You are Here : Home / USA News

പുതിയ ഇടയ ദൗത്യവുമായി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ കത്തീഡ്രല്‍ ദേവാലയത്തിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 02, 2014 10:00 hrs UTC

     


ഷിക്കാഗോ: മാര്‍ ജോയി ആലപ്പാട്ട്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രനായി നിയമിതനായതിലൂടെ പ്രോട്ടോസിന്‍ഞ്ചെല്ലൂസ്‌ സ്ഥാനത്തിന്റെ ചുമതലയില്‍ നിന്നും മാറുന്ന റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ രൂപതയുടെ ഭദ്രാസന ദൈവാലയമായ കത്തീഡ്രല്‍ ഇടവകയുടെ വികാരിയായി ഒക്‌ടോബര്‍ അഞ്ചാംതീയതി ഞായറാഴ്‌ച ഉത്തരവാദിത്വം ഏറ്റെടുക്കും. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ അജപാലന ശുശ്രൂഷയ്‌ക്ക്‌ എത്തിയ ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്‍ തന്റെ അജപാലന ശുശ്രൂഷയ്‌ക്ക്‌ ഏല്‍പ്പിക്കപ്പെട്ട കാലിഫോര്‍ണിയയിലെ സാന്റാ അന്ന, ഫിലാഡല്‍ഫിയ എന്നീ ഇടവകകളില്‍ തിളക്കമാര്‍ന്ന അജപാലന ശുശ്രൂഷ നടത്തിയിട്ടുള്ള വ്യക്തിയാണ്‌. പ്രശ്‌ന കലുഷിതമായ സാഹചര്യങ്ങളില്‍ അച്ചന്റെ സാന്നിധ്യം ഐക്യത്തിന്റേയും, സമാധാനത്തിന്റേയും, ഐശ്വര്യത്തിന്റേയും, ആത്മീയ ഉണര്‍വിന്റേയും അനുഭവങ്ങള്‍ക്ക്‌ കാരണമാകുന്നു. അഗാധമായ പാണ്‌ഡിത്യവും ആത്മീയദര്‍ശനങ്ങളും നിറഞ്ഞുനില്‍ക്കുന്ന അച്ചന്റെ പ്രഭാഷണങ്ങള്‍ ശ്രോതാക്കള്‍ക്ക്‌ വലിയ ആത്മീയ വിരുന്നാണ്‌. വിശുദ്ധ കുര്‍ബാന മധ്യേയുള്ള അച്ചന്റെ വചനപ്രഘോഷണങ്ങള്‍ ശ്രവിക്കാന്‍ ഇടവകാംഗങ്ങള്‍ എല്ലാ ഞായറാഴ്‌ചയും കൃത്യമായി എത്തുമായിരുന്നു.

ആത്മീയവിരുന്നിനൊപ്പം ഇടവകകളുടെ ഭൗതീക ഉന്നമനത്തിലും കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയിലും യുവജനങ്ങളുടേയും കുട്ടികളുടേയും സ്വഭാവ രൂപീകരണത്തിലും ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്‍ അതീവ ശ്രദ്ധാലുവാണ്‌. സാന്റാ അന്നാ ഇടവകയിലെ ദൈവാലയത്തിന്റെ മദ്‌ബഹയുടെ പുനരുദ്ധാരണത്തിലും ഗ്രോട്ടോ നിര്‍മ്മാണത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ച അച്ചന്‍, ഫിലാഡല്‍ഫിയ ഇടവകയില്‍ ചുരുങ്ങിയ സമയംകൊണ്ട്‌ ഇടവകാംഗങ്ങള്‍ എല്ലാവരുടേയും സഹകരണത്തോടെ ഇടവകയ്‌ക്ക്‌ സ്വന്തമായി വൈദീക ഭവനം വാങ്ങി, ഇടവകയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉണര്‍വ്‌ നല്‍കി.

രൂപതയുടെ പ്രോട്ടോസിന്‍ഞ്ചെല്ലൂസ്‌ എന്ന നിലയില്‍ വെറും എട്ടു മാസങ്ങള്‍കൊണ്ട്‌ അച്ചന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്‌, രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവ ഊര്‍ജ്ജവും ഉണര്‍വും നല്‍കി. മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ ആഗ്രഹപ്രകാരം രൂപതയുടെ ഭരണ- അജപാലന സംവിധാനങ്ങളില്‍ കാതലായ മാറ്റവും ഗുണമേന്മയും നല്‍കുന്നതിനായി രൂപതയിലെ ഇടവകകളേയും മിഷനുകളേയും ഒമ്പത്‌ ഫൊറോനകളുടെ കീഴിലാക്കി. രൂപതയിലെ ധ്യാനങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി മാര്‍ഗ്ഗരേഖ തയാറാക്കി.

8500 കുട്ടികളും, 1300 മതാധ്യാപകരും ഉള്‍ക്കൊള്ളുന്ന രൂപതയുടെ മതബോധന രംഗം കാര്യക്ഷമവും ഊര്‍ജ്ജ്വസ്വലവുമാക്കുന്നതിനായി രൂപതാതല മതബോധന ഡിറക്‌ടറായ ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏവരുടേയും പ്രശംസയര്‍ഹിക്കുന്നു. രൂപതയിലെ ഇടവകകളുടേയും മിഷനുകളുടേയും വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി രൂപതാ തലത്തില്‍ വിശ്വാസ പരിശീലന കമ്മീഷന്‌ രൂപം നല്‍കി. കുട്ടികള്‍ക്ക്‌ വിശ്വാസ പരിശീലനത്തിന്‌ വര്‍ക്ക്‌ ബുക്കുകളും, സബ്‌ ടെക്‌സ്റ്റുകളും അദ്ധ്യാപകര്‍ക്ക്‌ പഠന സഹായികളും തയാറാക്കി. അദ്ധ്യാപകര്‍ക്ക്‌ വിശ്വാസ പരിശീലന രംഗത്ത്‌ കൂടുതല്‍ വെളിച്ചവും മാര്‍ഗ്ഗനിര്‍ദേശവും നല്‍കുന്നതിനും ഇടവകകളുടേയും മിഷനുകളുടേയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതാ മതബോധന ഡിറക്‌ടറി പ്രസിദ്ധീകരിച്ചു. വെറും എട്ടുമാസങ്ങള്‍കൊണ്ട്‌ വിശ്വാസ പരിശീലനത്തിനായി 17 പുസ്‌തകങ്ങള്‍ വിവിധ ഇടവകകളുടെ സഹായത്തോടെ തയാറാക്കാന്‍ സാധിച്ചു എന്നത്‌ ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്റെ കഠിനാധ്വാനത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും വ്യക്തമായ അടയാളമാണ്‌. മതാധ്യാപകര്‍ക്കായി രൂപതയുടെ 18 ഇടവകകള്‍ കേന്ദ്രമാക്കി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്‌, റവ.ഡോ. മാത്യു ചൂരപന്തിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലന പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. സി.ബി.സി.ഐ തിയോളജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയും, തലശേരി അതിരൂപതാംഗവുമായ റവ.ഡോ. ജോസഫ്‌ പാംപ്ലാനിയില്‍ നേതൃത്വം നല്‍കുന്ന ആല്‍ഫാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന്‌ മതാധ്യാപകര്‍ക്കും മറ്റ്‌ മുതിര്‍ന്നവര്‍ക്കുമായി ഷിക്കാഗോ രൂപതയില്‍ നടത്തുന്ന ഡിപ്ലോമ ക്ലാസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. അറുപതുകളുടെ നിറവിലും മുപ്പതു വയസുകാരന്റെ പ്രസന്നതയോടെ, ചുറുചുറുക്കോടെ തന്നെ ഏല്‍പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നൂറുശതമാനം വിശ്വസ്‌തതയോടെ, അര്‍പ്പണ മനോഭാവത്തോടെ പൂര്‍ത്തിയാക്കുന്ന ബഹു. അഗസ്റ്റിനച്ചന്‍ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ ഏവര്‍ക്കും മാതൃകയാണ്‌.

രൂപതാധ്യക്ഷനായ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ ആവശ്യപ്രകാരം അജപാലന രംഗത്ത്‌ പുതിയ ദിശാബോധവും കര്‍മ്മപദ്ധതികളും ആവിഷ്‌കരിക്കുന്നതിനായി രൂപതയുടെ ഉദ്ദേശ്യം, ലക്ഷ്യം, ദൗത്യം, സാധ്യതകള്‍ എന്നിവയെ സംബന്ധിച്ച്‌ ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്‍ അവതരിപ്പിച്ച മാര്‍ഗ്ഗരേഖ ഏവരുടേയും മുക്തകണ്‌ഠമായ പ്രശംസയ്‌ക്ക്‌ അര്‍ഹമായി. രൂപതയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അച്ചന്‍ പങ്കുവെച്ച ദര്‍ശനങ്ങള്‍ അടിസ്ഥാന മാര്‍ഗ്ഗരേഖയായിരിക്കും.

ഷിക്കാഗോ രൂപതയില്‍ അജപാലന ശുശ്രൂഷയ്‌ക്ക്‌ എത്തുന്നതിനു മുമ്പ്‌ കുറവിലങ്ങാട്‌ ദേവമാതാ കോളജ്‌ പ്രിന്‍സിപ്പല്‍, പാലാ സെന്റ്‌ തോമസ്‌ കോളജ്‌ ഇംഗ്ലീഷ്‌ പ്രൊഫസര്‍, ഭരണങ്ങാനം- ചൂണ്ടച്ചേരി സെന്റ്‌ ജോസഫ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ സ്‌പിരിച്വല്‍ ഡയറകടര്‍ എന്നീ നിലകളില്‍ ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്‍ ചെയ്‌തിട്ടുള്ള സേവനങ്ങള്‍ മഹത്തരമാണ്‌. പാലാ സെന്റ്‌ തോമസ്‌ കോളജില്‍ പ്രൊഫസറായിരിക്കെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയില്‍ `മതവും ശാസ്‌ത്രവും' എന്ന വിഷയത്തെ അധികരിച്ച്‌ പ്രബന്ധം അവതരിപ്പിക്കാന്‍ അമേരിക്കയില്‍ എത്താന്‍ സാധിച്ചത്‌ വിദ്യാഭ്യാസ രംഗത്ത്‌ അഗസ്റ്റിനച്ചന്‌ ലഭിച്ച അംഗീകാരമാണ്‌.

ക്രാന്തദര്‍ശിയായ അധ്യാപകന്‍, അജഗണത്തിന്റെ ഹൃദയങ്ങളെ തൊട്ടറിയുന്ന അജപാലകന്‍, വ്യക്തമായ കാഴ്‌ചപ്പാടുകളും ദീര്‍ഘവീക്ഷണവുമുള്ള വ്യക്തിത്വത്തിന്റെ ഉടമ, ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന പെരുമാറ്റ ശൈലി, വാഗ്‌മി, ധ്യാനഗുരു എന്നീ നിലകളിലെല്ലാം ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്‍ പ്രശസ്‌തനാണ്‌. ശാന്തതയും എളിമയും സമഭാവനയുമെല്ലാം ആ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങളാണ്‌, അദ്ദേഹത്തിന്റെ ആഴമായ ആദ്ധ്യാത്മികതയുടെ നിദര്‍ശനങ്ങളാണ്‌. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ പി.എച്ച്‌.ഡിക്ക്‌ ഉടമയായ ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്റെ വിദ്യാഭ്യാസ കാഴ്‌ചപ്പാടുകള്‍ യുവതലമുറയ്‌ക്കും കുട്ടികള്‍ക്കും വലിയ സമ്പത്തായിരിക്കും. വിദ്യാഭ്യാസരംഗത്തും അജപാലന രംഗത്തും ഈടുറ്റ സംഭാവനകള്‍ നല്‍കിയിട്ടുള്ള ബഹുമാനപ്പെട്ട അഗസ്റ്റിനച്ചന്‌ ബഹുമുഖ പ്രതിഭകളായ അനേകം ശിഷ്യഗണങ്ങളുണ്ട്‌; അവര്‍ക്കെല്ലാം അച്ചന്റെ ജീവിതം മാതൃകയും വഴികാട്ടിയുമാണ്‌.

രൂപതാധ്യക്ഷന്റെ ഔദ്യോഗിക ദൈവാലയമായ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റേയും സഹായ മെത്രാനായ മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്റേയും ഇടവകയായി നിലനിര്‍ത്തുമെന്നും രൂപതയിലെ മറ്റ്‌ ഇടവകകള്‍ക്കും മിഷനുകള്‍ക്കും മാതൃ ഇടവകയായി കാത്തുസൂക്ഷിക്കുമെന്നും നിയുക്ത കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ അറിയിച്ചു. 1200-ല്‍ പരം കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ ദൈവാലയത്തിന്റെ പുതിയ വികാരിയായി എത്തുന്ന അഗസ്റ്റിനച്ചന്‌ എല്ലാവിധ ഭാവുകങ്ങളും ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.