You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 22, 2014 08:48 hrs UTC

 

 

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട വൈദീകരുടെ സമ്മേളനം 2014 സെപ്‌റ്റംബര്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഷിക്കാഗോ ടെക്‌നി ടവേഴ്‌സ്‌ സെന്ററില്‍ വെച്ച്‌ നടക്കും. 22-ന്‌ തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ആരംഭിക്കുന്ന പ്രസ്‌തുത സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഉദ്‌ഘാടനം ചെയ്യും.

ലോക കുടുംബ സമ്മേളനം 2015 സെപ്‌റ്റംബര്‍ 22 മുതല്‍ 27 വരെ തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍, രൂപതയിലെ കുടുംബങ്ങളുടെ ആത്മീയ നവീകരണം ലക്ഷ്യംവെച്ചുള്ള ക്ലാസുകളും ചര്‍ച്ചകളുമാണ്‌ വൈദീക സമ്മേളനം വിഭാവനം ചെയ്‌തിരിക്കുന്നത്‌. 'സ്‌നേഹം നമ്മുടെ ദൗത്യം: സജീവ കുടുംബം' എന്നതാണ്‌ ലോക കുടുംബ സമ്മേളനത്തിന്റെ പ്രമേയം. സ്‌നേഹം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ സമൂഹത്തിന്റേയും സഭയുടേയും ഭദ്രമായ അടിത്തറയാണ്‌. ഈ ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ രൂപതയുടെ കുടുംബ പ്രേക്ഷിത രംഗത്ത്‌ വരുത്തേണ്ട സവിശേഷ ശ്രദ്ധാവിഷയങ്ങള്‍ ഈ സമ്മേളനത്തില്‍ ഉരുത്തിരിയും.

ബാംഗ്ലൂര്‍ കര്‍മ്മലാരം തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രൊഫസറായ റവ.ഡോ. മാത്യൂ ചൂരപ്പന്തിയില്‍ ഒ.ഡി.സി, എറണാകുളം അങ്കമാലി അതിരൂപതാ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്‌ടര്‍ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്‌, ടൊറന്റോ സീറോ-മലബാര്‍ മിഷനുകളുടെ ഡയറക്‌ടര്‍ റവ.ഡോ. ജോസ്‌ കല്ലുവേലില്‍ എന്നിവര്‍ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും. ഷിക്കാഗോ രൂപതയിലെ കുടുംബ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്‌തമായ തലങ്ങളും അവയുടെ ഉദ്ദേശം, ലക്ഷ്യം, ദൗത്യം, സാധ്യതകള്‍ എന്നിവയെ ക്കുറിച്ച്‌ റവ.ഫാ. പോള്‍ ചാലിശേരി വിഷയാവതരണം നടത്തും.

രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന അമ്പത്‌ വൈദീകര്‍ പങ്കെടുക്കുന്ന സമ്മേളനം 25-ന്‌ വ്യാഴാഴ്‌ച ഉച്ചയോടെ സമാപിക്കും. 26-ന്‌ വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക്‌ ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ വൈദീക സമ്മേളനത്തിനെത്തുന്ന ബ. അച്ചന്മാരെല്ലാവരും പങ്കെടുക്കും. 27-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കുന്ന സീറോ മലബാര്‍ സഭയുടെ നിയുക്ത മെത്രാന്‍ മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങില്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന 57 വൈദീകര്‍ പങ്കെടുക്കും. വൈദീക സമ്മേളനത്തിലും മെത്രാഭിഷേക കര്‍മ്മത്തിലും പങ്കെടുക്കാനായി രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും എത്തിച്ചേരുന്ന വൈദീകര്‍ക്ക്‌ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.