You are Here : Home / USA News

ഗീതാമണ്ഡലം ചോറ്റാനിക്കര മകംതൊഴലും, ആറ്റുകാല്‍ പൊങ്കാലയും ആചരിച്ചു

Text Size  

Story Dated: Wednesday, March 11, 2015 03:48 hrs UTC

മിനി നായര്‍

ഷിക്കാഗോ: ഗീതാമണ്ഡലം ആസ്ഥാനത്ത്‌ നടന്ന വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകംതൊഴലും ആറ്റുകാല്‍ പൊങ്കാലയും ഭക്തജനങ്ങള്‍ക്ക്‌ സായൂജ്യമായി. പത്തുമാസം ഇടതടവില്ലാതെ ഗീതാമണ്ഡലത്തിലെ ഭക്തജനങ്ങള്‍ അര്‍പിച്ചുവന്ന മഹാലക്ഷ്‌മി സഹസ്രനാമ യജ്ഞത്തിന്റെ പരിസമാപ്‌തിയും അന്ന്‌ തന്നെ നടന്നത്‌ ഭക്തര്‍ക്ക്‌ മറ്റൊരു വരദാനവുമായി. മഹാലക്ഷ്‌മിയുടെ ആയിരം പുണ്യനാമങ്ങള്‍ എട്ടുലക്ഷത്തോളം തവണയാണ്‌ ഈ കാലയളവില്‍ ഭക്തജനങ്ങള്‍ ഉരുവിട്ടത്‌. ലളിതസഹസ്രനാമ പരിസമാപ്‌തി ദിവസം തന്നെയാണ്‌ മുഖ്യതന്ത്രി ലക്ഷ്‌മി നാരായണന്‍ കേരളപുരത്തിന്റെ കാര്‍മികത്വത്തില്‍ ക്ഷേത്രാചാര അനുഷ്ടാനങ്ങള്‍ക്കനുസരിച്ചുള്ള ചോറ്റാനിക്കര മകം തൊഴലും പൊങ്കാല അര്‍പ്പണവും നടന്നത്‌. ഭക്തജനങ്ങളുടെ നിറസാന്നിദ്ധ്യം പൂജകള്‍ക്ക്‌ മിഴിവേകി.

 

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുംഭമാസത്തില്‍ നടത്തിവരുന്ന പത്ത്‌ ദിന ആഘോഷങ്ങളുടെ ഒമ്പതാം നാളായ പൂരം നക്ഷത്രത്തിലാണ്‌ പൊങ്കാല അര്‍പ്പിക്കുന്നത്‌. അതേ ദിവസം തന്നെയാണ്‌ ഗീതാമണ്ഡലത്തില്‍ സ്വപാനത്തിന്‌ സമീപം ഒരുക്കിയ പണ്ടാര അടുപ്പില്‍ ആചാര അനുഷ്ടാനങ്ങള്‍ക്ക്‌ അനുസരിച്ച്‌ മുഖ്യ തന്ത്രി ദീപം തെളിച്ചത്‌. അരി, ശര്‍ക്കര, നെയ്യ്‌ , മുന്തിരി, തേങ്ങ തുടങ്ങിയ നേര്‍ച്ച വസ്‌തുക്കള്‍ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ്‌ പോങ്കലയാഘോഷത്തിന്റെ ചടങ്ങ്‌. ദേവീ ഭക്തര്‍ കൊണ്ടുവരുന്ന കാഴ്‌ച പദാര്‍ഥങ്ങള്‍ പാത്രത്തിലൊരുക്കി താന്ത്രികള്‍ തന്നെയാണ്‌ പണ്ടാരഅടുപ്പില്‍ നിന്ന്‌ തിരിതെളിച്ച്‌ എല്ലാ അടുപ്പിലേക്കും പകര്‍ന്നത്‌. വായ്‌ക്കുരവയും ആര്‍പ്പുവിളികള്‍ക്കുമൊപ്പം കലങ്ങളില്‍ പൊങ്കാല നൈവേദ്യം തിളച്ച്‌ പൊങ്ങിയപ്പോള്‍ ഷിക്കാഗോയിലെ മലയാളി ഭ്‌ക്തജനങ്ങള്‍ പൊങ്കാലയുടെ സായൂജ്യം നുകരുകയായിരുന്നു.

 

 

ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ ചടങ്ങും ഗീതാമണ്ഡലത്തില്‍ നടന്നു. കുംഭമാസത്തിലെ രോഹിണി നാളില്‍ ഉല്‍സവത്തിന്‌ കൊടിയേറി ഒന്‍പത്‌ ദിവസത്തെ ഉത്സവത്തിന്റെ ഏഴാം നാളിലാണ്‌ പ്രശസ്‌തമായ മകം തൊഴല്‍. കുംഭമാസത്തിലെ മകം നാളില്‍ മിഥുനലഗ്‌നത്തില്‍ സര്‍വ്വാലങ്കാരവിഭൂഷിതയായി പരാശക്തി വില്വമംഗലം സ്വാമിയാര്‍ക്ക്‌ വിശ്വരൂപദര്‍ശനം നല്‍കി എന്നതാണ്‌ ഐതിഹ്യം. ഈ പുണ്യ മുഹൂര്‍ത്തത്തെ അനുസ്‌മരിച്ചുകൊണ്ടാണ്‌ മകം തൊഴല്‍ ആഘോഷിക്കുന്നത്‌. അന്ന്‌ ദേവിയെ കാണാന്‍ സാധിക്കുന്നത്‌ പരമപുണ്യമായാണ്‌ കരുതുന്നത്‌. ഷിക്കാഗോയിലെ മലയാളികള്‍ ആദ്യമായാണ്‌ ഇത്തരത്തിലുള്ള പൊങ്കാല ആഘോഷത്തിനും മകംതൊഴലിനും സാക്ഷിയാകുന്നത്‌. യു.എസിലെ ഏറ്റവും ശീതമേഖലയായ ഷിക്കാഗോയിലെ കൊടും തണുപ്പിനെ അവഗണിച്ചാണ്‌ ഭക്തജനങ്ങള്‍ ഗീതാമണ്ഡലം ആസ്ഥാനത്ത്‌ എത്തിച്ചേര്‍ന്നത്‌. പ്രത്യേക സജ്ജീകരണങ്ങളോടെ ക്ഷേത്രാങ്കണ സമാനമായ ഗീതാമണ്ഡലം ആസ്ഥാനത്തില്‍ പൊങ്കാലയിടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുവെല്ലുവിളിപോലെയാണ്‌ സംഘാടകര്‍ ഒരുക്കിക്കൊടുത്തത്‌. ഇത്‌ ഭക്തജനങ്ങളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ഈ ആഘോഷങ്ങള്‍ ഷിക്കാഗോ മലയാളികളുടെ മനസ്സില്‍ മായാത്ത അനുഭവമായി. മിനി നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.