You are Here : Home / USA News

ഓണാഘോഷങ്ങള്‍ സിന്‍സിനാറ്റിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 30, 2014 02:57 hrs UTC

സിന്‍സിനാറ്റി, ഹാമില്‍ട്ടണ്‍: മലയാളിത്തനിമ കണ്ട്‌ ആസ്വദിക്കണമെങ്കില്‍ മറുനാടന്‍ മലയാളിയുടെ ഓണാഘോഷങ്ങള്‍ കാണണം. മലയാളനാട്ടില്‍ ഓണം ഇന്ന്‌ ടിവിയില്‍ കണ്ടാസ്വദിക്കുമ്പോള്‍, സ്വന്തം നാടിന്റെ കലയെയും പാരമ്പര്യങ്ങളെയും എന്നും ഗൃഹാതുരത്വ സ്‌മരണകളില്‍ താലോലിക്കുന്ന സിന്‍സിനാറ്റിയിലെ മലയാളി സമൂഹം ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ മലയാളിത്തനിമയില്‍ ചാരുതയോടെ അവതരിപ്പിച്ചത്‌ അത്യന്തം മനോഹരമായിരുന്നു. അതുകൊണ്ടാവാം മാവേലിത്തമ്പുരാന്‍ സെപ്‌റ്റംബര്‍ അവസാനത്തോടെ സിന്‍സിനാറ്റിയില്‍ വന്ന്‌ സന്തോഷിച്ച്‌ ഓണാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നത്‌.

 

മലയാളനാട്ടിലെ ഓണത്തിന്റെ അനുഭൂതിയോടെ , അത്തപ്പൂവിടീലിനു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യ മലയാളികളോടൊപ്പം വിശിഷ്ട അമേരിക്കന്‍ അതിഥികളും രുചിയോടെ ആസ്വദിച്ചപ്പോള്‍, നാട്ടിലെ പഴയ ഓണത്തിന്‍റെ സന്തോഷം വന്നുകൂടിയവര്‍ പങ്കിട്ടു. കഴിഞ്ഞ വര്‍ഷത്തെ കൈരളി പ്രസിഡണ്ട്‌ ആയിരുന്ന സെബാസ്റ്റ്യന്‍ ജോസഫ്‌ തന്റെ സഹധര്‍മ്മിണി ഫിലോ ജോസെഫിനോട്‌ കൂടി നിലവിളക്ക്‌ കൊളുത്തിക്കൊണ്ട്‌ , ഈ വര്‍ഷത്തെ ഓണാഘോഷ കലാവിരുന്നിനു തുടക്കം കുറിച്ചു.

 

പഞ്ചവാദ്യങ്ങളുടെ മേളക്കൊഴുപ്പില്‍, താലപ്പോലിയേന്തിയ മലയാളിമങ്കമാരുടെ അകമ്പടിയോടെ മഹാബലിയുടെ എഴുന്നള്ളത്ത്‌ കഴിഞ്ഞയുടന്‍ , യുവ സുന്ദരികളുടെ തിരുവാതിരകളി നടന്നു. പാരമ്പര്യ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി ഹിന്ദു മുസ്ലീം ക്രിസ്‌ത്യന്‍ മതസൌഹൃദം പ്രകടിപ്പിച്ചുകൊണ്ട്‌ , വാള്‍ പ്പയറ്റും ഒപ്പനയും മാര്‍ഗംകളിയും കുട്ടികള്‍ അവതരീപ്പിച്ചത്‌ മനോഹരമായിരുന്നു. ലിറ്റില്‍ മലയാളി ഡാന്‍സ്‌ സ്റ്റാര്‍ എന്നപേരില്‍ കൊച്ചുകുട്ടികള്‍ അരങ്ങില്‍ വിസ്‌മയം വിതറി. ബോളിവുഡ്‌ ഡാന്‍സുകള്‍, കഥക്‌ നൃത്തങ്ങള്‍, സിനിമാറ്റിക്‌ ഡാന്‍സുകള്‍, സോളോ ഗാനങ്ങള്‍ കൂടാതെ ശാസ്‌ത്രീയ വയലിന്‍ വായനയും ഒരു കൊച്ചു ഡ്രാമയും കൂടി ആയപ്പോള്‍ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ മണിക്കൂര്‍കള്‍ നീണ്ട മനോഹരമായ ആഘോഷമായിരുന്നു. ജാതിമതഭേദമന്യേ സിന്‍സിനാറ്റിയിലും പരിസ്സരത്തുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ അണിനിനിരത്തിക്കൊണ്ട്‌ , നമ്മുടെ വരും തലമുറയ്‌ക്ക്‌ ഓണമെന്താണെന്ന്‌ മനസ്സിലാക്കിക്കൊടുത്തുകൊണ്ട്‌ പ്രസിഡണ്ട്‌ ദീപക്‌ കൃഷ്‌ണന്‍ കലാപരിപാടികള്‍ക്ക്‌ ഹൃദ്യമായ അവതരണ ശൈലി നല്‍കി. സംഘാടകരോടൊപ്പം ഇവിടുത്തെ മലയാളിമനസ്സുകളുടെ ഐക്യവും സഹവര്‍ത്തിത്വവും ഒത്തുചേര്‍ന്നപ്പോള്‍ ഇക്കൊല്ലത്തെ സിന്‍സിനാറ്റിയിലെ ഓണാഘോഷങ്ങള്‍, അടുത്ത ഓണം വരെ മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാനുതകുന്ന ഒരു ആഘോഷമായി പര്യവസ്സാനിച്ചു. മാത്യു ജോയിസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.