You are Here : Home / USA News

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, September 26, 2018 02:15 hrs UTC

ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര ജാക്കോബൈറ്റ് സിറിയക്ക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍, മാര്‍ ഇഗ്നാത്തിയോസ് നൂറോനെയുടെ ഓര്‍മ്മപെരുന്നാളും 41-ാമത് വാര്‍ഷീകാഘോഷവും, 2018 ഒക്ടോബര്‍ 19, 20, 21(വെള്ളി, ശനി, ഞായര്‍) എന്നീ തീയതികളില്‍, ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു. ഒക്ടോബര്‍ 14(ഞായര്‍) വി.കുര്‍ബ്ബാനാനന്തരം വികാരി റവ.ഫാ.യല്‍ദൊ പൈലി കൊടി ഉയര്‍ത്തുന്നതോടെ, ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 19-ാം തീയതി(വെള്ളിയാഴ്ച) ഭക്തസംഘടനകളുടെ വാര്‍ഷീകാഘോഷം വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. പരിശുദ്ധ ദൈവമാതാവിന്റെ, ജനനം, ബാല്യകാലം, ലോക രക്ഷകന്റെ അമ്മയാകുവാന്‍ ലഭിച്ച നിയോഗപ്രകാരം, തന്റെ മകന്റെ കഷ്ടാനുഭവത്തിനും, ക്രൂശമരണത്തിനും ദൃക്‌സാക്ഷിയാകേണ്ടി വന്നതു മൂലമുണ്ടായ മാനസീക പീഢകള്‍, ഭാഗ്യമരണം തുടങ്ങിയ സംഭവ ബഹുലമായ ജീവിതകഥ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന 'പരിശുദ്ധ ദൈവ മാതാവ്' എന്ന നാടക ആവിഷ്‌ക്കാരം, ഈ വര്‍ഷത്തെ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ഒരു മികച്ച ഇനമായിരിക്കും. 20-ാം തീയതി(ശനി) വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രഗല്‍ഭ വാഗ്മി, റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ്ബ്(വികാരി, സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍, ഫിലഡല്‍ഫിയ) വചന പ്രഘോഷണം നടത്തും. ഇടവക ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പെരുന്നാളിന് മാറ്റു കൂട്ടും. 21-ാം തീയതി(ഞായര്‍) അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍, മുത്തുക്കുട, കൊടി, ചെണ്ട, വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന, ഭക്തിനിര്‍ഭരവും, വര്‍ണ്ണ ശബളവുമായ 'റാസ' പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി റവ.ഫാ.യല്‍ദൊ പൈലി(വികാരി), ശ്രീ.ഷാജി ജോണ്‍(സെക്രട്ടറി), ശ്രീ.ജോസഫ് ജോര്‍ജ്(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിങ്ങ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി വരുന്നു. ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാളിന് സമാപനമാകും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.