You are Here : Home / USA News

മഞ്ച് ഓണാഘോഷം അവിസ്മരണീയമായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, September 24, 2014 12:14 hrs UTC


 
ന്യുജഴ്സി . മഞ്ച്, മലയാളി അസോസിയേഷന്‍ ഓഫ് ന്യുജഴ്സിയുടെ ഓണാഘോഷം അവിസ്മരണീയമായി. നട്ലി സെന്റ് മേരീസ് പളളി ഓഡിറ്റോറിയത്തില്‍ 20 ന് ഓണസദ്യയോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന  ഘോഷയാത്രയില്‍ ന്യുയോര്‍ക്ക് മല്ലുബീറ്റ്സിന്‍െറ തോമസ് ഉമ്മന്‍െറ നേതൃത്വത്തില്‍ സോണി പോള്‍, ചെറിയാന്‍, ലിജു, ബോബി രഘു, സെന്‍രാജന്‍, ജോസഫ് മാമ്മന്‍ എന്നിവരും വനിതകളും അടങ്ങുന്ന ടീം അവതരിപ്പിച്ച ശിങ്കാരിമേളം ഹൃദ്യമായി. തോമസ് കൂടാരത്തില്‍ മാവേലിയായി ചമയമണിഞ്ഞ് പ്രൌഢഗംഭീരമായി പ്രസംഗിക്കുകയും ചെയ്തു.

മഞ്ച് വനിതകള്‍ അവതരിപ്പിച്ച തിരുവാതിരയെ തുടര്‍ന്ന് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും കോറിയോഗ്രാഫറും ക്ലാസിക്കല്‍ ഡാന്‍സും സിനിമ, സീരിയല്‍, മോഡലിംഗ് രംഗത്തെ മികവുറ്റ പ്രതിഭയുമായ മൈഥിലി റോയി അവതരിപ്പിച്ച മോഹിനിയാട്ടം ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. ക്ലാസിക്കല്‍, വെസ്റ്റേണ്‍, നാടോടി നൃത്തം, കളരിപ്പയറ്റ്, കഥക്, കേരള നടനം, സാല്‍സ, ഹിപ്ഹോപ്പ്, ജാസ്, ബാലേ, ജീവ് എന്നിവയ്ക്കൊപ്പം വിവിധ ബോളിവുഡ് സ്റ്റൈലുകളിലും വിവിധ അക്കാഡമിക് സ്ഥാപനങ്ങളില്‍ നിന്ന് വിദഗ്ദ്ധ പരിശീലനം നേടിയിട്ടുളള മൈഥിലി റോയിയുടെ നൃത്താവതരണം കാഴ്ചയ്ക്ക് വിരുന്നായി. യെസ് യുവര്‍ ഓണര്‍, സുഭദ്രം സിനിമകളിലും മികച്ച അഭിനയത്തിലൂടെ ശ്രദ്ധേയയായിരുന്നു ഈ കലാകാരി.

അമേരിക്കന്‍ മലയാളി ഗായിക കാര്‍ത്തിക ഷാജിയും ന്യുജഴ്സിയില്‍ നിന്നുളള പ്രശസ്ത ഗായകന്‍ ജോഷിയും സ്വരമാധുരി തീര്‍ത്ത ഗാനമേളയും മഞ്ച് ആഘോഷങ്ങളുടെ പ്രത്യേകതയായി.

പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ സാന്നിധ്യം കൊണ്ട് പ്രൌഢമായ പൊതുസമ്മേളനവേദിയില്‍ സെക്രട്ടറി ഉമ്മന്‍ചാക്കോ സ്വാഗതം  പറഞ്ഞു.

പ്രസിഡന്റ് ഷാജി വര്‍ഗീസ് അധ്യക്ഷ പ്രസംഗത്തില്‍ ഉദ്ഘാടകനായ പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാ. മാത്യു കുന്നത്ത് സമൂഹത്തിന് ചെയ്യുന്ന സേവന പ്രവര്‍ത്തികളെ പ്രശംസിച്ചു. മനുഷ്യത്വത്തിലൂന്നിയ സഹോദര സ്നേഹത്തിന്‍െറ പ്രഘോഷകനെന്ന നിലയില്‍ ജാതിമത വ്യത്യാസമില്ലാതെ കേരളത്തിലും അമേരിക്കയിലുമുളള അശരണര്‍ക്കായി അച്ചന്‍ ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു. നാമം പ്രസിഡന്റ് മാധവന്‍നായരുടെ സേവനത്തെയും പ്രസിഡന്റ് പരാമര്‍ശിച്ചു.

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നല്‍കിയ ഫാ. മാത്യു കുന്നത്ത്, സമുദായങ്ങളിലും സമൂഹത്തിലും പരസ്പര സ്നേഹത്തിന്‍െറയും സൌഹാര്‍ദത്തിന്‍െറയും വക്താക്കളായി നഷ്ട സൌഹൃദങ്ങള്‍ വീണ്ടെടുക്കേണ്ടത് ഈ ഓണക്കാലത്ത് എല്ലാവരും വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതിന്‍െറ ആവശ്യകത എടുത്തുപറഞ്ഞു.

ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പളളില്‍, ഫൊക്കാന വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, നാമം പ്രസിഡന്റ് ബി. മാധവന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സുജാ ജോസ് എംസിയായിരുന്നു. ഗിരീഷ് നായരും ഷൈനി രാജുവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്സായിരുന്നു. സജിമോന്‍ ആന്റണി കൃതജ്ഞത പറഞ്ഞു.

ന്യുയോര്‍ക്ക്, ന്യുജഴ്സി മേഖലകളിലെ സാമൂഹ്യ നേതാക്കള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. കേരള കള്‍ച്ചറല്‍ ഫോറത്തെ പ്രതിനിധീകരിച്ച് ടി. എസ്. ചാക്കോ, ജോയി ചാക്കപ്പന്‍ (പ്രസിഡന്റ്), ദാസ് കണ്ണംകുഴിയില്‍, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജെയിംസ് എളംപുരയിടം, ലിസി അലക്സ്, കുര്യാക്കോസ് തര്യന്‍, ഫൊക്കാനയില്‍ നിന്നും ലീലാ മാരേട്ട്. വേള്‍ഡ് മലയാളി കൌണ്‍സിലിനെ പ്രതിനിധീകരിച്ച് ആന്‍ഡ്രൂ പാപ്പച്ചന്‍, കേരള അസോസിയേഷന്‍ ന്യുജഴ്സിയില്‍ നിന്നും പ്രസിഡന്റ് ജോ. പണിക്കര്‍ എന്നിവരും വിവിധ പ്രസ്ഥാനങ്ങളെയും മറ്റും പ്രതിനിധീകരിച്ച് ഫാ. ഷിബു ഡാനിയല്‍, ഫാ. ജറോം, ഫാ. വിജയ് തോമസ്, ഫാ. ജേക്കബ് ക്രിസ്റ്റി എന്നിവരും പങ്കെടുത്തു.

ഇരുപതിലേറെ വിഭവങ്ങളുമായി സ്വാദിഷ്ഠമായ ഓണസദ്യയാണ് മഞ്ച് ഒരുക്കിയത്.

ശിങ്കാരിമേളവും തിരുവാതിരകളിയും മാവേലി എഴുന്നളളത്തുമൊക്കെ അണിചേര്‍ന്ന ഘോഷയാത്രയ്ക്കൊപ്പം, കലാപരിപാടികള്‍, ചെണ്ടമേളം, നൃത്തനൃത്യങ്ങള്‍, മഹാബലിയുടെ എഴുന്നളളത്ത്, കൈകൊട്ടിക്കളി, ഗാനമേള, വളളംകളി, തിരുവാതിരകളി തുടങ്ങിയ കലാവിരുന്നുകളും നിറപ്പകിട്ടേകിയ മഞ്ച് ഓണം അതീവ ഹൃദ്യമായി. അഞ്ഞൂറിലേറെ പേര്‍ പരിപാടികളില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.