You are Here : Home / USA News

ഷിക്കാഗോയില്‍ കുരിശ്‌ കൂദാശയും ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ മെത്രാപ്പോലീത്തയുടെ ഛായാചിത്ര അനാച്ഛാദനവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 02, 2013 10:42 hrs UTC

`എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കുരീശീലല്ലാതെ പ്രശംസിക്കുവാന്‍ ഇടവരരുത്‌' (ഗലാത്യര്‍ 6:14) ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ വിശുദ്ധ മാതാവിന്റേയും, പരിശുദ്ധ പരുമല തിരുമേനിയുടെയും പാവന നാമത്തില്‍ പണികഴിപ്പിച്ച കുരിശിന്‍തൊട്ടിയുടെ കൂദാശ ഒക്‌ടോബര്‍ 26-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തിലും സഹോദര ഇടവകകളിലെ ബഹു. വൈദീകരുടെ സഹകാര്‍മികത്വത്തിലും നിര്‍വഹിക്കുന്നതാണ്‌.

 

ക്രൈസ്‌തവ സഭയുടെ അടയാളവും, അഭിമാനവും, അനുഗ്രഹവുമായ കുരിശ്‌ ഷിക്കാഗോയില്‍ ആദ്യമായി ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലിന്റെ വകയായിട്ടാണ്‌ സ്ഥാപിക്കുന്നത്‌. ഈ കുരിശ്‌ നാനാജാതി മതസ്ഥരായ ഏവര്‍ക്കും വന്ന്‌ പ്രാര്‍ത്ഥിക്കുവാനും അതില്‍ നിന്ന്‌ ശക്തിപ്രാപിക്കുവാനും ഇടയാകട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു എന്ന്‌ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്‌ ക്രമീകരണങ്ങള്‍ വിവരിച്ചുകൊണ്ട്‌ പ്രസ്‌താവിച്ചു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ പാരമ്പര്യത്തില്‍ ഗ്രീസില്‍ വിദഗ്‌ധരായ ശില്‍പികളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌ ഈ കുരിശ്‌. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫാ. ഡാനിയേല്‍ ജോര്‍ജ്‌, തോമസ്‌ സ്‌കറിയ, ഏലിയാമ്മ പുന്നൂസ്‌, ജോണ്‍ പി. ജോണ്‍, പി.സി. വര്‍ഗീസ്‌, ഏബ്രഹാം വര്‍ക്കി, ജോര്‍ജ്‌ പൂഴിക്കുന്നേല്‍, ആല്‍ബര്‍ട്ട്‌ ജോര്‍ജ്‌, ബിജു കുര്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂദാശയ്‌ക്കുശേഷം മാര്‍ മക്കാറിയോസ്‌ ഹാളില്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ശില്‍പിയും പ്രഥമ മെത്രാപ്പോലീത്തയും, ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവക സ്ഥാപിച്ച്‌ അതിനെ ഒരു കത്തീഡ്രലായി ഉയര്‍ത്തിയ അഭി. ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ മെത്രാപ്പോലീത്തയുടെ ഛായാചിത്രം അഭി. അലക്‌സിയോസ്‌ മാര്‍ യൗസോബിയോസ്‌ മെത്രാപ്പോലീത്ത അനാച്ഛാദനം ചെയ്യും.

പരുമല തിരുമേനിയുടെ നൂറുകണക്കിന്‌ ചിത്രങ്ങള്‍ വരിച്ചിട്ടുള്ള ചിത്രകാരന്‍ ബേബി ചെങ്ങന്നൂരിന്റെ കരവിരുതാണ്‌ ഈ ചിത്രത്തിന്റെ പൂര്‍ത്തീകരണം. ചിത്രം സ്‌പോണ്‍സര്‍ ചെയ്‌തത്‌ ജോര്‍ജ്‌ പൂഴിക്കുന്നേല്‍ കുടുംബമാണ്‌. തുടര്‍ന്ന്‌ സന്ധ്യാനമസ്‌കാരവും, പൊതുയോഗവും ഉണ്ടായിരിക്കും. ഫാ. ഡാനിയേല്‍ ജോര്‍ജ്‌ (വികാരി), ഫാ. ക്രിസ്റ്റഫര്‍ മാത്യു (യൂത്ത്‌ മിനിസ്റ്റര്‍) എന്നിവര്‍ ഇടവകയുടെ കൂദാശയ്‌ക്കും അനാച്ഛാദന ചടങ്ങിലും പൊതുയോഗത്തിലും ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം അഭ്യര്‍ത്ഥിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.