You are Here : Home / USA News

കുടുംബവര്‍ഷാചരണത്തിനു ഫിലാഡല്‍ഫിയയില്‍ തിരിതെളിഞ്ഞു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, December 27, 2014 02:06 hrs UTC

ഫിലാഡല്‍ഫിയ: 2014 ഡിസംബര്‍ 25 മുതല്‍ 2015ഡിസംബര്‍ 25 വരെ ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും, മിഷനുകളിലും കുടുംബവര്‍ഷമായി ആചരിക്കണമെന്നുള്ള രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കല്പനപ്രകാരം (ഇടയലേഖനം 22/2014) ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ കുടുംബവര്‍ഷാചരണത്തിനു തുടക്കമായി. ഡിസംബര്‍ 24 ക്രിസ്മസ് തലേന്ന് ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്കുള്ള തിരുപ്പിറവിശുശ്രൂഷകള്‍ക്കും, ആഘോഷമായ പാട്ടുകുര്‍ബാനക്കും ശേഷം ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി തിരിതെളിച്ച് കുടുംബവര്‍ഷാചരണത്തിനു തുടക്കം കുറിച്ചു. ട്രസ്റ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാപ്രസിഡന്റുമാര്‍, മതാധ്യാപകര്‍ എന്നിവരും ക്രിസ്മസ് ശുശ്രൂഷയില്‍ പങ്കെടുത്ത ആയിരത്തോളം വിശ്വാസിസമൂഹവും ചടങ്ങിനു സാക്ഷ്യം വഹിച്ചു. കുടുംബവര്‍ഷാചരണത്തിന്റെ വിജയത്തിനു വേണ്ടി രൂപതാ ഫാമിലിഅപ്പസ്‌തോലേറ്റ് പ്രത്യേകം തയാറാക്കിയ പ്രാര്‍ത്ഥന ജോണിക്കുട്ടി അച്ചന്‍ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി. തിരുക്കുടുംബത്തിന്റെ മാതൃകയില്‍ എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് വിവിധ പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ പ്രാര്‍ത്ഥനയുടെയും, പങ്കുവക്കലിന്റെയും ഭവനങ്ങളായി ദൈവസ്‌നേഹത്തില്‍ നിലനില്‍ക്കുന്ന തിനും, കുടുംബബന്ധങ്ങളെ വിശുദ്ധീകരിക്കുന്നതിനും, എല്ലാ ദമ്പതിമാരെയും സ്‌നേഹത്തിലും, വിശ്വസ്തതയിലും ജീവിതകാലം മുഴുവന്‍ ചേര്‍ത്തു നിര്‍ത്തുന്നതിനും, മക്കള്‍ക്ക് വിശുദ്ധിയും, വിജ്ഞാനവും ലഭിക്കുന്നതിനും, മക്കളും മാതാപിതാക്കളും പരസ്പരസ്‌നേഹത്തിലും ബഹുമാനത്തിലും വളര്‍ന്ന് കുടുംബങ്ങളെ ദൈവസാന്നിധ്യത്തിന്റെ വയലും വീടുമാക്കി മാറ്റുന്നതിനുംവേണ്ട ദൈവകൃപ പ്രാര്‍ത്ഥനയിലൂടെ കൈവരിക്കുന്നതിനും ഉദ്ദേശിച്ചാണീ കുടുംബവര്‍ഷം ആചരിക്കുന്നത്. ആഗോളകത്തോലിക്കാസഭയില്‍ അടുത്തവര്‍ഷം നടക്കാന്‍പോകുന്ന രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണു രൂപത 2015 കുടുംബവര്‍ഷമായി ആചരിക്കുന്നത്. 2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി 2 വരെ ആഗോളസഭ സമര്‍പ്പിതവര്‍ഷമായി ആചരിക്കുകയാണു. പൂര്‍ണസമര്‍പ്പണത്തിലൂടെ പ്രേഷിതദൗത്യം നിര്‍വഹിക്കുന്ന ആയിരക്കണക്കിനു സമര്‍പ്പിതരെയും, കുടുംബങ്ങളെയും അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നതിനും, പ്രേഷിതരംഗങ്ങളില്‍ ജോലിചെയ്യുന്ന എല്ലാവരോടും ആദരവു പുലര്‍ത്തുന്നതിനുള്ള മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും ഉദ്ദേശിച്ചാണു സഭ പ്രേഷിതവര്‍ഷം ആചരിക്കുന്നത്. അടുത്തവര്‍ഷം സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ വടക്കേ അമേരിക്കയിലാദ്യമായി ഫിലാഡല്‍ഫിയായില്‍ നടക്കാന്‍പോകുന്ന എട്ടാമത് ആഗോളകുടുംബസംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കും എന്ന വസ്തുതയും കുടുംബവര്‍ഷാചരണത്തിനു പ്രേരകശക്തിയാകും. ക്രൈസ്തവമൂല്യങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഊട്ടിയുറപ്പിക്കുക, സഹോദരസ്‌നേഹം വര്‍ദ്ധിപ്പിക്കുക, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണു മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ കുടുംബസംഗമത്തിന്റെ ലക്ഷ്യം. സ്‌നേഹമാണു നമ്മുടെ ദൗത്യം, സമ്പൂര്‍ണസജീവകുടുംബം എന്നതാണു കുടുംബസംഗമത്തിന്റെ മുദ്രാവാക്യം. ലോകമാസകലം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന കുടുംബശിഥിലീകരണ ത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനായി 2015 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ റോമില്‍ നടക്കാന്‍പോകുന്ന മെത്രാന്മാരുടെ സിനഡും വര്‍ഷാചരണത്തിനു ശക്തി പകരും. ഫോട്ടോ: ജോസ് തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.