാരി ഹൈസ്ക്കൂൾ എന്നിവടങ്ങളിൽ അദ്ധ്യായപകനായും പ്രവർത്തിച്ചു. 1988-ൽ വാഴൂർ സെന്റ് പോൾസ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്. മലങ്കര ഓർത്തഡോക്സ് കോട്ടയം ഡയോസീസിന്റെ സെക്രട്ടറിയായി 1963-1966, 1980-1984, 1984-1989. പള്ളം സെന്റ് ജോൺസ്, നീലിമംഗലം സെന്റ് മേരീസ്, കുമരകം സെന്റ് ജോൺസ്, തൃക്കോതമംഗലം സെന്റ് ജയിംസ്, പാത്താമുട്ടം സ്ലീബ, വാകത്താനം ഊർശലേം, നീലിമംഗലം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സെന്റർ എന്നിവടങ്ങളിൽ വികാരിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

1989-ൽ അമേരിക്കൻ ഐക്യ നാടുകളിലേക്ക് കുടിയേറിയ അദ്ദേഹം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ലിൻഡൻ സ്ഥാപിക്കുകയും, 1989 മുതൽ 1991 വരെ വികാരിയായും പ്രവർത്തിച്ചു. 1991-ൽ അദ്ദേഹം ഡോവറിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സ്ഥാപിക്കയും, 1991 മുതൽ 1996 വരെ പള്ളി വികാരിയായും പ്രവർത്തിച്ചു. 1996 മുതൽ ബ്രൂക്ക്‌ലിൻ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ വികാരിയായിരുന്നു. 2011-ൽ 50 വർഷത്തെ പൗരോഹത്യ ശുശ്രൂഷയിൽ നിന്നും അദ്ദേഹം വിരമിച്ചു.

മക്കൾ
മോളി, മിനി, മോൻസി, അലക്സ് എന്നിവരാണ്.

മരുമക്കൾ
സാജൻ ചാക്കോ, തോമസ് ജൈക്ക്, ഐറീൻ ജോൺ, രഞ്ജിനി അലക്സ് എന്നിവരാണ്.

കൊച്ചു മക്കൾ
നിഥിൻ, അലൻ, റ്റോൺ, റൂബൻ, ജോഷ്വാ, മാത്യൂ, നോഹ എന്നിവരാണ്.

സംക്കാര ശുശ്രൂഷകൾ
വേക്ക് സർവ്വീസ് 2018 നവംബർ 30 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണി മുതൽ 8 മണി വരെ ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (45 East Elm Street, Linden, NJ) വച്ചാണ്. ഫ്യൂണറൽ സർവ്വീസ് 2018 ഡിസംബർ 1 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ച്, ഗ്രേസ് ലാൻഡ് മൊമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (1900 Galloping Hill Rd, Kenilworth, NJ) അവസാനിക്കും. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്ന് അഭ്യർത്ഥിക്കുന്നു.

By: വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.