You are Here : Home / USA News

അഭിമാനമികവില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, January 15, 2015 12:39 hrs UTC


 
ഡോവര്‍ (ന്യുജഴ്സി) . മലങ്കരസഭ അതിന്‍െറ ദാര്‍ശനിക ഭാവത്തിനായി അമേരിക്കന്‍ ഭദ്രാസനത്തിലേക്ക് ഉറ്റ് നോക്കുന്നതില്‍ ഭദ്രാസന ജനങ്ങള്‍ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നതായി ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത. ഭദ്രാസന കൌണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ സപ്തതി കഴിഞ്ഞവരെ ആദരിക്കാന്‍ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കൂടിയ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാര്‍ നിക്കോളോവോസ്. തിരിച്ച് ഇന്ത്യയിലേക്ക് പോകണമെന്ന ആഗ്രഹത്തിലാണ് എല്ലാവരും വന്നത്. പക്ഷേ, കാലക്രമേണ ഇവിടെ വേരുകള്‍ പിടിക്കുകയായിരുന്നു. അതോടെ സഭയും ഭദ്രാസനവും വളരുകയും ചെയ്തു.  

സ്ഥാപകര്‍ ഉദ്ദേശത്തിച്ചതിനപ്പുറം ഭദ്രാസനം വളര്‍ന്നു പന്തലിച്ചു.  പ്രാരംഭകാലത്ത് അങ്ങനെ പ്രവര്‍ത്തിച്ചുവരാണു തന്‍െറ മുമ്പില്‍ ഇരിക്കുന്നവരെന്നും അവരുടെ സേവനങ്ങളെ ശ്ലാഘിക്കുന്നു എന്നും പറഞ്ഞാണ് മാര്‍ നിക്കോളോവോസ്, ന്യുജഴ്സി- സ്റ്റാറ്റന്‍ ഐലണ്ട് റീജിയണില്‍ നിന്നുളള സീനിയേഴ്സിന് ആശംസ ഫലകങ്ങള്‍ നല്‍കിയത്.

പ്രായമായവരെ ബഹുമാനിക്കുക എന്നത് ദൈവ കല്‍പനയില്‍ അധിഷ്ഠിതമാണെന്ന് ലേവ്യാ പുസ്തക വാക്യത്തെ അടിസ്ഥാനമാക്കി ആശംസ അറിയിച്ച ഭദ്രാസന കൌണ്‍സില്‍ അംഗം കൂടിയായ ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

പുതിയ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും യുവ തലമുറയെ ഉള്‍ക്കൊളളുന്നതിലൂടെയും ദിശാ ബോധത്തോടെ മുന്നോട്ട് പോകുന്നതിലൂടെയും ഭദ്രാസനവും നേതൃത്വം വഹിക്കുന്ന പങ്കിനെപ്പറ്റി പ്രതിപാദിച്ച് സംസാരിച്ച ആതിഥേയ ഇടവക  വികാരിയും കൌണ്‍സില്‍ അംഗവുമായ ഫാ. ഷിബു ഡാനിയല്‍ സ്വാഗതമാശംസിച്ചു.

ആദരവ് ഏറ്റുവാങ്ങിയവരെ പ്രതിനിധീകരിച്ച് സംസാരിച്ച വെരി. റവ. സി. എം. ജോണ്‍ എപ്പിസ്കോപ്പായും ബസ്ക്യാമ്മ സാറാമ്മ ജോണും എല്ലാം ദൈവദാനം തന്നെയാണെന്ന് പറഞ്ഞു. നന്മയും ആരോഗ്യവും ആയുസും എല്ലാം ദൈവദാനം. ഭദ്രാസന കൌണ്‍സിലിന് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.

ന്യുജഴ്സി, സ്റ്റാറ്റന്‍ ഐലണ്ട് റീജിയന്‍െറ ചുമതലയുളള ഭദ്രാസന കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു. ഷാജി വര്‍ഗീസിന്‍െറ പ്രവര്‍ത്തന പരിധിയിലുളള ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ്, ലിന്‍സന്‍ സെന്റ് മേരീസ്, മിഡ്ലാന്റ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്, ഡോവര്‍ സെന്റ് തോമസ്, ടീനെക്ക് സെന്റ് ജോര്‍ജ്, പ്ലെയിന്‍ ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് സ്റ്റാറ്റന്‍ ഐലണ്ടില്‍ നിന്നുളള സെന്റ് ജോര്‍ജ്, മാര്‍ ഗ്രിഗോറിയോസ്, സെന്റ് മേരീസ് എന്നീ ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ നിന്നുളള 50 പേരാണ് സപ്തതി കഴിഞ്ഞ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സിയുടെ ഐക്കണോ ഗ്രഫിയില്‍ അധിഷ്ഠിതമായ മൊമെന്റോകളാണ് ബഹുമതിയായി സമ്മാനിക്കപ്പെട്ടത്.

ഭദ്രാസന  കൌണ്‍സില്‍ അംഗം അജിത് വട്ടശേരില്‍, അത്മായ ട്രസ്റ്റി വര്‍ഗീസ് പോത്താനിക്കാട്, സഭാ മാനേജിംഗ് കമ്മറ്റി അംഗം പോള്‍ കറുകപ്പിളളില്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

സാറാ മാത്യു പ്രാര്‍ഥനാ ഗാനം ആലപിച്ചു. ജോര്‍ജ് തുമ്പയില്‍ എംസിയായി പ്രവര്‍ത്തിച്ചു.സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍  വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.