You are Here : Home / USA News

ആദ്യകാല കുടിയേറ്റക്കാര്‍ സഭയുടെ പ്രവാസ ലോകത്തെ വേരുകള്‍: മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്ത

Text Size  

Story Dated: Wednesday, January 21, 2015 11:39 hrs UTC


ന്യൂയോര്‍ക്ക്. അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യകാല കുടിയേറ്റക്കാരായ മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഈ പ്രവാസ ലോകത്തെ സഭയുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും അക്ഷീണം പ്രവര്‍ത്തിച്ചവരാണെന്നും ഇന്നാട്ടില്‍ സഭയുടെ വേരുകള്‍ ഉറപ്പിക്കാന്‍ കാരണക്കാരായവരാണെന്നും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത  അഭി. സ്ക്കെറിയാസ് മാര്‍ നിക്കോളാവോസ് പ്രസ്താവിച്ചു.

ന്യൂയോര്‍ക്കിലെ ക്വീന്‍സ്, ബ്രൂക്കിലിന്‍, ലോങ് ഐലന്റ് ഏരിയായിലെ സപ്തതി പിന്നിട്ട വിശ്വാസികളെ ആദരിക്കാന്‍ വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 11 ഞായറാഴ്ച എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പളളിയിലായിരുന്നു സമ്മേളനം നടന്നത്. ഇവിടെ സഭാ നേതൃത്വം പളളികള്‍ ഉണ്ടാക്കി വിശ്വാസികള്‍ക്കു കൊടുക്കുകയല്ല മറിച്ച് ഉപരി പഠനത്തിനും മറ്റുമായി ഇവിടെ എത്തിയ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ചെറിയ കൂട്ടായ്മകളായി ആരാധനകള്‍ നടത്തുകയും ആരാധനാലയങ്ങള്‍ ഉണ്ടാക്കുകയുമാണ് ചെയ്തിട്ടുളളത്. പിന്നീട് സഭാ നേതൃത്വത്തില്‍ നിന്ന് അംഗീകാരവും സഹായവും ലഭിച്ചു.

അമേരിക്കന്‍ ഭദ്രാസനങ്ങളിലെ സഭാ പ്രവര്‍ത്തനങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കു തന്നെ മാതൃകയായി പരിണമിച്ചു എന്ന് പരിശുദ്ധ കാതോലിക്ക ബാവായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്  മെത്രാപ്പോലീത്ത  കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത്  ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ 70 വയസ്സ് കഴിഞ്ഞവരെ ആദരിക്കുന്നതിന്‍െറ ഭാഗമായി ജനുവരി 11 ഞായറാഴ്ച നടന്ന സമ്മേളനത്തില്‍ ക്വീന്‍സ്, ബ്രൂക്കിലിന്‍ ലോങ് ഐലന്റ് പ്രദേശത്തുളള സീനിയേഴ്സിനോടും വൈദികരോടും ഒപ്പം ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളും മറ്റ് ആത്മീയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.

ചടങ്ങില്‍ അധ്യക്ഷം വഹിച്ച അഭി. സെക്കറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്താ ഉപാഹാരങ്ങള്‍ നല്‍കി സപ്തതി പിന്നിട്ടവരെ ആദരിച്ചു. ഈ  ഭദ്രാസനത്തിലെ മുതിര്‍ന്നവരെ ആദരിക്കാന്‍ ലഭിച്ച അവസരം തനിക്കുളള ആദരവായി കാണുന്നു എന്ന് മെത്രാപ്പോലീത്ത  കൂട്ടിച്ചേര്‍ത്തു.

ജീവിതായോധനത്തിനുളള പരക്കം പാച്ചിലിനിടയിലും ദൈവ വേലക്കും സഭാ സേവനത്തിനുമായി സമയം കണ്ടെത്തിയ ആദ്യകാല കുടിയേറ്റക്കാര്‍ കേവല പുരസ്കാരങ്ങള്‍ക്കും അപ്പുറം പരിഗണിക്കപ്പെടേണ്ടവരാണെന്ന് ഇവര്‍ക്കായി ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞ തില്‍ സന്തോഷിക്കുന്നു എന്നും ഈ  പുരസ്കാര പരിപാടികളുടെ ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ കൌണ്‍സില്‍ മെമ്പര്‍ ഫിലിപ്പോസ് ഫിലിപ്പ് തന്‍െറ അവതരണ പ്രസംഗത്തില്‍ അറിയിച്ചു. ഈ നാട്ടില്‍ തന്നെ ജനിച്ചു വളര്‍ന്ന അനേക യുവാക്കള്‍ പൌരോഹിത്യ ജീവിതത്തിലേക്കുളള വിളി സ്വീകരിക്കുന്നു എന്നുളള വസ്തുത എല്ലാ നേട്ടങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന് ഫിലിപ്പോസ് പ്രസ്താവിച്ചു.

തന്‍െറ ഇടവക ഉള്‍പ്പെടെ പല ഇടവകളിലുമുളള മുതിര്‍ന്നവര്‍ ഇന്നും സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്നും അവരുടെ സംഭാവനകള്‍ അനിവാര്യമായി തുടരുന്നു എന്നും, സെന്റ്  ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പളളി വികാരി വെരി. റവ. യേശുദാസന്‍ പാപ്പന്‍ കോറെപ്പിസ്കോപ്പാ തന്‍െറ സ്വാഗത പ്രസംഗത്തില്‍ പ്രസ്താവിച്ചു.

ഞായറാഴ്ച 3 മണിക്ക് സെന്റ് ഗ്രിഗോറിയോസ് എല്‍മോണ്ട് പളളിയിലെ തന്നെ അംഗമായ ജോസഫ് പാപ്പന്‍െറ നേതൃത്വത്തില്‍ മിനി കോശി, സജി കോശി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു.

നവതിയുടെ നിറവിലെത്തിയ മറിയാമ്മ ചാക്കോ ആലപിച്ച ഗാനം സദസിന് ഉണര്‍വ് നല്‍കി. സ്രഷ്ടാവിന് സൃഷ്ടിയോടുളള ബന്ധത്തേയും സ്നേഹത്തെയും മറിച്ച് സൃഷ്ടികള്‍ക്കുണ്ടാകേണ്ട സമര്‍പ്പണത്തെയും ഉദ്ധരിച്ചു കൊണ്ടായിരുന്നു ആ ഗാനം. ആദരവ് ഏറ്റുവാങ്ങിയ സീനിയേഴ്സിനെ പ്രതിനിധീകരിച്ച് കോശി ഫിലിപ്പ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് എല്‍മോണ്ട്, സരോജാ വര്‍ഗീസ്(സെന്റ് മേരീസ് ചര്‍ച്ച് വെസ്ററ് സേയ്വില്‍) എന്നിവര്‍ സംസാരിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ ആദ്യമായി മുതിര്‍ന്നവരെ ആദരിക്കാന്‍ തയ്യറായത് തികച്ചും അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണെന്നും കൌണ്‍സിലിന്‍െറ എല്ലാ തരത്തിലുളളവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള പ്രവര്‍ത്തന ശൈലി തികച്ചും അഭിനന്ദനാര്‍ഹമാണെന്നും ഇവര്‍ പ്രസ്താവിച്ചു.

സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ലോങ് ഐലന്റ്, സെന്റ് ഗ്രിഗോറിയോസ്  എല്‍മോണ്‍, സെന്റ് ബസേലിയോസ് എല്‍മോണ്ട്, സെന്റ് ബേസില്‍ ഫ്രാങ്കിളിന്‍ സ്ക്വയര്‍, സെന്റ്  ഗ്രിഗോറിയോസ് ചെറി ലെയ്ന്‍, സെന്റ് മേരീസ്  വെസ്റ്റ് സേവില്‍, സെന്റ് മേരീസ്  ജാക്സണ്‍ ഹൈറ്റസ്, സെന്റ് ബസേലിയോസ് ബ്രൂക്കിലിന്‍, സെന്റ് സ്റ്റീഫന്‍സ് ലോംഗ് ഐലന്റ് എന്നീ പളളികളില്‍  നിന്നുളള മുതിര്‍ന്നവരെയാണ്  ഈ  സമ്മേളനത്തില്‍ ആദരിച്ചത്. 120 പേര്‍ ഈ  മുതിര്‍ന്നവരില്‍ ആദരണീയരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു.  ക്വീന്‍സ്, ബ്രൂക്കിലിന്‍, ലോംഗ് ഐലന്റ് റീജിയന്‍െറ ചുമതലയുളള ഈ  പരിപാടികളുടെ ഏരിയാ കോ ഓര്‍ഡിനേറ്റര്‍ കൂടിയായുളള അജിത് വട്ടശേരില്‍ കൃതജ്ഞതയാശംസിച്ചുകൊണ്ട്  സംസാരിച്ചു. കൌണ്‍സില്‍ മെമ്പര്‍ ഷാജി വര്‍ഗീസ് വേദിയില്‍ ഹാജരായിരുന്നു. ഭദ്രാസന അല്‍മായ ട്രസ്റ്റി വര്‍ഗീസ് പോത്താനിക്കാട് എംഡിയായി ചടങ്ങുകള്‍ നിയന്ത്രിച്ചു.  സെന്റ്  ഗ്രിഗോറിയോസ് പളളി ഇടവകാംഗങ്ങള്‍ പരിപാടിയുടെ വിജയത്തിനുളള എല്ലാ ക്രമീകരണങ്ങളും നടത്തി.

വാര്‍ത്ത. വര്‍ഗീസ് പോത്താനിക്കാട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.