You are Here : Home / USA News

ട്രൈസ്റ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ബിസിനസില്‍ വിജയം നേടിയവരെ ആദരിച്ചു

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, December 31, 2014 01:26 hrs UTC


 
ന്യൂയോര്‍ക്ക്. ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചുകൊണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു.

ബിസിനസ് എക്സലന്‍സ്  അവാര്‍ഡ് നേടിയ സഞ്ജീവ് (സാം) ചന്ദിന്റെ വിജയകഥയെ അത്യപൂര്‍വ്വമെന്ന് പ്രസിഡന്റ് തോമസ് കോശി വിശേഷിപ്പിച്ചു. 16-ാം വയസില്‍ (1986)  സാം അമ്മാവന്റെ ഹോട്ടലില്‍ ഡെലിവറി ബോയ് ആയിട്ടായിരുന്നു തുടക്കമിട്ടത്. 125 ഡോളര്‍ ആഴ്ചയില്‍ ശമ്പളം. 14 മണിക്കൂര്‍ ജോലി.

ജോലി കഴിഞ്ഞാലും റെസ്റ്ററന്റിലും ഡെലിയിലും ജോലികള്‍ ചെയ്ത് ബിസിനസിന്റെ നാനാവശങ്ങളും പഠിച്ചെടുത്തു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മാനേജരായി.

ആദ്യത്തെ റെസ്റ്റോറന്റ് 1995-ല്‍ വാങ്ങി. ഇപ്പോള്‍ 34 കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി) ടാക്കോബല്‍ സ്റ്റോറുകളും 700-ല്‍പ്പരം ജോലിക്കാരും സാമിന്റെ കീഴിലുണ്ട്. ന്യൂയോര്‍ക്ക്, മിഷിഗണ്‍ സ്റ്റേറ്റുകളിലെ സുപ്രധാന മേഖലകളിലാണ് സ്വന്തം സ്ഥലത്തുള്ള ചെയിനുകള്‍.

ഉപഭോക്താവാണ് രാജാവ് എന്ന തത്വം അക്ഷരം പ്രതി പാലിക്കുന്ന വ്യക്തിയാണ് സാം. ജോലിക്കാരും അതേ നിലപാട് തുടരണമെന്നദ്ദേഹം നിര്‍ദേശിക്കുന്നു. ജോലിക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍ രണ്ടു പതിറ്റാണ്ടായിട്ടും സാമിനൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം.

റെസ്റ്റോറന്റ് വ്യവസായ രംഗത്തെ ഏതൊരു കാര്യം സംബന്ധിച്ചും ആഴത്തിലുള്ള  ജാഞാനമാണ് തന്റെ വിജയത്തിന്റെ പിന്നിലെ മറ്റൊരു കാര്യമെന്ന് സാം പറഞ്ഞു. ചെലവു കുറച്ച് മികച്ച സേവനമെത്തിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കില്‍ താമസിക്കുന്നു.

ജൂവലറി, ലക്ഷ്വറി ഗുഡ്സ് ബിസിനസില്‍ വിജയം വരിച്ച ദീപക് വര്‍മ്മ, ലിക്വര്‍ ഷോപ്പുകള്‍, ജൂവലറി ബിസിനസ് എന്നിവയില്‍ നേട്ടം കൈവരിച്ച ലോയ്ഡ് ശെങ്കരായര്‍ എന്നിവരേയും സമ്മേളനത്തില്‍ ആദരിച്ചു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ്, വെസ്റ്റ് ചെസ്റ്റര്‍ കൌണ്ടി ഡപ്യൂട്ടി എക്സിക്യൂട്ടീവ് കെവിന്‍ പ്ളങ്കറ്റ്, ന്യൂറോഷല്‍ മേയര്‍ നോം ബ്രാംസന്‍, റോക്ക്ലാന്റ് ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വൈറ്റ് പ്ളെയിന്‍സിലെ റോയല്‍ പാലസില്‍ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ് ഉദ്ഘാടനം ചെയ്യുകയും പേട്രണായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചേംബര്‍ എല്ലാ ഇന്ത്യന്‍ ബിസിനസുകാരേയും ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള എളിയ ശ്രമമാണെന്ന് സ്ഥാപക  പ്രസിഡന്റ് തോമസ് കോശി പറഞ്ഞു. ബിസിനസുകാര്‍ തമ്മില്‍ സഹകരണം മെച്ചപ്പെടുത്താനും പൊതുവായ കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനും പുതിയ സംരംഭങ്ങള്‍ക്ക് തുണയും പ്രോത്സാഹനവും നല്‍കാനും ലക്ഷ്യമിട്ട ചേംബര്‍ അവയിലൊക്കെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. അത് വരുംകാലങ്ങളില്‍ മെച്ചപ്പെടുത്തുക എന്നതാണ് നമ്മുടെ ദൌത്യം. പ്രാദേശിക-സ്റ്റേറ്റ് ഗവണ്‍മെന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കാനും ചേംബറിനായി. അതു സുപ്രധാനവുമാണ്.

രത്തന്‍ ടാറ്റ പറഞ്ഞതുപോലെ റിസ്ക് എടുക്കാന്‍ മടിയുള്ളവരാണ് ഇന്ത്യക്കാര്‍. ബിസിനസ് തുടങ്ങണമെങ്കില്‍ റിസ്ക് എടുക്കാനും കഠിനാധ്വാനം ചെയ്യാനും തയാറാകണം. അതിനു മുതിര്‍ന്നവരാണ് നാം എല്ലാം. അതില്‍ ചിലരെല്ലാം വലിയ വിജയം നേടി. സാമിന്റെ കഥതന്നെ ഉദാഹരണം. അമേരിക്കന്‍ വിജയ ഗാഥയാണത്. പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ജോയിന്റ് സെക്രട്ടറി ജോഫ്രിന്‍ ജോസ് ആയിരുന്നു എം.സി. കുര്യാക്കോസ് വര്‍ഗീസ്, ജഗദീഷ് മിറ്റര്‍ എന്നിവര്‍ ബാങ്ക്വറ്റ് കണ്‍വീനര്‍മാരായിരുന്നു. വൈസ് പ്രസിഡന്റുമാരായ ജ്യോതിസ് തക്കര്‍, ജഗദീഷ് മിറ്റര്‍, ഹാരി സിംഗ്, സെക്രട്ടറി ജിതേന്ദര്‍ എസ് കൊലി, ബോര്‍ഡ് അംഗങ്ങളായ ഡോ. ഡി. നായിക്, ജോര്‍ജ് ജോണ്‍, ജോണ്‍ സി. വര്‍ഗീസ്, കുര്യാക്കോസ് വര്‍ഗീസ്, വീരേന്ദര്‍ കന്‍വര്‍, ഏബ്രഹാം ഫിലിപ്പ്, രാകേഷ് ബഹല്‍, ഡോ. വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

റവ.ഡോ. ഏബ്രഹാം വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. ഈഗിള്‍ സ്കൌട്ട് അര്‍ജുന്‍ ബഹല്‍ പ്ളെഡ്ജ് ഓഫ് അലിജിയന്‍സ് ചൊല്ലി. മേര്‍ലിന്‍ മാത്യൂസ് ദേശീയഗാനം ആലപിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ഫോമാ മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, മലയാളം ഐ.പി ടിവി ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.