You are Here : Home / USA News

മണി ഡാര്‍ട്ടിന്‌ അമേരിക്കയില്‍ മണികിലുക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 22, 2013 12:20 hrs UTC

ന്യൂയോര്‍ക്ക്‌: ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ഏറെ ആശ്വാസവും സൗകര്യപ്രദവുമായ പ്രധാന മണി ട്രാന്‍സാക്ഷന്‍ കമ്പനിയായ മണിഡാര്‍ട്ട്‌ അമേരിക്കയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.വിദേശത്തുനിന്ന്‌ പണം അയക്കുന്ന സമയത്തെ അതെ നിരക്കില്‍ തന്നെ നാട്ടില്‍ പണം എത്തിക്കാന്‍സാധിക്കുന്നു എന്നതാണ്‌(ഗാരണ്ടീഡ്‌ എക്‌സ്‌ചേഞ്ച്‌ റേറ്റ്‌) മണിഡാര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന്‌ മണിഡാര്‍ട്ടിന്റെ സുധീര്‍ കുമാര്‍ ഷെട്ടി (COO, Global operations, UAE Exchange) പത്രസമ്മേളനത്തില്‍ പറഞ്ഞു. പണമയക്കുമ്പോള്‍ ഡോളര്‍ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താവിനെ ബാധിക്കുന്നില്ല എന്നതാണ്‌ മണിഡാര്‍ട്ടിന്റെ ഏറ്റവും വലിയ നേട്ടം എന്ന്‌ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു. വളരെ കുറഞ്ഞ തുകയാണ്‌ സര്‍വീസ്‌ ചാര്‍ജ്‌ ആയി ഈടാക്കുന്നത്‌. വിദേശത്തു പണമടച്ചു നിമിഷങ്ങള്‍ക്കകം നാട്ടില്‍ എത്തുന്നു എന്നത്‌ പ്രവാസികളെ സംബന്ധിച്ച്‌ ഏറെ ആശ്വാസം പകരുന്നതാണ്‌.മറ്റു ബാങ്കുകളില്‍ പണംകിട്ടാന്‍ ആഴ്‌ചകളോളം താമസിക്കുമ്പോഴാണ്‌ മണിഡാര്‍ട്ട്‌ മിനിട്ടുകള്‍ക്കകം പണമെത്തിക്കുന്നത്‌. അമേരിക്കയിലെ 22 സ്‌റ്റേറ്റുകളില്‍ മണിഡാര്‍ട്ടിനു പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ്‌ കിട്ടിയിട്ടുണ്ട്‌. 2014 ലോട്‌ കൂടി മുഴുവന്‍ സ്റ്റേറ്റുകളിലും ലൈസന്‍സ്‌ നേടാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി സുധീര്‍ കുമാര്‍ പറഞ്ഞു. 33 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള മണിഡാര്‍ട്ടിനു അമേരിക്കന്‍ ഭരണകൂടം വന്‍ പിന്തുണയാണ്‌ നല്‍കിയത്‌. അമേരിക്കയിലെ സ്‌റ്റേറ്റുകളില്‍നിന്ന്‌ ലൈസന്‍സ്‌ നേടുകയെന്നത്‌ വളരെ പ്രയാസമുള്ള കാര്യമാണ്‌. എന്നാല്‍ 22 സ്‌റ്റേറ്റുകളില്‍ മണിഡാര്‍ട്ടിനു പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ്‌ കിട്ടിയെന്നത്‌ കമ്പനിയുടെ പ്രവര്‍ത്തനമികവിനെയും വിശ്വാസ്യതയെയും കാണിക്കുന്നു. 30 വര്‍ഷത്തില്‍ അധികമായി മണിഡാര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരം ജീവനക്കാര്‍ കമ്പനിക്കുണ്ട്‌.അവരുടെ ആത്മാര്‍ഥതയും 33 വര്‍ഷമായി പണമയക്കാന്‍ മണിഡാര്‍ട്ടിനെ മാത്രം ആശ്രയിക്കുന്ന നിരവധി ഉപഭോക്താക്കളുടെ വിശ്വാസ്യതയും കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ എത്തിക്കുന്നു അദ്ദേഹം പറഞ്ഞു. ലാഭക്കണക്കിനേക്കാള്‍ ഉപരിയായി സേവന മനോഭാവമാണ്‌ മണിഡാര്‍ട്ടിനുള്ളതെന്നു സുധീര്‍ കുമാര്‍ പറഞ്ഞു. മറുനാടുകളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക്‌ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക്‌ നാട്ടിലേക്ക്‌ പണമയക്കാം.ഒരിക്കല്‍ ജര്‍മനിയിലെ ഡബ്ലിനില്‍നിന്ന്‌ മലയാളികളായ നേഴ്‌സുമാര്‍ പറഞ്ഞതനുസരിച്ച്‌ അവിടെ മണിഡാര്‍ട്ടിന്‍റെ ഒരു ബ്രാഞ്ച്‌ തുടങ്ങിയിരുന്നു.അത്‌ നേഴ്‌സുമാര്‍ക്ക്‌ ഏറ്റവും വലിയ ആശ്വാസമായിരുന്നു. മൊത്തവരുമാനത്തിന്റെ അഞ്ചു ശതമാനം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി നീക്കിവയ്‌ക്കുന്നുണ്ട്‌. യുനിസഫിന്‍റെ കുട്ടികള്‍ക്കുള്ള പദ്ധതി കമ്പനി പിന്തുണയ്‌ക്കുന്നുണ്ട്‌. ഐക്യരാഷ്ടസഭയുടെ ഭക്ഷണവിതരണ പദ്ധതിയിലൂടെ ആഫ്രിക്കയിലെ നിരവധി കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണമെത്തിക്കാന്‍ കഴിഞ്ഞു. ആഹാരം കിട്ടാന്‍ തുടങ്ങിയതോടെ അവിടത്തെ സ്‌കൂളുകളില്‍ ഹാജര്‍ നില വര്‍ദ്ധിച്ചു. ഇത്‌ വലിയ നേട്ടമായാണ്‌ കമ്പനി കാണുന്നത്‌. തളര്‍വാതം, കാന്‍സര്‍, മറ്റു മാറാരോഗങ്ങള്‍ ബാധിച്ചവര്‍ക്കെല്ലാം സഹായമെത്തിക്കാനും കഴിഞ്ഞതായി സുധീര്‍ കുമാര്‍ ഷെട്ടി അവകാശപ്പെട്ടു. ഇന്ത്യയിലെത്തുന്ന വിദേശീയര്‍ക്ക്‌ രൂപയില്‍ വിനിമയം നടത്താനുള്ള കാര്‍ഡുകള്‍ മണിഡാര്‍ട്ട്‌ പുറത്തിറക്കിയതായി സുധീര്‍ കുമാര്‍ പറഞ്ഞു.മറ്റു രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യുയോര്‍ക്കില്‍ മണിഡാര്‍ട്ടിന്റെ അമേരിക്കയിലെ ഹെഡ്‌ കോര്‍ട്ടെഴ്‌സില്‍ വിളിച്ച പത്രസമ്മേളനത്തില്‍ ഇന്ത്യയിലെ നിരവധി മാധ്യമ പ്രവര്‍ത്തകരും ഇന്ത്യാ പ്രസ്‌ക്ലബ്‌ ഓഫ്‌ അമേരിക്ക ഭാരവാഹികളും ഏഷ്യാനെറ്റ്‌,സൂര്യ,കൈരളി ചാനല്‍ പ്രതിനിധികളും പങ്കെടുത്തു. മണിഡാര്‍ട്ടിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍പിടിക്കുന്ന അജിത്‌ പോള്‍ സ്വാഗതം പറഞ്ഞു. പ്രമോദ്‌ മംഗത്ത്‌  ( VP Global Operations, UAE Exchange )പ്രവര്‍ത്തന വിപുലീകരണം വിശദീകരിച്ചു. ലാപ്‌ടോപ്പ്‌, മൊബൈല്‍ഫോണ്‍ എന്നിവയ്‌ക്കായി പുതുതായി രംഗത്തിറക്കിയ ആപ്ലിക്കെഷനുകളുടെ പ്രവര്‍ത്തനം വിനോദ്‌ വിശദീകരിച്ചു.മാധ്യമ പ്രവര്‍ത്തകരായ വിനീത നായര്‍ ,രേഷ്‌മ അരുണ്‍ എന്നിവരായിരുന്നു ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌.മണിഡാര്‍ട്ട്‌ വൈസ്‌ പ്രസിഡന്റ്‌ സുമിത്‌ പ്രഭാകര്‍ നന്ദി പറഞ്ഞു.