You are Here : Home / USA News

ചെന്നൈ അണ്ണാനഗര്‍ സെന്റ്‌ തോമസ്‌ യാക്കോബായ പള്ളി മൂറോന്‍ കൂദാശക്കായി ഒരുങ്ങുന്നു

Text Size  

Story Dated: Monday, February 16, 2015 02:46 hrs UTC

ചെന്നൈ അണ്ണാനഗര്‍ സെന്റ്‌ തോമസ്‌ യാക്കോബായ പള്ളി പത്രോസിന്റെ പിന്‍ഗാമിയും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ നിദാന്ദ വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പതിയര്‍ക്കീസ്‌ ബാവയെ വരവേല്‍ക്കാന്‍ സര്‍വ പ്രൌഡിയോടെയും നോക്കിപ്പാര്‍ത്തിരിക്കുന്നു. സെന്റ്‌ തോമസ്‌ പള്ളി ഇടവക മക്കള്‍ക്ക്‌ മാത്രമല്ല ലോകത്ത്‌ പലര്‍ക്കും ഈ പള്ളിയുടെ പുനര്‍നിര്‍മാണം കഴിഞ്ഞ്‌ അപ്രേം രണ്ടാമന്‍ പതിയര്‍ക്കീസ്‌ ബാവയുടെ ആദ്യത്തെ ശ്ലൈഹിക സന്ദര്‍ശനത്തില്‍ തന്നെ വിശുദ്ധ മൂറോന്‍ കൂദാശ നടത്താന്‍ പറ്റും എന്ന്‌ ഉറപ്പുണ്ടായിരുന്നില്ല. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ഇടവക അച്ഛന്റെ ഉത്തരം ഇങ്ങനെയായിരുന്നു `കര്‍ത്താവിന്റെ കൈ കുറുകിപ്പോയോ?'. ഇന്നലെ ആദ്യമായി പള്ളിയുടെ വിശുദ്ധ മദ്‌ബഹയുടെയും ബസ്‌കുദിശായുടെയും പടങ്ങള്‍ പുറത്ത്‌ വിട്ടപ്പോള്‍ ശരിക്കും കണ്ണ്‌ നിറഞ്ഞ്‌ പോയി.

 

കര്‍ത്താവിന്റെ കൈ കുറുകിയില്ലെന്ന്‌ മാത്രമല്ല കര്‍ത്താവിനാല്‍ അസാദ്ധ്യം ഒന്നുമില്ല എന്ന്‌ അടിവരയിട്ട്‌ ഉറപ്പിക്കേണ്ടി വരികയും ചെയ്‌തു. മലങ്കരയുടെ അപ്പോസ്‌തോലന്റെ മണ്ണില്‍ മലങ്കര യാക്കോബായ സുറിയാനി സഭക്ക്‌ ഒരു ദേവാലയം എന്ന ആശയത്തിന്‌ തുടക്കം കുറിച്ചത്‌ 1985 കാലഘട്ടങ്ങളിലാണ്‌. അന്നത്തെ ശ്രേഷ്‌ഠ കാതോലിക്കാ ബാവാ, ബസേലിയോസ്‌ പൌലോസ്‌ രണ്ടാമന്‍ കാതോലിക്കാ ബാവയുടെ പ്രധാന നേതൃത്വത്തിലും, പാവങ്ങളുടെ അച്ചന്‍ എന്ന്‌ പേരെടുത്ത ബഹുമാനപ്പെട്ട വി വി പൌലോസ്‌ അച്ചന്റെ മേല്‍നോട്ടത്തിലും ആണ്‌ ഈ വിശുദ്ധ ദേവാലയം നിര്‍മ്മിക്കപ്പെട്ടത്‌, ഈ ദേവാലത്തിനു വേണ്ടി ഇന്ന്‌ ശതകോടികള്‍ വില മതിക്കുന്ന കണ്ണായ ഭൂമി ദാനമായി നല്‍കിയ ലാസര്‍ അങ്കിളിന്റെ സന്മനസ്സിന്‌ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

 

 

ഒരു നിയോഗമെന്നവണ്ണം ശ്രേഷ്‌ഠ കാതോലിക്കാ ബാവാ ബസേലിയോസ്‌ പൌലോസ്‌ രണ്ടാമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ കേരളത്തിന്‌ പുറത്ത്‌ പണിത രണ്ട്‌ ദേവാലയങ്ങളും (കോയന്‌പത്തൂര്‍ സെന്റ്‌ മേരീസ്‌ പള്ളി, ചെന്നൈ സെന്റ്‌ തോമസ്‌ പള്ളി) പുനര്‍ നിര്‍മ്മിക്കുവാനായി നിയോഗിക്കപ്പെട്ടത്‌ മണലേല്‍ ചിറയിലെ കുഞ്ഞച്ചന്‍ എന്ന്‌ വിളിക്കുന്ന ജേക്കബ്‌ മാത്യു മണലേല്‍ചിറയില്‍ അച്ചനും. ഈ പുതിയ ദേവാലയത്തിന്റെ നിര്‍മാണത്തിന്‌ മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമനസ്സ്‌ കൊണ്ട്‌ തറക്കല്ലിട്ടത്‌ മുതല്‍,കണ്‍സ്‌ട്രക്ഷന്‍ കമ്മറ്റി കണ്‍വീനറും തന്നാണ്ട്‌ ട്രസ്റ്റിയുമായ ഒതളത്തും മൂട്ടില്‍ ശ്രീ രാജന്‍ ജേക്കബ്‌ ചേട്ടായിക്കൊപ്പം പ്രവര്‍ത്തിച്ച പി കെ പൌലോസിന്റെ സേവനം വളരെ ശ്ലാഘനീയമാണ്‌. പേര്‌ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാതെ ലക്ഷങ്ങള്‍ പള്ളിക്ക്‌ കൊടുത്ത സ്‌നേഹ നിധിയും, ഇല്ലായ്‌മയില്‍ നിന്ന്‌ കടമെടുത്തും പള്ളിയുടെ നിര്‍മ്മാണത്തിന്‌ പണം കൊടുത്ത സ്‌നേഹം കൊണ്ട്‌ വീര്‍പ്പു മുട്ടിപ്പിക്കുന്ന ഇടവകാംഗങ്ങളും ചേര്‍ന്ന്‌ ഒരുമനസ്സോടെ ശ്രമിച്ചപ്പോള്‍ സ്വര്‍ഗ്ഗം കേള്‍ക്കുക മാത്രമല്ല, അതിമഹത്തായ ഒരു ദേവാലയം പുതിയ തലമുറക്ക്‌ സമ്മാനിക്കുവാനും സാധ്യമായി. ഒരു മാസത്തിന്‌ മുന്‍പ്‌ നടന്ന ഒരു സംസാരത്തില്‍ വത്സലന്‍ ചേട്ടനോട്‌ ഞാന്‍ പറഞ്ഞു.

 

 

ദേവാലയം നിര്‍മ്മിക്കുന്നത്‌ നമുക്ക്‌ വേണ്ടിയായിരിക്കരുത്‌, പകരം നിങ്ങള്‍ ഈ ദേവാലയം മാര്‍ത്തോമാ ശ്ലീഹായുടെ കാല്‍പ്പാദം പതിഞ്ഞ ഈ മണ്ണിലെ എല്ലാവര്‍ക്കും വേണ്ടി സമര്‍പ്പിക്കുക. ആ ദേശത്തിന്റെ നന്മക്കു വേണ്ടി, അനുഗ്രഹിക്കാന്‍ മാത്രം അനുഗ്രഹം വാങ്ങുവാന്‍ മാത്രമുള്ളതായിരിക്കനം ആ ദേവാലയം. ലോക പ്രശസ്‌തമായ രണ്ട്‌ ഹാര്‍ട്ട്‌ ഹോസ്‌പിറ്റലിന്റെ മധ്യത്തിലാണ്‌ ഈ ദേവാലയം. ഹൃദയം നുറുങ്ങിയവരും , മനസ്സ്‌ തകര്‍ന്നവരുമാണ്‌ അവിടെ വരികയും ശരണപ്പെടുകയും ചെയ്യുന്നത്‌. പരിശുദ്ധ ദൈവ മാതാവിന്റെ അരക്കെട്ടിന്റെ അംശം ആ ദേവാലയത്തിന്റെ കുരിശിന്‍ തൊട്ടിയിലാണ്‌ വച്ചിരിക്കുന്നത്‌. ആര്‍ക്കും ഏതു സമയത്തും മുത്തുവാന്‍ അവയെ തുറന്നു വച്ചിരിക്കുന്നത്‌ ഈ ദേവാലയത്തില്‍ മാത്രമാണ്‌. പൈസയില്ലാതെ എങ്ങനെ പണി തുടരുമെന്നറിയാതെ വിഷമിച്ച നാളുകളില്‍ ആശ്വാസമാക്കിയത്‌ ദൈവ വചനം തന്നെ. കൂരിരുളില്‍ വസിക്കാന്‍ തയ്യാറായിരുന്ന ദൈവത്തിന്‌ ശലോമോന്‍ ദേവാലയം പണിത കഥ ഞങ്ങള്‍ ഷെയര്‍ ചെയ്‌തു.

 

 

എല്ലാം അയല്‍ രാജ്യത്തെ രാജാക്കന്‍മാര്‍ ചെയ്‌തു കൊടുത്തതും, ദേവാലയം പണിത സ്ഥലത്ത്‌ ഒരു ശബ്ദവും വരാതിരിക്കത്തക്കവണ്ണം അവയെല്ലാം വെളിയില്‍ നിന്ന്‌ പണിത്‌ കൊണ്ടുവന്ന കഥകള്‍ പറഞ്ഞു, ദേവാലയം ദൈവത്തെ അറിയാത്ത ജനത്തിന്‌ പോലും വേണ്ടി സമര്‍പ്പിച്ച വേദഭാഗം വായിച്ചു കേള്‍പ്പിച്ചു. പിന്നീടൊരിക്കലും അവര്‍ പുറകോട്ട്‌ നോക്കിയില്ല, ഇന്നിതാ എല്ലാ തികവിലും മണവാളനെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന അതിസുന്ദരിയായ മണവാട്ടിയായി, ഒരിക്കലും കെടാത്ത ദീപികയും ഒരിക്കലും വറ്റാത്ത എണ്ണയുമായി അവള്‍ നില്‍ക്കുന്നു. കാണുവാനും അനുഗ്രഹം വാങ്ങുവാനും ഒക്കെ ഭാഗ്യം വേണം.

 

 

ദൂരത്തിരുന്നു ഈ ദൈവീക പദ്ധതിയുടെ നടത്തിപ്പില്‍ ഞങ്ങളും പങ്കു ചേരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി മാത്യൂസ്‌ അച്ചനും കുടുംബവും പ്രതിസന്ധികളുടെ നടുവില്‍ക്കൂടെയാണ്‌ പോയത്‌. പള്ളിയിലേക്ക്‌ പണിക്കാര്‍ക്ക്‌ ഫുഡ്‌ കൊണ്ടുവരുന്ന വഴി ഉണ്ടായ റോഡപകടത്തില്‍, കൊച്ചമ്മയുടെ കാല്‍ ഒടിഞ്ഞു, അഞ്ച്‌ പ്രാവശ്യം എങ്കിലും മേജര്‍ സര്‍ജറി നടത്തേണ്ടി വന്നു, അച്ചനും കൊച്ചമ്മയും ക്യാന്‍സര്‍ രോഗം വന്ന്‌ സുഖപ്പെട്ടവരാണെന്നു പലര്‍ക്കും അറിയില്ല ഇത്‌ മൂലം പല സര്‍ജറിയും വീണ്ടും നടത്തേണ്ടി വന്നു. അവസാനം തലയില്‍ ടുമര്‍ കൂടി വന്നപ്പോള്‍ ഇതെന്ത്‌ പരീക്ഷണം എന്ന്‌ ഞാനും ചോദിച്ചു. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ അഞ്ചാം അദ്യായത്തിലെ തബീഥ എന്ന കുട്ടിയെ യേശു ഉയര്‍പ്പിച്ച ഭാഗം എന്നോട്‌ വായിക്കുവാന്‍ പറഞ്ഞു. പിന്നെ വിളിച്ചപ്പോള്‍ എന്നോട്‌ പറഞ്ഞു 'നാളെ ങഞക എടുക്കുന്‌പോള്‍ എന്റെ ദൈവം ബിന്ദുവിന്റെ രോഗം മറ്റും' ശരിക്കും ഞങ്ങളെയും അത്ഭുതപ്പെടുത്തി ആ റിപ്പോര്‍ട്ട്‌ വന്നു, ടുമര്‍ ഉണ്ട്‌ പക്ഷെ അത്ര അപകടകാരി ആണെന്ന്‌ തോന്നുന്നില്ല. ദൈത്തിന്റെ കൈ കുറുകിയില്ല, ബിന്ദുവിന്റെ സര്‍ജറി കഴിഞ്ഞു, സുഖം പ്രാപിച്ചു വരുന്നു. ദൈവമക്കള്‍ പ്രാര്‍ഥിക്കുന്‌പോള്‍ കേള്‍ക്കുമെന്ന്‌ തന്റെ ദാസനായ ദാവീദിന്‌ കൊടുത്ത വാക്ക്‌ ഇന്നും പാലിക്കുന്ന വിശ്വസ്‌തനായ ദൈവത്തിന്റെ കൈ കുറുകിയിട്ടില്ല. മലങ്കരയുടെ അപ്പോസ്‌തോലന്റെ പുണ്യ ഭൂമിയില്‍, പരിശുദ്ധ ദൈവ മാതാവിന്റെ കരുതല്‍ നിറഞ്ഞ ദേവാലയത്തില്‍, പുണ്യവാനായ കോതമംഗലം യെല്‍ദൊ ബാവയുടെ തിരുശേഷിപ്പ്‌ സ്ഥാപിച്ചിട്ടുള്ള ഈ ദേവാലയത്തില്‍ മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പും സ്ഥാപിച്ചിട്ടുണ്ട്‌. കാലം ചെയ്‌ത ശ്രേഷ്‌ഠ കാതോലിക്കാ , പുണ്യ ശ്ലോകനായ ബസേലിയോസ്‌ പൌലോസ്‌ രണ്ടാമന്‍ കാതോലിക്കാ ബാവയുടെ പാദമുദ്ര എറ്റു വാങ്ങിയ ഈ ദേവാലയം നുറുങ്ങിയ ഹൃദയങ്ങള്‍ക്കും തകര്‍ന്ന മനസ്സുകള്‍ക്കും ആശ്വാസവുമായി നില്‍ക്കുന്നു. ലോകത്തിന്‌ കൂടുതല്‍ കൂടുതല്‍ നന്മകള്‍ നേരുവാന്‍ ഈ ഇടവകക്ക്‌ സാധിക്കട്ടെ എന്ന്‌ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ദേവാലയത്തിന്റെ കൂദാശ കര്‍മം നേരില്‍ കാണുവാന്‍ താഴെ പറയുന്ന വെബ്‌ സൈറ്റ്‌ വഴി സാധ്യമാകുന്നതാണ്‌.

http://www.stthomasmedia.com

 

ഇന്ത്യന്‍ സമയം : ഫെബ്രുവരി 16, 2015 6:00 ജങ കടഠ അമേരിക്കന്‍ സമയം : ഫെബ്രുവരി 16, 2015 7 :30 AM EST ഫെബ്രുവരി 16, 2015 6 :30 AM CST ഫെബ്രുവരി 16, 2015 5:30 AM MST / ഫീനിക്‌സ്‌ ഫെബ്രുവരി 16, 2015 4:30 AM PST

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.