You are Here : Home / USA News

ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിന ചടങ്ങില്‍ ഒബാമയോടൊപ്പം അമേരിക്കന്‍ മലയാളി യുവാവും

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, January 27, 2015 03:48 hrs UTC

 
ന്യൂയോര്‍ക്ക്‌: ലോകം ആകാംക്ഷയോടെ വീക്ഷിച്ച ഇന്ത്യയുടെ അറുപത്തിയാറാം റിപ്പബ്ലിക്‌ ദിന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ അനുഗമിക്കാന്‍ ഭാഗ്യം സിദ്ധിച്ചത്‌ അമേരിക്കന്‍ മലയാളി യുവാവിന്‌.
 
പ്രശസ്‌ത സാഹിത്യകാരിയും, അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഏറെ സുപരിചിതയുമായ ശ്രീമതി സരോജാ വര്‍ഗീസിന്റെ മകന്‍ മജു വര്‍ഗീസാണ്‌ ഡല്‍ഹിയിലെ രാജ്‌പഥിലൂടെ പ്രസിഡന്റ്‌ ഒബാമയേയും ഭാര്യ മിഷേലിനേയും വഹിച്ച വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്‌. ഒബാമയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റാണ്‌ മജു വര്‍ഗീസ്‌.
 
മാസച്യുസെറ്റ്‌സിലെ ആംഹഴ്‌സ്റ്റ്‌ യൂണിവേഴിസിറ്റിയില്‍ നിന്ന്‌ പൊളിറ്റിക്‌സില്‍ ബിരുദം കരസ്ഥമാക്കിയ മജു, മുന്‍ യു.എസ്‌. വൈസ്‌ പ്രസിഡന്റ്‌ അല്‍ ഗോറിന്റെ സ്റ്റാഫില്‍ അംഗമായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. പിന്നീട്‌ ഹൊഫ്‌സ്‌ട്രാ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ നിയമ ബിരുദം കരസ്ഥമാക്കുകയും വൈറ്റ്‌ ഹൌസില്‍ ഒബാമയുടെ `അഡ്വാന്‍സ്‌ ടീമില്‍' അംഗമാകുകയും ചെയ്‌തു. തുടര്‍ന്ന്‌, അഡ്വാന്‍സ്‌ ടീമിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തേക്ക്‌ സ്ഥാനക്കയറ്റം ലഭിക്കുകയും ഒബാമയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റായി നിയമനം ലഭിക്കുകയും ചെയ്‌തു.
 
ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്‌ രണ്ടാഴ്‌ച മുന്‍പുതന്നെ മജു ഡല്‍ഹിയില്‍ എത്തിയിരുന്നു. പ്രസിഡന്റിന്റെ ആഗമനത്തിനു മുന്‍പായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു അത്‌. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയിലുള്ള ഒബാമയുടെ അഡ്വാന്‍സ്‌ ടീമില്‍ മജു വര്‍ഗീസിന്റെ സഹോദരീ പുത്രിയും അംഗമാണ്‌.
 
മകന്‍ പ്രസിഡന്റിനോടൊപ്പം ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തില്‍ പങ്കെടുക്കുന്നത്‌ ടെലിവിഷനിലൂടെ കണ്ട ശ്രീമതി സരോജാ വര്‍ഗീസ്‌ 'ഇത്‌ അഭിമാനത്തിന്റെ നിമിഷങ്ങളാ'ണെന്ന്‌ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.