You are Here : Home / USA News

ജീവിതം മാറ്റിയ ബേബി

Text Size  

Story Dated: Sunday, March 01, 2015 06:03 hrs UTC

ചെറിയാന്‍ ജേക്കബ്‌

ബേബി എന്ന മാത്യു ജോസഫ്‌ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്നു മൂന്ന്‌ വര്‍ഷം തികയുകയാണ്‌. എന്നാല്‍ പലപ്പോഴും ബേബിയെ ഞാന്‍ ഓര്‍ക്കാറുണ്ട്‌. അപ്പോഴാണോര്‍ത്തത്‌, കഴിഞ്ഞ വര്‍ഷം എഴുതിയ ഈ ഓര്‍മ്മക്കുറിപ്പ്‌ ഒന്നുകൂടെ പ്രസിദ്ധീകരിക്കാമെന്ന്‌. അന്നൊരു ഞായറാഴ്‌ചയായിരുന്നു. ജോര്‍ജ്ജ്‌ പൈലിയച്ചന്റെ കുര്‍ബാനയ്‌ക്കു ശേഷമുള്ള ചെറിയ പ്രസംഗം, അടുത്ത ഒരാഴ്‌ചത്തേക്കുള്ള ജീവഅപ്പം തന്നെ. പക്ഷേ അന്ന്‌ അച്ചന്‍ പ്രസംഗത്തിനു പകരം പറഞ്ഞത്‌ എങ്ങനെ പ്രായമുള്ള മാതാപിതാക്കളെ പരിരക്ഷിയ്‌ക്കണമെന്നാണ്‌. അതിന്നുദാഹരണം പറഞ്ഞത്‌, പള്ളിയിലെ തല മൂത്ത അമ്മച്ചിയെ കാണാന്‍ പോയപ്പോള്‍ കണ്ട പ്രത്യേകതകളാണ്‌. അച്ചന്‍ കയറിച്ചെല്ലുമ്പോള്‍ അമ്മച്ചി പാതിരാത്രിയുടെ നമസ്‌കാരം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അച്ചന്‍ വന്നതൊന്നും അറിയുന്നില്ല.

കൂടെ ബേബിയും കുടുംബവും അമ്മച്ചിക്ക്‌ കൂട്ടായി. അവരെങ്ങനെയാണ്‌ ആ അമ്മച്ചിയെ കരുതിയതെന്നു മനസ്സിലാക്കാന്‍ ആ കുടുംബത്തെപ്പറ്റി അച്ചന്‍ നല്‍കിയ വിവരണം മതിയായിരുന്നു. സാധാരണ അമ്മമാര്‍ ആണ്‍മക്കളുടെ കൂടെയാണ്‌ നില്‍ക്കുക, ഇവിടെ പതിവിനു വിപരീതമായി അമ്മ മകളുടെ വീട്ടില്‍ നില്‍ക്കുന്നു. മകളുടെ ഭര്‍ത്താവ്‌ സ്വന്തം മകനെപ്പോലെ അമ്മയെ പരിപാലിക്കുന്നു. അതും രണ്ടുപേരും തികച്ചും വ്യത്യസ്‌ത ക്രിസ്‌തീയ വിഭാഗങ്ങളില്‍ പെട്ടവരായിട്ടും. (ബേബി റോമന്‍ കത്തോലിക്കാവിശ്വാസി, ഭാര്യ യാക്കോബായ സമുദായത്തില്‍ നിന്ന്‌.) ബേബി ആരേയും ആദരിയ്‌ക്കാന്‍ മറന്നില്ല. ഇടക്കിടെ യാക്കോബായ പള്ളിയിലും പോകും. ഏത്‌ പ്രശ്‌നമായിരുന്നാലും തന്‍റെ സ്വതഃസിദ്ധമായ ചിരിയും തമാശയും കൊണ്ട്‌ പരിഹരിയ്‌ക്കും, ആരെയും സമാധാനിപ്പിക്കും. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അമ്മച്ചി മരിച്ചു. അപ്പോഴും ബേബി തന്നെയായിരുന്നു എല്ലാത്തിനും മുന്നില്‍!. ഒരു ചെറിയ വിഷാദം മനസ്സിലുണ്ടായോ എന്നെനിക്കറിയില്ല.

ഏതാനും മാസങ്ങള്‍ക്കു ശേഷം വന്ന സ്ഥിരം തലവേദന കാരണം ഡോക്ടറെ കാണാന്‍ പോയി. സ്‌കാന്‍ റിപ്പോര്‍ട്ട്‌ അത്ര നല്ലതല്ലായിരുന്നു. തലയില്‍ ഒരു ട്യൂമര്‍ ഉണ്ടെന്ന്‌ സ്ഥിരീകരിച്ചു. ഒരു ശസ്‌ത്രക്രിയയ്‌ക്കു വിധേയനായാല്‍ കുറച്ചു പ്രതീക്ഷയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു. അതുപ്രകാരം ശസ്‌ത്രക്രിയ നടത്തി, ബേബി സുഖം പ്രാപിക്കുകയും ചെയ്‌തു. ഭാര്യ സിസിലി നല്ല ചിരിച്ച മുഖത്തോടെ തന്നെ ബേബിയെ പരിചരിച്ചു. ഇടക്ക്‌ തമാശക്ക്‌ ബേബി സിസിലിയോടു പറയും, ഭഏതായാലും എനിക്ക്‌ നല്ല തലച്ചോറുണ്ടെന്ന്‌ ഇപ്പോള്‍ നിന്‍റെ വീട്ടുകാര്‍ക്ക്‌ മനസ്സിലായല്ലോയെന്ന്‌!' വിഷമം ഉള്ളിലൊതുക്കി സിസിലി ഇതൊക്കെ സരസമായെടുക്കും. ഇടക്ക്‌ ഞാന്‍ ബേബിയെ കാണാന്‍ പോകുമായിരുന്നു.

 

ബേബി എങ്ങനെയാണ്‌ നേരം കളയുന്നത്‌ എന്നു ചോദിച്ചു. അപ്പോള്‍പ്പറഞ്ഞു, പള്ളിയില്‍ നിന്ന്‌ ആരെങ്കിലും വരും, അവര്‍ ബൈബിള്‍ വായിച്ചു തരുമെന്ന്‌. അപ്പോഴാണ്‌ എന്റെ കൈവശം എന്റെ പിതാവിനു വേണ്ടി ഞാന്‍ വായിച്ചു റെക്കോഡ്‌ ചെയ്‌ത സങ്കീര്‍ത്തനങ്ങളുടെയും സാദൃശ്യവാക്യങ്ങളുടേയുമൊക്കെ സീഡിയുണ്ടെന്നോര്‍ത്തത്‌. ഞാനത്‌ ബേബിക്ക്‌ കൊണ്ടുപോയി കൊടുത്തു. ഒരു പുതിയ സുഹൃത്തു തന്ന ഉപഹാരം ഏതായാലും ബേബി കേട്ടു. രണ്ടു ദിവസം കഴിഞ്ഞ്‌ എനിയ്‌ക്കു ഫോണ്‍ ചെയ്‌തു, ഞാന്‍ ഓഫീസില്‍ നിന്നു വന്നതേയുള്ളു, വീട്ടില്‍ ആരുമില്ല, മോളേയും മോനേയും നീന്തല്‍ പഠിപ്പിക്കുവാന്‍ ഭാര്യ വൈഎംസിഏയില്‍ കൊണ്ടുപോയിരിക്കുകയാണ്‌.

ഭതന്റെ സീഡി കേട്ടു, വളരെ നന്നായിരിക്കുന്നു; തനിക്ക്‌ ഞാന്‍ പറയുന്ന അദ്ധ്യായങ്ങളൊന്നു വായിച്ച്‌ ഒരു സീഡിയിലാക്കിത്തരാമോ?' `തീര്‍ച്ചയായും, ഞാന്‍ ചെയ്‌തു തരാം ബേബീ.' `എന്നാലെഴുതിക്കോ: സങ്കീര്‍ത്തനങ്ങള്‍ 5, 23, 43, 50, 51, 103, 121, 143; പിന്നെ അത്‌ ഈ ഓര്‍ഡറില്‍ തന്നെ ഒന്ന്‌ ക്രമീകരിക്കണേ.' `തീര്‍ച്ചയായും,' ഞാന്‍ ബേബിക്ക്‌ ഉറപ്പുകൊടുത്തു. എന്നാലിനി സമയം കളയാതെ അതു റെക്കോഡ്‌ ചെയ്‌തേക്കാം; കുട്ടികള്‍ വരാന്‍ ഇനിയും സമയമെടുക്കും, നല്ല നിശ്ശബ്ദത.

 

ഞാന്‍ എന്റെ ഐഫോണില്‍ തന്നെ ബേബി പറഞ്ഞ അദ്ധ്യായങ്ങള്‍ റെക്കോഡ്‌ ചെയ്യാന്‍ തുടങ്ങി. കുട്ടികള്‍ വരും മുന്‍പേ അത്‌ മുഴുവനും റെക്കോഡ്‌ ചെയ്‌തുതീര്‍ക്കുകയും ചെയ്‌തു. ഉടന്‍ തന്നെ അതൊരു സീഡിയിലേക്ക്‌ മാറ്റി, `selected pslams" എന്ന ഒരടിക്കുറിപ്പും എഴുതി വൈകുന്നേരം തന്നെ ബേബിക്ക്‌ കൊണ്ടുപോയി കൊടുത്തു. പിറ്റേദിവസം ബേബി ഫോണ്‍ ചെയ്‌തു നന്ദി പറഞ്ഞു. അപ്പോള്‍ ബേബിയോടു ഞാന്‍ ചോദിച്ചു, ഭഎന്തിനാണ്‌ ഈ അദ്ധ്യായങ്ങള്‍ ഈ ക്രമത്തില്‍ വേണമെന്ന്‌ പറഞ്ഞത്‌?' ബേബിയുടെ ഉത്തരം എന്നെ ആശ്ചര്യപ്പെടുത്തി; ഭഞാന്‍ ദിവസം തുടങ്ങുന്നത്‌ സങ്കീര്‍ത്തനം അഞ്ചു വായിച്ചാണ്‌, തീര്‍ക്കുന്നത്‌ നൂറ്റിനാല്‍പ്പത്തിമൂന്നിലും.' എന്റെ ഉള്ളില്‍ അതൊരു വലിയ ചലനമാണ്‌ സൃഷ്ടിച്ചത്‌.

 

ദിവസവും ബൈബിള്‍ മനസ്സിരുത്തി, കൃത്യനിഷ്‌ഠയോടെ വായിയ്‌ക്കുന്ന ഒരാള്‍ ഇവിടെ കാന്‍സറിന്റെ പിടിയില്‍ നാളുകളെണ്ണി കഴിയുന്നു. എന്നാല്‍ ഞാനാകട്ടെ, ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നു. ഇതെന്തൊരു വിരോധാഭാസം? പിന്നെ ദൈവത്തെ സ്‌നേഹിച്ചതും പ്രാര്‍ത്ഥിച്ചതും കൊണ്ടെന്തു പ്രയോജനം? ദിവസങ്ങള്‍ കഴിഞ്ഞു, ബേബി വീണ്ടും ഒരു ശസ്‌ത്രക്രിയയ്‌ക്കു വിധേയനാകാന്‍ ഒരുങ്ങുകയായിരുന്നു. ഭഎനിക്ക്‌ പള്ളിയില്‍ പോയി ആ പരുമല തിരുമേനിയുടെ തിരുശേഷിപ്പ്‌ ഒന്നു വണങ്ങണം.ഭ നടക്കാനുള്ള ശേഷി കുറഞ്ഞിരുന്നെങ്കിലും മനസ്സ്‌ ചെറുപ്പമായിരുന്നു; ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന്‌ പള്ളിയില്‍ കൊണ്ടുപോയി. അവിടെ നിന്നിറങ്ങുമ്പോള്‍, പള്ളിയോടും ബേബി വിടപറയാന്‍ മറന്നില്ല. അതൊരു ഹൃദയഭേദകമായ കാഴ്‌ചയായിരുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞു, പക്ഷെ അധികം പ്രതീക്ഷയൊന്നുമില്ല. എന്നെ കണ്ടപ്പോള്‍ ബേബി ഒരു കാര്യം ആവശ്യപ്പെട്ടു.

 

`എടോ ഞാന്‍ വലിയ താമസമില്ലാതെ മരിക്കും, ഒരിക്കല്‍ താനും മരിക്കും; പക്ഷെ എനിക്ക്‌ ചെയ്യാന്‍ പറ്റാത്ത ഒരു കാര്യം താന്‍ ചെയ്യുമോ?' `എന്താ ബേബീ,' ഞാന്‍ ചോദിച്ചു. `എടോ താന്‍ പോകുന്നതിനു മുന്‍പ്‌ തന്റെ ശബ്ദം ഇവിടെ വച്ചേച്ചു പോകരുതോ?' `ബേബി എന്താ ഉദ്ദേശിക്കുന്നത്‌,' ഞാന്‍ ചോദിച്ചു. `എടോ, താനീ വായിച്ചതുപോലെ ഈ ബൈബിള്‍ മുഴുവനും ഒന്ന്‌ റെക്കോഡ്‌ ചെയ്യരുതോ?' `ഹയ്യോ ബേബീ, അതൊക്കെ നടക്കുമോ? എന്റെ ശബ്ദം എനിക്കുതന്നെ ഇഷ്ടമില്ല, അപ്പനുവേണ്ടി മാത്രം വായിച്ചതാണ്‌.' `എടോ, യേശുദാസിനെക്കൊണ്ട്‌ താന്‍ വായിപ്പിക്കാനൊന്നും ശ്രമിച്ചിട്ട്‌ കാര്യമില്ല, തന്റെ ശബ്ദത്തിലങ്ങ്‌ റെക്കോഡ്‌ ചെയ്യുക, രോഗശയ്യയിലുള്ള എന്നെപ്പോലുള്ളവര്‍ക്ക്‌ അതൊരാശ്വാസമാകും.' ഞാന്‍ ശരിക്കും വിഷമവൃത്തത്തിലായി. ബേബിക്ക്‌ മനസ്സില്ലാമനസ്സോടെ വാക്കു കൊടുത്തു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ബൈബിള്‍ മുഴുവന്‍ വായിച്ചിട്ടില്ലാത്ത ഞാന്‍ ബൈബിള്‍ റെക്കോര്‍ഡ്‌ ചെയ്‌താല്‍ എങ്ങനെയിരിക്കും? പല പ്രാവശ്യം വായിച്ചു, പല രീതിയില്‍ വായിച്ചു, ഒരു തൃപ്‌തിയും വരുന്നില്ല.

 

എല്ലാം എന്തോ ആരെയൊക്കെയോ അനുകരിക്കുന്നതുപോലെ. അതൊന്നും എന്നില്‍ നിന്നല്ല എന്നു തിരിച്ചറിയാന്‍ അധികം സമയമെടുത്തില്ല. അവസാനം എനിയ്‌ക്കു മനസ്സിലായി, എനിയ്‌ക്കു തന്ന ശബ്ദം മാത്രമേ എന്റേതായുള്ളു, മറ്റുള്ളവരെ അനുകരിച്ച്‌ സമയം കളയുന്നതില്‍ ഭേദം ഉള്ള ശബ്ദത്തിലങ്ങ്‌ റെക്കോഡ്‌ ചെയ്യുക. അപ്പോഴാണ്‌ ബേബി പറഞ്ഞ കാര്യമോര്‍ത്തത്‌. ഏതായാലും അതിനുശേഷം എന്റെ ശബ്ദത്തോട്‌ അല്‍പ്പമെങ്കിലും ബഹുമാനം തോന്നിത്തുടങ്ങി. ബേബിയെ ശസ്‌ത്രക്രിയയ്‌ക്കു ശേഷം നഴ്‌സിങ്ങ്‌ കെയര്‍ ഹോമില്‍ കൊണ്ടുവന്നിരുന്നു. ഓഫീസില്‍ നിന്നു വരുമ്പോള്‍ ഇടക്കൊക്കെ കയറുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യും. കാണുമ്പോഴൊക്കെ ഏതെങ്കിലും ബൈബിള്‍ ഭാഗം വായിക്കാന്‍ പറയും. പിന്നെ എന്റെ സ്‌മാര്‍ട്ട്‌ ഫോണില്‍ ബൈബിളിന്റെ മലയാളം പതിപ്പുണ്ടായിരുന്നതിനാല്‍, മടി കൂടാതെ ബേബിയുടെ ആവശ്യം നിറവേറ്റി കൊടുക്കും.

 

അന്നൊരു തിങ്കളാഴ്‌ചയായിരുന്നു. തലേദിവസം ഞാനൊരു ട്രെയിനിംഗിനു പോയിരുന്നു. അവിടെ വച്ച്‌ ഒരാള്‍ ലോകത്തിന്റെ തുടക്കത്തെപ്പറ്റി പ്രതിപാദിച്ചു, അതേപ്പറ്റി ഞാന്‍ തര്‍ക്കിക്കുകയും ചെയ്‌തിരുന്നു. അവരോടു ഞാന്‍ പറഞ്ഞു, ഭആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു.' ക്ലാസ്സുകഴിഞ്ഞ്‌ വണ്ടിയോടിച്ചു പോരുമ്പോള്‍ മനസ്സില്‍ ഈ ചോദ്യം വീണ്ടും വന്നു. യോഹന്നാന്റെ സുവിശേഷത്തില്‍ എന്തേ ഇതു ഭൂതകാലത്തില്‍ ഉപയോഗിച്ചിരിക്കുന്നു? രാവിലെ എഴുന്നേറ്റ്‌ ഓഫീസില്‍ പോയി. അവിടെയും ഈ വാക്യം എന്നെ അലട്ടി. ഏകദേശം മൂന്നു മണിക്ക്‌ എനിയ്‌ക്കൊരു കാര്യം മനസ്സിലായി. ലോകത്തില്‍ എല്ലാം സൃഷ്ടിച്ചത്‌ `വചനം' കൊണ്ടാണ്‌. സൃഷ്ടിച്ചതെല്ലാം ദൈവവും. ആ ദൈവത്തിന്റെ മാറ്റമില്ലാത്ത വചനമാണ്‌ നമ്മിലെല്ലാം കുടിയിരിക്കുന്നത്‌.

 

അപ്പോള്‍ നമ്മുടെ ഓരോ വാക്കിലും നാമുപയോഗിക്കുന്നത്‌ നമ്മുടെ ദൈവത്തെയാണ്‌. അതായത്‌ ദൈവത്തിന്റെ വാക്കുപയോഗിച്ച്‌ അനുഗ്രഹിച്ചാല്‍ അനുഗ്രഹം കൊടുക്കുന്നവനും കിട്ടുന്നവനും അനുഗ്രഹം ലഭിക്കും, പക്ഷേ അതുവച്ചു ശപിച്ചാലോ? ശാപം രണ്ടുപേര്‍ക്കും കിട്ടും. പിന്നെ എനിക്ക്‌ തിടുക്കമായി, ബേബിയോടു പോയിപ്പറയണം, `ബേബീ, ദൈവശബ്ദമെന്നത്‌, തന്റേയും എന്റേയും ശബ്ദം തന്നെയാണ്‌, ഇനി വേറൊരു ദൈവശബ്ദത്തിന്‌ കാതോര്‍ത്തിട്ടു കാര്യമൊന്നുമില്ല. സ്വന്തം സഹജീവിയുടെ ശബ്ദം മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ എങ്ങനെ നമ്മള്‍ ദൈവശബ്ദത്തെ തിരിച്ചറിയും?' ഞാന്‍ വണ്ടിയെടുത്ത്‌ ബേബിയെ കാണാന്‍ പോയി. മുറിയില്‍ കയറിയപ്പോള്‍ കുറഞ്ഞത്‌ പത്തുപേരെങ്കിലും കാണും. ബേബിയോടു പറയാന്‍ വന്നത്‌ എങ്ങനെ പറയും എന്നു ഞാന്‍ വിഷമിച്ചു നില്‍ക്കുമ്പോള്‍ ബേബി കണ്ണു തുറന്നു.

 

`ചെറിയാച്ചന്‍ വന്നോ?' പിന്നെ കൂടിനിന്നവരോട്‌, ഭകേട്ടോ ഇയാള്‍ മാത്രം വരുമ്പോള്‍ ബൈബിള്‍ കൊണ്ടുവരും, പിന്നെ എന്നെ നോക്കി `എടോ, ആ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നു മുഴുവനും വായിച്ചേ' എന്നു പറഞ്ഞു. ഞാനൊന്നു ഞെട്ടി. യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മാത്രം വായിക്കുവാനും പറയുവാനുമാണ്‌ ഞാനോടി വന്നത്‌. ഈ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ബേബി എങ്ങനെ അതറിഞ്ഞു? ഞാനേതായാലും വായിക്കാന്‍ തുടങ്ങി. വാക്യം പതിന്നാല്‌ ആയപ്പോള്‍ ഒരു കാര്യം എനിയ്‌ക്കു മനസ്സിലായി: `വചനം ജഡമായി, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു.' ഹും, അപ്പോള്‍ ചുമ്മാതല്ല ബേബീ, ഇത്ര ധൈര്യത്തില്‍ തന്റെ രോഗത്തേയും മരണത്തേയും നേരിട്ടത്‌. അതെനിക്ക്‌ മനസ്സിലാകുവാന്‍ വളരെ സമയമെടുത്തു. പ്രിയ ബേബീ, താന്‍ തന്നിട്ടുപോയത്‌ ജീവിതത്തിലെ വലിയൊരു പാഠമാണ്‌.

 

ഞാനെങ്ങും എത്തിയിട്ടില്ല, പക്ഷേ മരണത്തെ പേടിക്കാതെ താന്‍ കടന്നുപോയതുപോലെ, ലോകത്തില്‍ എല്ലാവര്‍ക്കും സാധിച്ചാല്‍, ഒരു പക്ഷേ ലോകത്തില്‍ ആളുകള്‍ക്ക്‌ കൂടുതല്‍ സമാധാനത്തോടെ ജീവിക്കാന്‍ കഴിഞ്ഞേനെ, ദൈവശബ്ദം നോക്കിയിരുന്ന്‌ സ്വന്തം സഹജീവിയുടെ ശബ്ദം കേള്‍ക്കാതിരിക്കുന്ന ഈ അവസ്ഥ ഒന്നു മാറിയേനെ. തന്നോടുള്ള വാക്കു പാലിക്കുവാന്‍ ബൈബിള്‍ മുഴുവന്‍ വായിച്ച്‌ റെക്കോര്‍ഡ്‌ ചെയ്‌തു. അതു സൌജന്യമായി എല്ലാവര്‍ക്കും ഡൌണ്‍ലോഡ്‌ ചെയ്യുവാനും അവസരമുണ്ടാക്കി. വല്ലപ്പോഴുമൊക്കെ ഇതുപോലുള്ള ചിന്തകള്‍ തരാന്‍ തന്റെ ഇപ്പോഴത്തെ ലോകത്തുനിന്ന്‌ ഞങ്ങളെയൊക്കെ ഓര്‍ക്കുക. ദൈവം തന്നെ ആ അബ്രഹാമിന്റേയും യിസഹാക്കിന്റേയും യാക്കോബിന്റേയുമൊക്കെ മടിയിലിരുത്തുമ്പോള്‍ ഞങ്ങളുടെ കാര്യം കൂടെ പറയാന്‍ മറക്കരുത്‌ ഈ വര്‍ഷം ഒരു പ്രതേകത കൂടി. നമുക്ക്‌ ഏറ്റവും പ്രീയങ്കരനായ കണിയാം പറന്‌പില്‍ അച്ചന്റെ വിശുദ്ധ ഗ്രന്ഥവും ഓഡിയോ രൂപത്തിലാക്കുകയാണ്‌.

തന്റെയും കൂടെയുള്ള വിശുദ്ധരുടേയും പ്രാര്‍ത്ഥനകള്‍ പ്രതീക്ഷിച്ചു കൊണ്ട്‌

http://www.vishudhagrandham.com -Malayalam Pshetho Bible

http://heavenly-voice.com

- Malayalam audio Bible - Bible socitey version

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.