You are Here : Home / USA News

ആത്മീയ നിറവില്‍ ഫാ. പോളി തെക്കന്റെ വിശുദ്ധ പൗരോഹിത്യ രജതജൂബിലി ആഘോഷം

Text Size  

Story Dated: Saturday, September 27, 2014 09:44 hrs UTC



ന്യൂജേഴ്‌സി: കേരളത്തില്‍ ജനിച്ച്‌ ഉത്തരേന്ത്യന്‍ മിഷനിലെ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. പോളി തെക്കന്റെ 25-മത്‌ വാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ന്യൂജേഴ്‌സിയിലെ ഫോര്‍ഡിലുള്ള ഔവര്‍ ലേഡി ഓഫ്‌ പീസ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെട്ടു.

രാവിലെ 11 മണിയോടെ ആരംഭിച്ച ഫാ. തെക്കന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷങ്ങളില്‍ രണ്ടായിരത്തിലേറെ വരുന്ന വിവിധ സംസ്‌കാരങ്ങളില്‍ നിന്നെത്തിയവരെ സാക്ഷി നിര്‍ത്തി പുരോഹിതരും, ഡീക്കന്മാരും, സന്യാസിനിമാരും അണിനിരന്ന ആഘോഷചടങ്ങുകള്‍ അങ്ങനെ ഒരു വ്യത്യസ്‌ത പരിപാടിയായി മാറി.

ജൂബിലേറിയന്‍ മുഖ്യകാര്‍മികനായി അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ ഔവര്‍ ലേഡി ഓഫ്‌ പീസ്‌ ദേവാലയ വികാരി മോണ്‍. ആന്‍ഡി, സഹ വികാരി ഫാ. എഡ്‌മണ്ട്‌ ലൂസിയാനോ, സോമര്‍വെല്‍ ഇമ്മാക്കുലേറ്റ്‌ കണ്‍സപ്‌ഷന്‍ ദേവലയ വികാരി മോണ്‍. സീമസ്‌ ബ്രണ്ണന്‍, സെന്റ്‌ തോമസ്‌ അപ്പസ്‌തോല്‍ ദേവാലയ വികാരി മോണ്‍ ബില്‍, വികാരി ജനറാളും മെട്ടച്ചന്‍ കത്തീഡ്രല്‍ വികാരിയുമായ മോണ്‍ സ്‌മോര്‍സ്‌കി, സി.എം.ഐ സഭാ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ തെക്കേടം, കൂടാതെ 55-ഓളം കന്യാസ്‌ത്രീകളും പങ്കെടുത്ത ചടങ്ങ്‌ പ്രിയപ്പെട്ട ഫാ. പോളി തെക്കനുള്ള അഭിനന്ദന പ്രവാഹമായി മാറിയത്‌ സ്വാഭാവികം മാത്രം.

ആവേശവും ആഹ്ലാദവും നിറഞ്ഞ മുഖങ്ങള്‍ ഔത്സുക്യത്തോടെ ഫാ. തെക്കന്‌ ആശംസകള്‍ നേര്‍ന്നു. വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ തേക്കേടം അധികാരത്തിന്റെ അടയാളം അണിയിച്ചതോടെ ഫാ. പോളി തെക്കന്‍ വിശുദ്ധ പൗരോഹിത്യത്തിന്റെ രജതജൂബിലി വര്‍ഷത്തിലേക്ക്‌ ആനയിക്കപ്പെട്ടു.

`പൗരോഹിത്യത്തിലേക്കുള്ള പ്രചോദനം ലഭിച്ചുതുടങ്ങിയപ്പോള്‍, പാലക പുണ്യാളനായി എന്റെ ചിന്തകളിലേക്ക്‌ ആദ്യമെത്തിയത്‌ സെന്റ്‌ പോളായിരുന്നു. എന്റെ ജീവിതത്തില്‍ സെന്റ്‌ പോള്‍ ചെലുത്തിയിട്ടുള്ള സ്വാധീനം വളരെ വലുതാണ്‌'. പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന പോളി തെക്കന്റെ വാക്കുകളാണിത്‌.

അന്യമതസ്ഥരുടെ അപ്പസ്‌തോലന്‍ എന്ന്‌ സ്വയം വിശേഷിപ്പിച്ച്‌, മറ്റുള്ളവരിലേക്ക്‌ സുവിശേഷത്തിന്റെ വചനങ്ങളുമായി കടന്നുചെന്ന സെന്റ്‌ പോളിനെ മാതൃകയാക്കിയായിരുന്നു രോഗികള്‍ക്കും, പീഡിതര്‍ക്കുമിടയിലേക്ക്‌ ഫാ. പോളി തെക്കനും പൗരോഹിത്യത്തിലേക്കുള്ള തന്റെ `സവിശേഷ' വിളിയെ അന്വര്‍ത്ഥമാക്കിയത്‌.

എറണാകുളം -അങ്കമാലി അതിരൂപതയിലെ ചാലക്കുടി പുഷ്‌പഗിരി ഇടവകാംഗം പൈലപ്പന്‍- റോസി ദമ്പതികളുടെ മകനായി 1959-ലായിരുന്നു ജനനം. കുട്ടിക്കാലം മുതല്‍ ദേവാലയവുമായി വളരെ അടുത്ത്‌ ഇടപഴികിയിരുന്ന പോളിയെ പൗരോഹിത്യ സമര്‍പ്പണത്തിലേക്ക്‌ നയിക്കാന്‍ കാരണമായത്‌ മാതാപിതാക്കളുടേയും, വികാരി ഫാ. ഫെലിക്‌സ്‌ വിതയത്തിലിന്റേയും സ്വാധീനമാണെന്ന്‌ ഫാ. പോളി പറഞ്ഞു.

ഇടവകയിലെ വായനശാലയില്‍ നിന്ന്‌ അമ്മ തെരഞ്ഞെടുത്ത്‌ നല്‍കിയ വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ ജീവചരിത്രവും, മദര്‍ തെരേസയുടെ ശുശ്രൂഷകളെക്കുറിച്ച്‌ വികാരി അച്ചന്‍ നല്‍കിയ വിവരണങ്ങളും, പാവപ്പെട്ടവന്റെ കുടുംബത്തില്‍ ജനിച്ചിട്ടും നിശ്ചയദാര്‍ഢ്യവും, സ്ഥിരോത്സാഹവുംകൊണ്ട്‌ അമേരിക്കന്‍ പ്രസിഡന്റ്‌ പദത്തിലെത്തിയ ഏബ്രഹാം ലിങ്കണെ കുറിച്ചുള്ള അറിവും മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായിരുന്ന കൊച്ചു പോളിയുടെ മനസ്സില്‍ കുട്ടികളെ ഏറെ സ്‌നേഹിച്ച, പാവങ്ങളോടും, രോഗികളോടും അനുകമ്പ കാട്ടിയ വിശുദ്ധ ഡോണ്‍ബോസ്‌കോയെപ്പോലെ ഒരു വൈദീനാകണമെന്ന ആഗ്രഹം സാവധാനം ഉടലെടുത്തു.

ഫാ. വിതയത്തിലിന്റെ പ്രേരണയോടെ ഭക്ഷണവും, വസ്‌ത്രവും മറ്റ്‌ അവശ്യസാധനങ്ങളുമെല്ലാം സമാഹരിച്ച്‌ ആവശ്യക്കാര്‍ക്ക്‌ ലഭ്യമാക്കാന്‍ പോളി ഉത്സുകനായി. അള്‍ത്താര ബാലനായും ശുശൂഷ ചെയ്‌ത പോളി പത്താംക്ലാസ്‌ പൂര്‍ത്തിയാക്കി 1975-ല്‍ സി.എം.ഐ സഭയില്‍ വൈദീക വിദ്യാര്‍ത്ഥിയായി. ഭോപ്പാല്‍ മിഷനുവേണ്ടി 1989-ല്‍ സാഗര്‍ ബിഷപ്പ്‌ മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍ നിന്ന്‌ തിരുപ്പട്ടം സ്വീകരിച്ചു. ജാര്‍ഖണ്‌ഡിലെ റാഞ്ചി രൂപതയുടെ ഭാഗമായ ലക്‌ചറാഗല്‍ ഇടവകയിലായിരുന്നു പ്രഥമ നിയമനം.

ഒരുവര്‍ഷത്തെ സേവനത്തിനിടയില്‍ മതബോധന ക്ലാസ്‌, ബൈബിള്‍ പഠനക്ലാസ്‌ എന്നിങ്ങനെയുള്ള ആത്മീയ മുന്നേറ്റം കൂടാതെ സമൂഹ്യമേഖലയിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ ഫാ. പോളി പിന്നീട്‌ മധ്യപ്രദേശിലെ സാഗര്‍ രൂപതയിലേക്ക്‌ ചേക്കേറി. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത പിന്നോക്ക ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലായിരുന്നു സേവനം. തദ്ദേശവാസികളില്‍ നിന്ന്‌ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നതായി ഫാ. പോളി പറഞ്ഞു.

1999-ല്‍ അമേരിക്കന്‍ ശുശ്രൂഷകളിലേക്ക്‌ നിയോഗിക്കപ്പെടുമ്പോള്‍ 1500-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്ന വലിയ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പലായായിരുന്നു എന്നറിയുമ്പോഴാണ്‌ ദൈവാശ്രയബോധത്തോടെയുള്ള ഫാ. പോളിയുടെ പ്രവര്‍ത്തനങ്ങളുടെ മഹത്വം വെളിപ്പെടുന്നത്‌.

`നിങ്ങളോട്‌ മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ നിങ്ങള്‍ മറ്റുള്ളവരോട്‌ പെരുമാറുക' എന്ന തിരുവചനം ആപ്‌തവാക്യമായി സ്വീകരിച്ച ഫാ. പോളിയുടെ സാന്ത്വന വചനങ്ങള്‍ അനേകര്‍ക്കാണ്‌ ആശ്വാസമായത്‌. ഭോപ്പാല്‍ ദൗത്യത്തിനിടയില്‍ ചെളിയും വെള്ളവും നിറഞ്ഞ കാടുകളിലൂടെ മരുന്നുപെട്ടിയും തൂക്കി നടക്കുമ്പോള്‍ അദ്ദേഹം ബാല്യകാലത്തു പഠിച്ച നാലുവരി കവിത ഫാ. പോളി സന്യാസിമാര്‍ക്ക്‌ പറഞ്ഞുകൊടുത്തിരുന്നു.

"Kind hearts are garden
Kind Thoughts are the roots
Kind words are the Flowers
Kind deeds are the fruits'

ഫ്രാന്‍സിസ്‌കന്‍ എലിസബതന്‍ (ഇറ്റലി) സുപ്പീരിയര്‍ സിസ്റ്റര്‍ ജാന്‍സി തെക്കന്‍, സെന്റ്‌ ആന്റണീസ്‌ സന്യാസിനീ സഭാംഗം സിസ്റ്റര്‍ ലിസി പോള്‍, വര്‍ഗീസ്‌ (ഒമാന്‍), ജോയി എന്നിവര്‍ ഫാ. പോളിയുടെ സഹോദരങ്ങളാണ്‌. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.