You are Here : Home / USA News

വിസ്മയങ്ങളില്ലാതെ മാന്ത്രികൻ മുതുകാട്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, September 10, 2013 10:59 hrs UTC

 ഡാലസ്: ഡാലസ് കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാർലൻഡ്‌ സെന്റ്‌ തോമസ്‌ ജൂബിളിഹാളിന്റെ നിറഞ്ഞ വേദിയിൽ മാന്ത്രികൻ പ്രൊഫ. ഗോപിനാഥ്‌. മുതുകാട് അവതരിപ്പിച്ച വേൾഡ് ഓഫ് ഇലൂഷൻസ് മാജിക് ഷോ സദസ്സിനെ നീണ്ട മൂന്ന് മണിക്കൂർ വിസ്മയതുമ്പത്തിരുത്തി. സെപ്ടംബർ 7 ശനിയാഴ്ച വൈകുന്നേരമായിരുന്നു ഷോ. ഇന്റര്‍നാഷണള്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. കെ.ജി മന്‍മഥന്‍ നായരാണ് അമേരിക്കൻ ജനതയ്ക്ക് ഈ മാജിക് ഷോ കാണുവാൻ അവസരം ഒരുക്കിയത്. അമേരിക്കയിലെ ആറു വേദികളിലാണ് വേൾഡ് ഓഫ് ഇലൂഷൻസ് മാജിക് ഷോ അരങ്ങേറുന്നത്. ഇന്ത്യന്‍ മാജിക്കിലും വിദേശ വേദികളിലും വിസ്‌മയങ്ങള്‍ തീര്‍ത്ത്‌ മാന്ത്രികൻ മുതുകാട് നടത്തുന്ന ഇന്ദ്രജാലത്തിന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുന്നു. ഹൌഡിനിയുടെ അതിസാഹസികമായ വിദ്യകള്‍വരെ അവതരിപ്പിച്ച്‌ നടത്തുന്ന ഒറ്റയാൾ പ്രകടനം. മജീഷ്യന്മാരുടെ രാജ്യാന്തര സംഘടനയായ അമേരിക്കയിലെ ഐഎംഎസ് 2011 ൽ മെർലിൻ അവാര്ഡ് നല്കി ഇദ്ദേഹത്തെ ആദരിച്ചു . ഒരുമാന്ത്രികന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരവും മാജിക്കിലെ ഓസ്‌കാറുമാണിത് . കൂടാതെ ഇദ്ദേഹം 1996-ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച മാജിക് അക്കാദമി ശാസ്ത്രീയമായി മാജിക് പഠിപ്പിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യസ്ഥാപനവുമാണ്. ചെറുതും വലുതുമായ നിരവധി വേദികൾ പിന്നിടുമ്പോഴും സമൂഹത്തോടുള്ള കടപ്പാടു മറക്കുന്നില്ല ഈ മാന്ത്രികൻ. ഒപ്പം സഹജീവികളോടു സഹാനുഭൂതിയും സ്വാന്തനവും സേനഹവും കാട്ടാനും. വേദിയിലെന്ന പോലെ വേദിക്ക് പുറത്തും മനസ് തുറന്നുള്ള നിഷ്കളങ്കമായ ചിരി പ്രൊഫ. ഗോപിനാഥ്‌. മുതുകാടിനു ഇന്നും സ്വന്തം. അതും ഒട്ടും വിസ്മയങ്ങളില്ലാതെ! അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ ....

എങ്ങനെയാണ് മാന്ത്രികനാകാനുള്ള പ്രചോദനം?

ബാല്യകാലത്തിൽ അച്ഛൻ പറഞ്ഞു തന്നിരുന്ന കഥകളിൽ മാജിക്കിന്റെ ഒരംശം ഉണ്ടായിരുന്നു. ആ കഥകൾ കേള്ക്കുന്ന സമയത്ത് മാജിക്കിനോട് താല്പര്യം തോന്നി. ഏഴ് വയസുള്ളപ്പോൾ മാജിക് പഠിക്കാൻ ആരംഭിച്ചു. പത്തുവയസ്സുള്ളപ്പോൾ ആദ്യ പക്രടനം നടത്തി കൈയ്യടി നേടി. പിന്നെ നിരന്തര പരിശ്രമം.

ആരാണ് ഗുരു ?

പ്രൊഫസ്സര് വാഴക്കുന്നം നമ്പൂതിരി. ജന്മ സ്ഥലമായ നിലമ്പൂരിലെ കവളമുക്കട്ടയിൽ നിന്ന് അദ്ദേഹത്തിന്റെ സ്ഥലമായ പാലക്കാട് പോയി അഭ്യസിച്ചു. ആർ.കെ.മലയത്തിന്റെ ശിക്ഷണത്തിലും മാജിക്ക് അഭ്യസിച്ചു. ചാനൽഷോകളിൽ കുട്ടികൾക്ക് മുമ്പിൽ ഓരോ തവണയും എങ്ങനെ പുതിയ കഥകളുമായി വരുന്നു ? ബാല്യകാലത്തിൽ എനിക്ക് അച്ഛൻ പറഞ്ഞു തന്നിരുന്ന കഥകളാണ് മിക്കതും. പിന്നെ വായനയിലൂടെ കിട്ടിയവ. കുട്ടികളുമായി ഇത്തരം കാര്യങ്ങൾ പങ്കുവക്കുന്നു. ഒരു നല്ലതലമുറയെ വളർത്തിഎടുക്കുവാൻ ഒരു ശ്രമം. ഭയാനകതയുടെ സ്വഭാവം മാജിക്കിനുണ്ടെങ്കിലും

എങ്ങനെ കുട്ടികളുടെ ആരാധ്യനായി ?

മാജിക് ഒരു എന്റർറ്റൈൻമെന്റ് ആർട്ട്‌ ആണ്. കാണികളെ രസിപ്പിക്കുയാണ് ഉദ്ദേശം . ഭയാനതക്ക് അതിൽ സ്ഥാനമില്ല.

കാണികളുടെ പ്രതികരണം?

വളരെ നല്ല ഓഡിയൻസാണ് ഇവിടെയും. എല്ലാവരും വളരെ നല്ല സഹകരണം. എത്രയും മാജിക് കാണുന്നുവോ അത്രയും കൂടുതൽ മാജിക്കിനോട് അടുക്കും. ഇന്ത്യയിലും പെർഷ്യയിലും ആണ് മാജികിന്റെ ഉത്ഭവം. കൂടുതൽ ടെക്നിക്കും വൈദഗ്ദ്യവും പൂർണതയും ഇന്ത്യൻ മാജിക്കിലാണ്.

സോഷ്യൽ സൈറ്റുകളുടെ കടന്നു കയറ്റം മാജിക്കിന്റെ രഹസ്യസ്വഭാവത്തെ ബാധിച്ചോ?

ഇല്ല. സോഷ്യൽ നെറ്റ് വര്ക്കിംഗ് ആർട്ടിനെ ബാധിക്കില്ല. മാജിക്കിന്റെ സാധ്യതകൾ കടലുപോലെ അനന്തമാണ്‌.. . പുതിയ കണ്ടെത്തുലകളും ടെക്നോളജിയും മാജിക്കിന്റെ പുതിയ സാധ്യത കളിലേക്ക് വഴി തുറക്കുകയാണ് ചെയ്യുന്നത്.

മാജിക്കിലൂടെ എന്താണ് സമൂഹത്തിനു നല്കുന്നത്?

മാജിക് ഒരു കല ആണ്. ഏതൊരു കലയ്ക്കും കലാകാരനും നമ്മൾ ജീവിക്കുന്ന ഈ സമൂഹത്തോടു ഒരു ദൗത്യവും പ്രതിബദ്ധതയും ഉണ്ട്. അങ്ങനെ ചെയ്യുമ്പോഴാണ് കലാകാരന്റെ ദൗത്യം പൂർണമാകുന്നത് എന്ന് ഞാൻ വിശ്വസിക്കുന്ന . മദ്യം, മയക്കുമരുന്ന്, തീവ്രവാദം, മതദ്വേഷം തുടങ്ങി സമൂഹത്തിലെ അനാചാരങ്ങൾക്കും വിപത്തുകൾക്കും എന്നിവയ്ക്ക് എതിരെ സന്ദേശം നല്കാനും രാജ്യത്തിന്റെ ഐക്യം , അഖന്ധത , മതസൗഹാർദം, ദേശീയ ബോധം എന്നിവ പ്രചരിപ്പിച്ചു ദേശീയോദ്ഗ്രഥന സന്ദേശം നല്കാനും മാജിക്കിലൂടെ ശ്രമിക്കുന്നു.

വലിയ വേദികൾ?

2007 ൽ ഭാരത സർക്കാരിന്റെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര മതസൗഹാര്‍ദ്ദത്തിനായി കന്യാകുമാരി മുതൽ കാശ്മീർ വരെ സംഘടിപ്പിച്ച 'വിസ്മയ ഭാരതയാത്രയുടെ' ഭാഗമായി ഡൽഹി സിരി ഫോർട്ട്‌ ഓഡിറ്റോറിയത്തിൽ ,പ്രധാന മന്ത്രി ഡോ. മൻമോഹന സിംഗ്, പ്രസിഡന്റെ ഡോ ഏ കെ ജെ അബ്ദുൽ കലാം , പ്രതിരോധ മന്ത്രി എകെ ആന്റണി, കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്​, മറ്റു മന്ത്രിമാർ തുടങ്ങി രാജ്യത്തെ വിശിഷ്ട വ്യക്തികൾ സാക്ഷ്യം വഹിച്ച വേദിയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുൻപിൽ അവതിരിപ്പിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഇതേ യാത്രയുടെ ഭാഗമായി നാഗാലാണ്ട് സർക്കാരിന്റെ ആഭിമുഖ്യത്തിൽ നാഗാലാണ്ട് ക്ലോക്ക് ടവറിനു മുന്നിൽ കൂടിയ ഒരു ലക്ഷത്തോളം വരുന്ന കാണികൾക്ക് മുൻപിൽ നടത്തിയ പ്രകടനമായിരുന്നു ഏറ്റവും വലിയ വേദി. ഒമാൻ സര്ക്കാരിന് വേണ്ടി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുമായി മസ്കറ്റിൽ അവതരിപ്പിച്ച പരിപാടിയാണ് രാജ്യത്തിനു പുറത്തെ വലിയ വേദി. 2012 ലായിരുന്നു. പരിപാടി കാണുവാന്‍ ഗവര്‍ണറും ഒമാന്‍ ഗവണ്‍മെന്റിന്റെ ഉന്നതാധികാരികളും രാജകുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും ഉൾപ്പെടെ ആയിരക്കണക്കിന് വരുന്ന കാണികള്‍ വൻ കരഘോഷത്തോടെ പരിപാടി ആസ്വദിച്ചു.

പുതിയ പദ്ധതികൾ?

കഴക്കൂട്ടം കിൻഫ്ര ഫിലീം & വീഡിയോ പാർക്കിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് പൂര്ത്തിയായി കൊണ്ടിരിക്കുന്ന മാജിക് പ്ലാനറ്റ് പദ്ധതി. ദാരിദ്യം അനുഭവിക്കുന്ന ഇന്ത്യയിലുടെനീളം ഉള്ള അനേകം തെരുവ് മാന്ത്രികര്രുടെ പുനരധിവാസത്തിനും ഉദ്ദാരണത്തിനും അവരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും ഉദേശിച്ചു കൊണ്ടുള്ള ക്ഷേമപദ്ധതിയാണ്. അതോടൊപ്പം അവരുടെ കഴിവുകൾ അന്യം നിന്നുപോകാതെ പരിപോഷിപ്പിക്കുവാനും സാധിക്കും. താൻ ജനിച്ചു വളർന്ന കവളമുക്കട്ടയെന്ന തന്റെ ഗ്രാമത്തെ സ്വപ്‌ന ഗ്രാമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുള്ള സംരഭങ്ങളിലാണ് മജീഷ്യൻ ഗോപിനാഥ്‌. മുതുകാട് ഇപ്പോൾ. തൻറെ ഗ്രാമത്തിലെ വിദ്യഭ്യാസ, സാംസ്‌ക്കാരിക,കായിക, ആരോഗ്യ മേഖലയിലെ പുരോഗതികൾക്കായി രൂപം കൊടുത്ത കൃപ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ധനസമാഹരത്തിനും മജീഷ്യൻ ഗോപിനാഥ്‌. മുതുകാട് തന്റെ വേൾഡ് ഓഫ് ഇലൂഷൻസ് മാജിക് ഷോയിലൂടെ ലക്ഷ്യമിടുന്നു. ഈ വർഷത്തെ ഓണം അമേരിക്കയിലാഘോഷിക്കുന്ന ഈ മാന്ത്രികൻ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരാനും മറന്നില്ല. ======================

 

അടിക്കുറിപ്പ്: ഡാലസിൽ മാന്ത്രികൻ മുതുകാട് വേൾഡ് ഓഫ് ഇല്ലൂഷൻസ് അവതരിപ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.