You are Here : Home / USA News

പക്ഷം പിടിക്കാതെ നല്‍കുന്ന വാര്‍ത്തകള്‍ക്കായിരിക്കും ഇനി വായനക്കാരുണ്ടാവുക.: ഡി. ബാബുപോള്‍

Text Size  

Story Dated: Thursday, October 03, 2013 08:11 hrs UTC

അമേരിക്കയില്‍ നിന്നുള്ള പ്രാദേശിക മലയാളം പ്രസിദ്ധീകരണങ്ങള്‍ അപ്രസക്തമാണ് എന്ന് കരുതുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്. എന്നാല്‍ വായന അപ്രസക്തമാകുന്നു എന്നല്ല അതിനര്‍ത്ഥം. പ്രാദേശിക മലയാളം പ്രസിദ്ധീകരണങ്ങളുടെ സ്വഭാവം പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നു എന്നാണര്‍ത്ഥം. അമേരിക്കയിലെ പഴയ തലമുറയില്‍പ്പെട്ടവക്ക് പണ്ട് കാലത്ത് കേരളത്തിലെ വാര്‍ത്തകള്‍ അറിയാന്‍ സൌകര്യം കുറവായിരുന്നു. നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോഴോ മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ തപാലില്‍ വരുമ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞേ കേരളത്തിലെ വാര്‍ത്തകള്‍ അറിയാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ആകെ മാറി. നിരവധി ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ ഇന്ത്യയുടെയും കേരളത്തിന്റെയും വാര്‍ത്തകള്‍ അപ്പോഴപ്പോള്‍ അറിയാന്‍ കഴിയും.

അമേരിക്കയില്‍ നിന്നുമിറങ്ങുന്ന മലയാളം പ്രസിദ്ധീകരണങ്ങളുടെ ജോലി കൂടുന്നത് ഇവിടെയാണ്. കട്ട് ആന്‍ഡ് പേസ്റ്റിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇനി മുതല്‍ ആളുകള്‍ക്ക് താല്‍പര്യമുള്ള പുതിയ വാര്‍ത്തകള്‍ തന്നെ കൊടുക്കേണ്ടി വരും. വടക്കേ അമേരിക്കയില്‍ നിന്നും മലയാളപ്രസിദ്ധീകരണങ്ങള്‍ ഇറക്കുന്നവരുടെ ഉത്തരവാദിത്തം കൂടി. വായനക്കാരന്‍ ആഗ്രഹിക്കുന്നത് കൊടുത്ത് അവരെ തൃപ്തനാക്കേണ്ട ചുമതല ഉണ്ട്. അമേരിക്കയിലെ ഒന്നാം തലമുറക്ക് വേണ്ടത് ക്രൂരമായ കൊലപതകങ്ങളുടെയോ ലൈംഗിക പീഡനങ്ങളുടെയോ വാര്‍ത്തകളല്ല. നാടിന്റെ യഥാതഥമായ വാര്‍ത്തകളാണ് അവര്‍ക്കാവശ്യം. ഒന്നാം തലമുറയുടെ മക്കള്‍ക്ക് ഇതിലൊന്നും യാതൊരു താല്പര്യവുമില്ല. എന്നാല്‍ നാം അവര്‍ക്ക് അവരുടെ ജന്മനാടിനെക്കുറിച്ചുള്ള നല്ല വാര്‍ത്തകളാണ് കൊടുക്കേണ്ടത്. കേരളത്തിന്റെ പ്രത്യേകതകളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും നാടിന്റെ നന്മകളെക്കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ പകര്‍ന്നു കൊടുക്കണം. അമേരിക്കയിലെ പ്രാദേശിക പത്രങ്ങളുടെ ചുമതലയാണത്. ഒന്നാം തലമുറ ആഗ്രഹിക്കുന്നത് വികസന വാര്‍ത്തകളാണ്. രാജ്യത്തെക്കുറിച്ച് അഭിമാനം തോന്നുന്ന വാര്‍ത്തകള്‍ കൊടുക്കണം. അമിതമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വാര്‍ത്തകളോട് ഒരു വായനക്കാരനും താല്പര്യമില്ല.

 

അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധി മണ്ടനാണെന്ന് ബി ജെ പി പറയുന്നതോ മോദി വര്‍ഗീയവാദിയാണെന്ന് കോണ്‍ഗ്രസ് പറയുന്നതിനോടോ വായനക്കാരന് പ്രത്യേകിച്ചൊരു താല്പര്യവുമില്ല. രണ്ടും സത്യമാണെങ്കില്‍ പോലും! ഒരുപാടു നല്ല കാര്യങ്ങള്‍ കേരളത്തിലും ഇന്ത്യയിലും നടക്കുന്നുണ്ട്. അതെല്ലാം രാഷ്ട്രീയം കലര്‍ത്താതെ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്താല്‍ വായിക്കാന്‍ ആളുണ്ടാകും. പക്ഷം പിടിക്കാതെ പൊരുള്‍ തിരിച്ചു നല്‍കുന്ന വാര്‍ത്തകള്‍ക്കായിരിക്കും ഇനി വായനക്കാരുണ്ടാവുക. ഇവിടെയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രാധാന്യം നാം മനസിലാക്കേണ്ടത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രസ് ക്ലബ് മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇന്ത്യാ പ്രസ് ക്ലബിന് കഴിഞ്ഞു. കഴിവുള്ള മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രസ് ക്ലബ് കാണിച്ച സ്‌നേഹം വലുതായിരുന്നു. ജൂറി എന്ന നിലയില്‍ അത് നേരിട്ട് കണ്ടു മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു. ഈവര്‍ഷം ആദ്യം കൊച്ചിയില്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച അവാര്‍ഡ് ദാനം ആതിഥ്യമര്യാദ കൊണ്ടും അച്ചടക്കം കൊണ്ടും മികച്ചു നിന്നു.

 

 

കേരളത്തില്‍ ഇത്രയും മികച്ച രീതിയില്‍ അതിഥികളെ സ്വീകരിച്ചാനയിച്ച ഒരു പരിപാടി ഉണ്ടായിട്ടില്ല.എല്ലാം അസൂയക്കണ്ണു കൊണ്ട് നോക്കിക്കാണുന്ന ഇക്കാലത്ത് തങ്ങളുടെ കേരളത്തിലെ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍, അവര്‍ക്ക് ഏറ്റവും മികച്ച അവാര്‍ഡ് സമ്മാനിക്കാന്‍ പ്രസ് ക്ലബ് കാണിച്ച ചങ്കൂറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ വര്‍ഷം ന്യുയോര്‍ക്കില്‍ നടന്ന ചടങ്ങിലും ഐപിസിഎന്‍എയുടെ ആതിഥ്യം എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞു. വരുന്ന നവംബറില്‍ നടക്കുന്ന ഐപിസിഎന്‍എയുടെ ദേശീയ കോണ്‍ഫറന്‍സും മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ പ്രസ് ക്ലബിന് കഴിയും എന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരെല്ലാം തന്നെ അതാത് മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.