You are Here : Home / USA News

പരിശുദ്ധ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ദുഖ:റോനോ പെരുന്നാള്‍

Text Size  

Story Dated: Tuesday, February 24, 2015 03:05 hrs UTC

ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌

 

ഷിക്കാഗോ: മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 83-മത്‌ ദു:ഖറാനോ പെരുന്നാള്‍ ഫെബ്രുവരി 14,15 (ശനി, ഞായര്‍) തീയതികളില്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ ഷിക്കാഗോയിലുള്ള സെന്റ്‌ ജോര്‍ജ്‌ പള്ളി, സെന്റ്‌ മേരീസ്‌ പള്ളി, സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളി എന്നീ ഇടവകകളിലെ വിശ്വാസികള്‍ ഒരുമിച്ച്‌ ഓക്ക്‌ പാര്‍ക്കിലുള്ള സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ വെച്ച്‌ സംയുക്തമായി കൊണ്ടാടി. 14-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ വിശ്വാസികള്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ എത്തിച്ചേര്‍ന്നു. 'അന്ത്യോഖ്യായുടെ അധിപതിയെ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ, മലങ്കരയുടെ അസ്‌തമിക്കാത്ത സൂര്യനേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' മുതലായ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ട്‌ വിശ്വാസികള്‍ ദൈവലായത്തിനുള്ളിലേക്ക്‌ പ്രവേശിച്ചു.

 

7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന ആരംഭിച്ചു. വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ തെക്കേക്കര, ബഹുമാന്യരായ കുരുത്തലയ്‌ക്കല്‍ മാത്യു അച്ചന്‍, മേപ്പുറത്ത്‌ തോമസ്‌ അച്ചന്‍, ലിജു പോള്‍ ശെമ്മാശന്‍, പട്ടരുമഠത്തില്‍ ജെയ്‌ക്‌ ശെമ്മാശന്‍ എന്നിവരെ കൂടാതെ നേര്‍ത്ത്‌ ലേക്കിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌ സുറിയാനി പള്ളി വികാരി വന്ദ്യ സക്കറിയ കോര്‍എപ്പിസ്‌കോപ്പ തേലാപ്പള്ളില്‍, സിറിയ പള്ളിയില്‍ നിന്നും റോബി ഈദോ ശെമ്മാശന്‍ എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കുശേഷം വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ തെക്കേക്കര എല്ലാവരേയും സ്വാഗതം ചെയ്യുകയും, പരിശുദ്ധ ഏലിയാസ്‌ ബാവായെ അനുസ്‌മരിച്ച്‌ പ്രസംഗിക്കുകയും ചെയ്‌തു. സെന്റ്‌ ജോര്‍ജ്‌ പള്ളി, സെന്റ്‌ മേരീസ്‌ പള്ളി, സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളി എന്നീ ഇടവകകളിലെ ബഹുമാനപ്പെട്ട വൈദീകരുടെ കാര്‍മികത്വത്തില്‍ പതിനഞ്ചാം തീയതി രാവിലെ 9 മണിക്ക്‌ പ്രഭാതപ്രാര്‍ത്ഥനയും 10 മണിക്ക്‌ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും പരിശുദ്ധ ബാവായുടെ നാമത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി. ശ്ശീഹന്മാരില്‍ തലവനായ പരിശുദ്ധ പത്രോസിനെപ്പറ്റി എഴുതിയ ഉപന്യാസ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും, ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡാണാ മേരി വര്‍ഗീസിനും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫേബാ മേരി ജൊബോയിക്കും പ്രശംസാ ഫലകം നല്‍കുകയും ചെയ്‌തു. ബഹുമാനപ്പെട്ട മാത്യു കുരുത്തലയ്‌ക്കല്‍ അച്ചന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ആശീര്‍വാദത്തിനുശേഷം നേര്‍ച്ച വിളമ്പി. ധാരാളം വിശ്വാസികള്‍ പരിശുദ്ധന്റെ പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിച്ചു. അന്നേദിവസം മറ്റ്‌ രണ്ട്‌ പള്ളികളിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരുന്നില്ല. പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌, ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ, മോന്‍ മാലിക്കറുകയില്‍, സ്റ്റാന്‍ലി കളരിക്കമുറിയില്‍, മാത്യു കുര്യാക്കോസ്‌, റെജിമോന്‍ ജേക്കബ്‌, രാജന്‍ തോമസ്‌ എന്നിവര്‍ പെരുന്നാളിന്‌ നേതൃത്വം നല്‍കി. സെന്റ്‌ ജോര്‍ജ്‌ പള്ളിയിലെ വനിതാസമാജാംഗങ്ങളോടൊപ്പം സെന്റ്‌ മേരീസ്‌ പള്ളിയിലേയും, സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയിലേയും വനിതാ സമാജാംഗങ്ങള്‍ സ്‌നേഹവിരുന്നിന്‌ മേല്‍നോട്ടം നല്‍കി. ഷിക്കാഗോ ചെണ്ട ക്ലബിന്റെ മേളം ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പുകൂട്ടി. ഉച്ചതിരിഞ്ഞ്‌ രണ്ടുമണിക്ക്‌ കൊടിയിറങ്ങിയതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.