You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി

Text Size  

Story Dated: Tuesday, January 27, 2015 12:03 hrs UTC

ബീന വള്ളിക്കളം

 

ഷിക്കാഗോ: ജീവിതത്തിലും മരണത്തിലും ക്രിസ്‌തുസാക്ഷ്യം സധൈര്യം നല്‍കിയ സെബസ്‌ത്യാനോസ്‌ സഹദായുടെ തിരുനാള്‍ ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ആചരിച്ചു. കത്തീഡ്രല്‍ ഇടവകയുടെ മുന്‍ വികാരിയും, രൂപതയുടെ മുന്‍ വികാരി ജനറാളും അമേരിക്കയിലെ എം..എസ്‌.ടി സഭയുടെ ഡയറക്‌ടറുമായ റവ.ഫാ. ആന്റണി തുണ്ടത്തില്‍ കാര്‍മികത്വം വഹിച്ചു. മൂന്നാം നൂറ്റാണ്ടിലെ വിശ്വാസപരീക്ഷണങ്ങള്‍ക്കിടയിലൂടെ കടന്നുപോയ പുണ്യവാളന്റെ ജീവിതസാക്ഷ്യം ഈ നൂറ്റാണ്ടിലും പ്രസക്തമാണെന്ന്‌ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയ ആന്റണി അച്ചന്‍ ഈ കുടുംബവര്‍ഷത്തില്‍ കുടുംബ ബന്ധങ്ങള്‍ ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭദ്രമാക്കേണ്ടത്‌ അത്യന്താപേക്ഷിതമാണെന്ന്‌ പറഞ്ഞു. പ്രലോഭനങ്ങളുടേയും പ്രതികൂല ശക്തികളുടേയും കടന്നുകയറ്റം കുടുംബങ്ങളിലും സമൂഹത്തിലും പ്രതിരോധിക്കുന്നതിനുള്ള ബാധ്യത മാതാപിതാക്കള്‍ക്കും നേതാക്കള്‍ക്കുമുണ്ടെന്നും വിശ്വാസതീക്ഷ്‌ണതയോടെ ഈ ഉത്തരവാദിത്വം നിറവേറ്റണമെന്നും ആന്റണി അച്ചന്‍ ഉത്‌ബോധിപ്പിക്കുകയുണ്ടായി.

 

 

കത്തീഡ്രില്‍ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച്‌ ഇടവകയെ ഏറെക്കാലം നയിച്ച ആന്റണി തുണ്ടത്തിലച്ചന്റെ സാന്നിധ്യം സന്തോഷമേകുന്നതായും, നന്ദി പറയുന്നതായും അസി. വികാരി റവ.ഫാ. റോയ്‌ മൂലേച്ചാലില്‍ പറഞ്ഞു. തിരുനാളിനോടനുബന്ധിച്ച്‌ നടന്ന തിരുസ്വരൂപവും അമ്പുകളും വഹിച്ചുള്ള പ്രദക്ഷിണം, കഴുന്നെടുക്കല്‍, നേര്‍ച്ച എന്നിവ തനി കേരളീയ തനിമയില്‍ ചെണ്ടമേളത്തിന്റേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ നടന്നു. വിശ്വാസികള്‍ക്ക്‌ ഒരാഴ്‌ച മുമ്പേ വീടുകളിലേക്ക്‌ കഴുന്ന്‌ കൊണ്ടുപോയി പ്രാര്‍ത്ഥിക്കുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അതിരമ്പുഴ ഇടവക നിവാസികളാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ലിറ്റര്‍ജി, ഗായകസംഘം, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, അനേകം വോളന്റിയര്‍മാര്‍ എന്നിവര്‍ തിരുനാള്‍ മോടിയാക്കാന്‍ സഹകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.