You are Here : Home / USA News

ശബരിമല വിഷയത്തില്‍ അമേരിക്കയില്‍ ഹൈന്ദവ മുന്നേറ്റം

Text Size  

Story Dated: Tuesday, October 16, 2018 11:17 hrs UTC

ശ്രീകുമാര്‍

പി വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെ വെല്ലുവിളിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഒന്നാകെ സംഘടിക്കുന്നു. സേവ് ശബരിമല യൂ. എസ്. എ എന്ന ആയിരത്തില്‍പരം അംഗങ്ങളുള്ള ശബരിമല ധര്‍മമ സംരക്ഷണ സേനയെ നയിക്കുന്ന കര്‍മ്മ സമിതിയുടെ കഴിഞ്ഞ ദിവസം കൂടിയ യോഗം തുലാമാസപൂജകള്‍ക്കു നടതുറക്കുന്നതിനു മുന്നെ ബഹുഭൂരിപക്ഷം ഭക്തരുടെ വിശ്വാസം സംരക്ഷിക്കുവാന്‍ കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അനുബന്ധമായി കോടതി നിലപാട് പുനഃപരിശോധിപ്പിക്കുവാന്‍ പ്രധാന മന്ത്രിയും രാഷ്ട്രത്തലവനായ രാഷ്ട്രപതിയും ഇടപെടണമെന്നും ആവശ്യപ്പെട്ട് സന്ദേശമയക്കുവാനും തീരുമാനിച്ചു. എല്ലാ മതവിശ്വാസികള്‍ക്കും സ്വതന്ത്രമായി മതസ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനും അനുമതി നല്‍കുന്ന ഭരണഘടനാ നിലനില്‍ക്കുന്ന ഭാരതത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കരുതലുള്ള ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം മാത്രം കൈയടക്കി കൊള്ളയടിക്കാനും ആചാരാനുഷ്ഠാനങ്ങളെ അപഹസിക്കാനും അവിശ്വാസത്തിന്റെ അകമ്പടിയോടെ അധികാരത്തിലെത്തിയവര്‍ കാട്ടുന്ന അമിതാവേശത്തില്‍ ലോകമെമ്പാടുമുള്ള ഹിന്ദുജനത ആശങ്കാകുലരാണ്.

 

മുഖ്യകാര്യദര്‍ശി സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ. എച്. എന്‍. എ പ്രസിഡന്റ് രേഖ മേനോന്‍ മുന്‍പ്രസിഡന്റ് രാമദാസ് പിള്ള, മുന്‍സെക്രട്ടറി സുരേഷ് നായര്‍, അയ്യപ്പസേവാ സംഘം പ്രസിഡന്റ് ഗോപിനാഥ കുറുപ്പ് , മനോജ് കൈപ്പിള്ളി,ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരെ കൂടാതെ ചിക്കാഗോ, ഡിട്രോയിറ്റ്, ഡാളസ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി,ഹ്യൂസ്റ്റന്‍, കാനഡയിലെ വിന്‍സര്‍, വെര്‍ജീനിയ, ഒര്‍ലാന്റോ, ടാമ്പാ,ലോസാഞ്ചലസ്,മിനിസോട്ട, സെയിന്റിലുയിസ്, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നും വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പ സേവാ സമാജങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു. വമ്പിച്ച പ്രതിഷേധവുമായി മുന്നേറുന്ന അയ്യപ്പ ഭക്തന്മാരുടെ ഐക്യം ദുര്‍ബലപ്പെടുത്താന്‍ ജാതി കാര്‍ഡ് പ്രയോഗിക്കുന്ന സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.ഭാഷാ വ്യത്യാസം പരിഗണിക്കാതെ ഇന്ത്യയില്‍നിന്നുള്ള എല്ലാ അയ്യപ്പ ഭക്തന്മാരുടെയും പിന്തുണയോടെ പ്രതിഷേധം വ്യാപിപ്പിക്കാനും നിയമ നടപടികള്‍ക്കുള്‍പ്പെടെ കേരളത്തില്‍ നടക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ നല്‍കുവാനും ഏകകണ്ഠമായി തീരുമാനിച്ചു, റെഡി ടു വെയിറ്റ് എന്ന വനിതാ വിശ്വാസി കൂട്ടായ്മയിലേക്ക് കൂടുതല്‍ വനിതകളെ അണിചേര്‍ക്കുവാന്‍ രഞ്ജിനി പിള്ള, രേഖ മേനോന്‍, നിഷ പിള്ള, വനജ നായര്‍, പ്രിയ ഉണ്ണിത്താന്‍, രമ നായര്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍, സിന്ധു പിള്ള, അഞ്ജന പ്രയാഗ എന്നിവരുള്‍പ്പെട്ട മഹിളാവേദിയെ ചുമതലപ്പെടുത്തി. കേരള ഹിന്ദുസ് ഓഫ് മിനിസ്സോട്ടയെ പ്രതിനിധികരിച്ച സുരേഷ് നായര്‍ സ്വാഗതവും കെ. എച്. എന്‍. എ നിര്‍വാഹക സമിതി അംഗം രതീഷ് നായര്‍ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.