You are Here : Home / USA News

പെരുന്തച്ചന്‍ നാടകം അമേരിക്കയില്‍ അരങ്ങേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 29, 2018 12:39 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരുന്ന സര്‍ഗ്ഗവേദിയുടെ രണ്ടാമത്തെ മുഴുനീള മലയാള നാടകം "പെരുന്തച്ചന്‍' 2018 സെപ്റ്റംബര്‍ 16-നു ഹേവാര്‍ഡ് ഷാബോട് കോളജ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ നിറഞ്ഞ സദസിനു മുന്നില്‍ വിജയകരമായി അരങ്ങേറി.

ബേ ഏരിയയിലെ കലാകാരന്മാരുടേയും സഹൃദയരുടേയും കൂട്ടായ്മയായ സര്‍ഗ്ഗവേദിയാണ് വള്ളുവനാട് നാദം കമ്യൂണിക്കേഷന്‍സിന്റെ പെരുന്തച്ചന്‍ നാടകത്തെ അമേരിക്കയിലെ അരങ്ങിലെത്തിച്ചത്. സര്‍ഗ്ഗവേദിയുടെ ആദ്യ നാടകമായ, 2017-ല്‍ അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ അവതരിപ്പിച്ച "കാട്ടുകുതിര' നാടകം നല്‍കിയ പ്രതീക്ഷകളെ കവച്ചുവെയ്ക്കാന്‍ "പെരുന്തച്ചന്' ആയതില്‍ സര്‍ഗ്ഗവേദിക്ക് തീര്‍ച്ചയായും അഭിമാനിക്കാം.

"പറയിപെറ്റ പന്തിരുകുല'ത്തിലെ പെരുന്തച്ചന്‍ ഐതീഹ്യങ്ങളിലൂടെയും കാവ്യ, നാടക, സിനിമകളിലൂടെയും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. പെരുന്തച്ചന്റെ കഥ, അതിന്റെ എല്ലാ പൊലിമകളിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന രംഗസംവിധാനത്തിന്റെ പകിട്ടുകളിലൂടെയും സര്‍ഗ്ഗവേദി അരങ്ങത്തെത്തിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് ഗൃഹാതുരത്വത്തിന്റെ സുന്ദരമായ ഓര്‍മ്മകള്‍ സമ്മാനിച്ചു.

സര്‍ഗ്ഗവേദിയുടെ ക്ഷണമനുസരിച്ച് പെരുന്തച്ചന്‍ കാണാനെത്തുമ്പോള്‍ കാണികളുടെ മനസ്സിലെ സംശയം വായിച്ചും, പറഞ്ഞും, കണ്ടും കേട്ടും ഏറെ പരിചയിച്ച പെരുന്തച്ചനെ സര്‍ഗ്ഗവേദി എങ്ങനെയാണ് ഈ നാടകത്തിലൂടെ അവതരിപ്പിക്കുക എന്നതായിരുന്നു. പക്ഷെ അവരുടെ ചിന്തകളെ മാറ്റിമറിച്ചുകൊണ്ട് ദൃശ്യവിസ്മയത്തിന്റെ അപാരതലങ്ങളിലേക്കു പെരുന്തച്ചന്‍ നടന്നുകയറി. ഒരു നല്ല സിനിമ കാണുമ്പോള്‍ പ്രേക്ഷകന്‍ എന്തെല്ലാം വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോകുമോ, അവയെല്ലാം സമ്മാനിക്കാന്‍ പെരുന്തച്ചന് കഴിഞ്ഞു. പാട്ടും, നൃത്തവും, സംഗീതവും കലാസംവിധാനവും, അഭിനയവും എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു. പ്രൊഫഷണല്‍ നാടകത്തിന്റെ തനതായ ശൈലിയില്‍ അവതരിപ്പിച്ച ഈ നാടകത്തിലെ അഭിനേതാക്കള്‍ ഒന്നിനൊന്നു മികച്ചുനിന്നു. അഭിനയകലയിലും കലാവിരുതിലും അഗ്രഗണ്യരാണ് സിലിക്കോണ്‍വാലിയിലെ മലയാളികള്‍ എന്നു സര്‍ഗ്ഗവേദി വീണ്ടും തെളിയിച്ചു.

അമേരിക്കയിലെ പരിമിത സാഹചര്യങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് മനോഹരമായി നെയ്‌തെടുത്ത ഈ കലാശില്പം കാണികള്‍ക്ക് ഒരു ദൃശ്യവിസ്മയമായിരുന്നു. ഗൃഹാതുരതയുണര്‍ത്തുന്ന പാട്ടുകളും സംഗീതവും കാണികളെ തെല്ലുനേരത്തേക്കൊന്ന് കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതീതി.

സര്‍ഗ്ഗവേദിക്കുവേണ്ടി ഈ നാടകം സംവിധാനം ചെയ്തതും പ്രധാന കഥാപാത്രമായ പെരുന്തച്ചനായി അഭിനയിച്ചതും ജോണ്‍ കൊടിയനാണ്. ജോണ്‍ തന്നെയാണ് സര്‍ഗ്ഗവേദി അമേരിക്കന്‍ നഗരങ്ങളില്‍ വിജയക്കൊടി പാറിച്ച കാട്ടുകുതിര എന്ന ആദ്യ നാടകത്തിന്റെ സംവിധായകനും.

വിനോദ് ജോണ്‍, രാജിമേനോന്‍, ടോം ആന്റണി എന്നിവര്‍ നിര്‍മ്മാണത്തിന്റെ ചുക്കാന്‍ പിടിച്ചു. ശ്രീജിത് ശ്രീധരനാണ് പശ്ചാത്തല രംഗങ്ങള്‍ ഒരുക്കിയത്. എഴുത്തുകാരനും നടനുമായ മോന്‍സി സ്കറിയ സഹസംവിധായകനായിരുന്നു. മെല്‍വിന്‍ ജെറോം, ബെന്നി ആനോസ് എന്നിവര്‍ സംഗീതം നല്‍കി.

ഡെന്നീസ് പാറേക്കാടന്‍, ഷെമി ദീപക്, ശ്യാം ചന്ദ്, രശ്മി നാരായണന്‍, സതീഷ് മേനോന്‍, ശരത് ശങ്കരംകുമാരത്ത്, ബാബു ആലുംമൂട്ടില്‍, ടീന ചെറുവേലി, രേഷ്മ നാരായണസ്വാമി, ദീപക് എടപ്പാറ, ജന ശ്രീനിവാസന്‍, ഡാനിഷ് തോമസ്, ലക്ഷ്മി ബൈജു, മഞ്ജുപിള്ള, സജിനാ അരുണ്‍, മഹാലക്ഷ്മി അരുണ്‍, ആന്‍മേരി ആന്റണി, മൃദുല കര്‍ത്താ എന്നിവര്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളുമായി നാടകത്തില്‍ അഭിനയിച്ചു തകര്‍ത്തു.

നാരായണന്‍, ലെസ്ലി പോള്‍ എന്നിവര്‍ ശബ്ദവും, ലെബോണ്‍ മാത്യു വെളിച്ചവും നിയന്ത്രിച്ചു. ജോജന്‍ ആന്റണി, സുബി ആന്‍ഡ്രൂസ് എന്നിവര്‍ ഫോട്ടോഗ്രാഫിയും, ഷാജി പരോള്‍ വീഡിയോഗ്രാഫിയും നിര്‍വഹിച്ചു. ലത നാരായണന്‍, ജാസ്മിന്‍ പരോള്‍, ശ്രീജ മോഹന്‍, പാറു സുദീഷ് എന്നിവരാണ് മേക്കപ്പിനു സഹായിച്ചത്. റാണി സുനില്‍ ആയിരുന്നു പി.ആര്‍.ഒ. നാടകാവസാനം ഉമേഷ് നരേന്ദ്രനും ഐശ്വര്യ അരവിന്ദും ചേര്‍ന്ന് അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും സദസിനു പരിചയപ്പെടുത്തി.

നാടകത്തില്‍ നിന്നുള്ള ലാഭത്തിന്റെ പകുതി കേരളത്തിലെ വെള്ളപ്പൊക്ക ദിരുതാശ്വാസത്തിനും, ബാക്കിയുള്ളതില്‍ നല്ലൊരു തുക കേരളത്തിലെ ഒരു പഴയകാല നാടക നടനായ കെ.വി. ആന്റണി സഹായമായി നല്‍കാനുമാണ് ഉദ്ദേശിക്കുന്നതെന്നു സര്‍ഗ്ഗവേദി ഭാരവാഹികള്‍ അറിയിച്ചു.

സര്‍ഗ്ഗവേദി നടത്തിയ 2018-ലെ കഥാ-കവിതാ മത്സരത്തിലെ വിജയികളെ നാടക സ്റ്റേജില്‍ പ്രഖ്യാപിച്ചു. ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ഇല്ലിനോയ്‌സിലെ എഡ്വേര്‍ഡ് വില്ലില്‍ നിന്നുള്ള ഡോ. ഷീജ സിറില്‍ എഴുതിയ "പച്ച റോസാപ്പുക്കളും ചുവന്ന ഇലകളും' എന്ന കഥയ്ക്കാണ്. കവിതയില്‍ മസാച്ചുസെറ്റ്‌സിലെ ടിംഗ്‌സ് ബറോയില്‍ നിന്നുള്ള സിന്ധു നായര്‍ എഴുതിയ "ഒറ്റയ്ക്കായവര്‍' എന്ന കവിത ഒന്നാം സ്ഥാനവും, കാലിഫോര്‍ണിയയിലെ മില്‍പിറ്റാസില്‍ നിന്നുള്ള സ്മിത പുതുശേരി എഴുതിയ "അച്ഛന്‍' എന്ന കവിത രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പ്രശസ്ത എഴുത്തുകാര്‍ക്ക് ബേ ഏരിയയില്‍ വേദികളൊരുക്കുകയും, പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പക്കുകയും, സാഹിത്യ ചര്‍ച്ചകള്‍കൊണ്ട് വായനയെ സമ്പുഷ്ടമാക്കുകയും ചെയ്യുന്ന സര്‍ഗ്ഗവേദി ഈ നാടകം അമേരിക്കയിലെ മറ്റു നഗരങ്ങളില്‍ അവതരിപ്പിക്കുന്നതിനു മലയാളി സംഘടനകളുടെ സഹായം അഭ്യര്‍ത്ഥിച്ചു. താത്പര്യമുള്ളവര്‍ sargavediteam@gmail.com-എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.